തിരുവനന്തപുരം: ആസ്തിബാദ്ധ്യതാ വിവരങ്ങൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിന് പട്ടാമ്പി മുനിസിപ്പാലിറ്റിയിലെ 28 അംഗങ്ങളിൽ 24 പേരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി. ഭാസ്കരൻ അയോഗ്യരാക്കി. ഇതോടെ മുനിസിപ്പാലിറ്റി ആക്ടിലെ 64-ാം വകുപ്പ് പ്രകാരം പട്ടാമ്പി മുനിസിപ്പൽ കൗൺസിലിനെ പിരിച്ചുവിടേണ്ട സ്ഥിതിയായി. ഇടതു വലതുമുന്നണികളിലും ബി.ജെ.പിയിലുമുള്ള അംഗങ്ങൾ അയോഗ്യരാക്കപ്പെട്ടവരിലുണ്ട്. ഇതാദ്യമായാണ് ആസ്തിവിവരം നൽകാത്തതിന്റെ പേരിൽ ഒരു മുനിസിപ്പിൽ കൗൺസിൽ ഇല്ലാതാകുന്നത്.

കേരള മുനിസിപ്പാലിറ്റി ആക്ടിലെ സെക്ഷൻ 143എ പ്രകാരം ചുമതലയേറ്റ് 30 മാസത്തിനുള്ളിൽ നിശ്ചിത ഫാറത്തിൽ ആസ്തി - ബാദ്ധ്യതാ വിവരങ്ങൾ ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ള കൊച്ചിയിലെ അർബൻ അഫയേഴ്സ്‌ മേഖലാ ജോയിന്റ് ഡയറക്ടർക്ക് സമർപ്പിക്കണം. 2015 നവംബർ ലാണിവർ ചുമതലയേറ്റത്. കേരള മുനിസിപ്പാലിറ്റി ആക്ട് സെക്ഷൻ 91(പി) പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നടപടി. ഉമ്മർ പാലത്തിങ്കൽ, മണികണ്ഠൻ കെ.സി, കെ.വി.എ. ജബ്ബാർ, കുഞ്ഞുമുഹമ്മദ് റഷീദ്, മുഷ്താഖ് അബ്ദുൽ നസീർ, എ.കെ. അക്ബർ, അബ്ദുൽ ഹക്കീം റാസി, കെ. ബഷീർ, ബൾക്കീസ്, വിനീത ഗിരീഷ്, മുനീറ, ജയലേഖ.കെ, കൃഷ്ണവേണി, ഗിരിജ, സുനിത. പി.പി, ആമിന, ഷീജ, സംഗീത, സുബ്രഹ്മണ്യൻ. പി, റഹ്നാ. ബി, എം.വി. ലീല, എൻ.മോഹനസുന്ദരൻ, ഗീത. പി, കെ.സി. ഗിരിഷ് എന്നിവർക്കാണ് അംഗത്വം നഷ്ടപ്പെട്ടത്. മുനിസിപ്പൽ കൗൺസിലർമാരായ കെ.സി. ഗിരിഷ്, പി.ഗോപാലൻ, കെ. പ്രകാശൻ, ഇർഷാദ്. സി.എം, ജിതീഷ്, എം. അസീസ്, എം. കെ. സുന്ദരൻ, എ.പി. കൃഷ്ണവേണി എന്നിവർ നൽകിയ പരാതി പരിഗണിച്ചാണ് കമ്മീഷന്റെ നടപടിയുണ്ടായത്.