തിരുവനന്തപുരം: മിസോറം ഗവർണർ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് തലസ്ഥാനത്ത് ബി. ജെ. പി പ്രവർത്തകർ വൻ സ്വീകരണം നൽകി. രാവിലെ തിരുവനന്തപുരത്ത് വിമാനമിറങ്ങിയ കുമ്മനത്തെ പ്രവർത്തകർ സ്വീകരിച്ചാനയിച്ച് റോഡ് ഷോയുടെ അകമ്പടിയോടെയാണ് പാർട്ടി കാര്യാലയത്തിൽ എത്തിച്ചത്. വഴിനീളെ ബി.ജെ.പി പ്രവർത്തകർ അഭിവാദ്യം നേരാൻ കാത്തുനിന്നിരുന്നു.
രാവിലെ 8.30ന് അന്താരാഷ്ട്ര വിമാനത്താളത്തിൽ കുമ്മനം എത്തുമെന്ന് അറിഞ്ഞ് നിരവധി പ്രവർത്തകരാണ് ജില്ലയിലെമ്പാടും നിന്ന് എത്തിയത്. 'രാജേട്ടന് അനന്തപുരിയിലേക്ക് സ്വാഗതം' എന്ന പ്ലക്കാർഡും കൊടികളുമേന്തിയാണ് പ്രവർത്തകർ എത്തിയത്. 9.30ന് കുമ്മനം വിമാനത്താവളത്തിന് പുറത്ത് എത്തിയപ്പോൾ പ്രവർത്തകർ ആവേശഭരിതരായി. സുരക്ഷാ ജീവനക്കാർ വളരെ പണിപ്പെട്ടാണ് വാഹനത്തിന് അടുത്തേക്ക് കുമ്മനത്തെ എത്തിച്ചത്.
മുദ്രാവാക്യം വിളികളും വാദ്യമേളങ്ങളും മുഴങ്ങവേ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയും ഒ.രാജഗോപാൽ എം.എൽ.എയും താമരമാലയും തലപ്പാവും അണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു. മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ശേഷം പ്രത്യേകം തയ്യാറാക്കിയ തുറന്ന ജീപ്പിലേക്ക് ജില്ലാ പ്രസിഡന്റ് എസ് സുരേഷിനൊപ്പം കയറി.
ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പേട്ട, ജനറൽ ആശുപത്രി ജംഗ്ഷൻ, സ്റ്റാച്യു, ഓവർബ്രിഡ്ജ് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ എത്തി. ശബരിമല മുൻ മേൽശാന്തി ഗോശാല വിഷ്ണുവാസുദേവൻ നമ്പൂതിരി താമരമാല അണിയിച്ച് കുമ്മനത്തെ സ്വീകരിച്ചു. നാളികേരം ഉടച്ച് ദർശനം നടത്തി പ്രസാദവും വാങ്ങി പുറത്തെത്തിയ കുമ്മനം രാജശേഖരൻ സ്വീകരണത്തിന് നന്ദി അറിയിച്ചു. പ്രവർത്തകർ കുമ്മനം രാജശേഖരന് ആറന്മുള കണ്ണാടി സമ്മാനിച്ചു. തുടർന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് അദ്ദേഹം പുറപ്പെട്ടു.
ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ജി.മാധവൻ നായർ, പൊലീസ് മുൻ മേധാവി ടി.പി സെൻകുമാർ, ചലച്ചിത്ര സംവിധായകരായ രാജസേനൻ, വിജിതമ്പി, ബി.ജെ.പി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ ക്യഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന സെക്രട്ടറിമാരായ സി.ശിവൻകുട്ടി, ജെ.ആർ പത്മകുമാർ, വക്താവ് എം.എസ് കുമാർ, എൻ.ഡി.എ ഘടകക്ഷി നേതാക്കളായ കുരുവിള മാത്യൂസ്, വി.വി രാജേന്ദ്രൻ, പട്ടികജാതി മോർച്ച സംസ്ഥാന പ്രസിഡന്റ് പി.സുധീർ, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.