തിരുവനന്തപുരം: കേരളബാങ്ക് രൂപീകരണം സംബന്ധിച്ച് റിസർവ് ബാങ്കുമായി നടത്തിയ ചർച്ചയിൽ അനുകൂല പ്രതികരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നബാർഡുമായി നടന്ന ചർച്ചകൾക്ക് ശേഷമാണ് കേരളസംഘം മുംബയിലെത്തി റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എൻ.എസ്. വിശ്വനാഥനുമായി ചർച്ച നടത്തിയത്.

ജില്ലാ ബാങ്കുകളുടെ ലയനം സംബന്ധിച്ച് ആശയകുഴപ്പമില്ലെന്ന പ്രതികരണമാണ് നബാർഡ് വ്യക്തമാക്കിയത്. ജില്ലാ ബാങ്കിന്റെ പ്രത്യേക ജനറൽ ബോഡി യോഗത്തിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണമെന്ന നിയമവ്യവസ്ഥ സംസ്ഥാന നിയമസഭ ഭേദഗതി ചെയ്‌ത് കേവലഭൂരിപക്ഷം മതിയെന്നാക്കിയിരുന്നു. ഇത് തത്വത്തിൽ നബാർഡ് അംഗീകരിച്ചു. ഇതോടെ,​ കേരളബാങ്ക് രൂപീകരിക്കാനുള്ള വലിയൊരു പ്രതിസന്ധി അതിജീവിക്കാനായി. സംസ്ഥാന നിയമമനുസരിച്ചാണ് ജില്ലാ ബാങ്കുകൾ പ്രവർത്തിക്കുന്നതെന്ന സംസ്ഥാനസർക്കാർ നിലപാടും നബാർഡ് അംഗീകരിച്ചു. ഇതോടെ മലപ്പുറം ജില്ലാബാങ്ക് ഒഴികെയുള്ളവ സംസ്ഥാന സഹകരണ ബാങ്കിലും അതിന്റെ തുടർച്ചയായി കേരളബാങ്കിലും ലയിക്കുന്നതിന് അംഗീകാരമായി. മറ്റ് നടപടികൾ പൂർത്തിയാകുന്നതോടെ കേരളബാങ്ക് യാഥാർത്ഥ്യമാകും. റിസർവ് ബാങ്കുമായി നടത്തിയ കൂടിക്കാഴ്‌ചയുടെ വിശദാംശങ്ങൾ പിന്നീട് വ്യക്തമാക്കുമെന്ന് മന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ടോംജോസ്, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കേരളബാങ്ക് രൂപീകരണത്തെ മലപ്പുറം ഒഴികെയുള്ള ജില്ലാബാങ്കുകൾ കേവല ഭൂരിപക്ഷത്തോടെ പിന്തുണച്ചിരുന്നു. സംസ്ഥാനത്തെ മൊത്തം സഹകരണബാങ്ക് പ്രതിനിധികളിൽ 68 ശതമാനം പേരും കേരളബാങ്കിന് അനുകൂലമായ നിലപാടാണെടുത്തത്.