rassalam

പാറശാല: മാതൃകാ കർഷകനായ ചെറുവാരക്കോണം ആത്മനിലയം നഴ്‌സറി ഉടമ എസ്.ജെ.റസാലത്തിന്റെ മൃതദേഹം ആത്മനിലയം ഗാർഡൻ വളപ്പിൽ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സംസ്കരിച്ചു.

ആബ്സ് മെമ്മോറിയൽ ചർച്ച് വൈദികൻ ഫാ.ഗിൽബർട്ട് ജോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്കായിരുന്നു ചടങ്ങുകൾ . 93 -ാം വയസിലും കൃഷിയിൽ വ്യാപൃതനായിരുന്നു റസാലം. 20 ഏക്കറോളം വസ്തുവിലെ നഴ്‌സറിയിൽ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി 7.30 നായിരുന്നു അന്ത്യം. സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള അവാർഡ് ഉൾപ്പെടെ കൃഷിയിലും തേനീച്ച വളർത്തലിലും നിരവധി അവാർഡുകൾക്ക് അർഹനായിട്ടുണ്ട്. ഭാര്യ ലളിതാബായി , മക്കളായ ആർ.ജയകുമാർ, ആർ.ചന്ദ്രലാൽ എന്നിവരുടെ നേതൃത്വത്തിൽ ആണ് നഴ്‌സറിയുടെ പ്രവർത്തനങ്ങൾ തുടരുന്നത്.

ബിഷപ്പ് ധർമ്മരാജ് റസാലത്തിനുവേണ്ടി സെക്രട്ടറി ഫാ.പോൾസൺ, സി.എസ്.ഐ. മഹാഇടവക വൈസ് ചെയർമാൻ ഫാ.ജ്ഞാനദാസ്, എം.എൽ.എ മാരായ സി.കെ.ഹരീന്ദ്രൻ, കെ.ആൻസലൻ, മുൻ എം.എൽ.എ എ.ടി.ജോർജ്, കാർഷിക സർവ്വകലാശാല മുൻ ഡയറക്ടർ ഡോ.ഹേലി , മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും മുൻ ഡി.ജി.പി.യുമായ രമൺശ്രീവാസ്തവ തുടങ്ങിയവർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ഫോട്ടോ: ആത്മനിലയം നഴ്‌സറി ഉടമ എസ്.ജെ.റസാലം.