മാഡ്രിഡ് : ഒറ്റക്കിരീടം പോലുമില്ലാത്ത സീസൺ എന്ന നാണക്കേടിൽ മുങ്ങിയ സ്പാനിഷ് ക്ളബ് റയൽമാഡ്രിഡ് ഒടുവിൽ രക്ഷയ്ക്കായി സാക്ഷാൽ സിനദിൻ സിദാനെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചുവിളിച്ചു. കോച്ചിന്റെ കുപ്പായത്തിൽ മൂന്ന് സീസൺ തികച്ചുണ്ടായിരുന്നില്ലെങ്കിലും തുടർച്ചയായ മൂന്ന് യുവേഫ ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ ഒൻപത് കിരീടങ്ങൾ റയലിന്റെ ഷോക്കേയ്‌സിലെത്തിച്ച സിദാൻ ഒൻപത് മാസത്തിന് ശേഷമാണ് റയൽ മാഡ്രിഡിലേക്ക് മടങ്ങിയെത്തുന്നത്.
യൂറോപ്യൻ ഫുട്ബാളിൽ കുറച്ച് സീസണുകളായി രാജപദവിയിലായിരുന്ന റയലിൽനിന്ന് കഴിഞ്ഞ സീസണിനൊടുവിൽ രണ്ട് മഹാരഥൻമാരാണ് പടിയിറങ്ങിയത്. കോച്ച് സിദാനും സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ഇതോടെ പുതിയ സീസണിൽ റയലിന്റെ തനിനിറം വെളിയിൽ വന്നു. ലാലിഗയിൽ തുടർ പരാജയങ്ങളിലൂടെ ആദ്യസ്ഥാനം കിട്ടാക്കനിയായി. ചാമ്പ്യൻസ് ലീഗിൽ ആദ്യപാദ പ്രീക്വാർട്ടറിൽ ജയിച്ചിട്ടും രണ്ടാംപാദത്തിൽ അയാക്‌സിനാൽ അട്ടിമറിക്കപ്പെട്ടു. സ്പാനിഷ് ലീഗ് കപ്പിന്റെ സെമിയിലുൾപ്പെടെ ബാഴ്സലോണയുമായുള്ള എൽ ക്ളാസിക്കോ മത്സരങ്ങളിൽ തോറ്റ് തുന്നംപാടി. ഇതോടെയാണ് സിദാന് ശേഷമെത്തിയ രണ്ടാമത്തെ കോച്ച് സ്കൊളാരിയെ മാറ്റാനും സിദാനെ തിരിച്ചുവിളിക്കാനും റയൽ മാഡ്രിഡ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ് തീരുമാനിച്ചത്. സിദാന് പകരക്കാരനായി ലെപ്ടോഗുയിയെയാണ് റയൽ ആദ്യം പരിശീലകനാക്കിയിരുന്നത്. എന്നാൽ പാതിവഴിയിൽ അദ്ദേഹത്തിന്റെ കസേര തെറിക്കുകയായിരുന്നു.
തീർത്തും അപ്രതീക്ഷിതമായാണ് കഴിഞ്ഞ മേയിൽ സിദാൻ റയലിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞത്. ഇതുവരെ മറ്റൊരു ക്ളബിലേക്ക് ചേക്കാറാനും സിദാൻ ഒരുക്കമായിരുന്നില്ല. ക്രിസ്റ്റ്യാനോയെ വിൽക്കുന്നതിലും പകരം താൻ ഉദ്ദേശിച്ച താരങ്ങളെ വാങ്ങുന്നതിലും ക്ളബ് മാനേജ്മെന്റുമായുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് സിദാൻ റയൽ വിട്ടതെന്ന് സൂചനയുണ്ടായിരുന്നു. ഇപ്പോൾ ക്ളബ് പ്രസിഡന്റ് നേരിട്ട് ആവശ്യപ്പെട്ടപ്പോൾ തിരിച്ചുവരാൻ സിദാൻ സമ്മതിക്കുകയായിരുന്നു.
2022 ജൂൺവരെ പരിശീലകനായി സിദാന് റയൽ കരാർ നൽകിയിട്ടുണ്ട്. മാത്രവുമല്ല താരങ്ങളെ വാങ്ങുന്നതിലും മറ്റും കൂടുതൽ സ്വാതന്ത്ര്യവും നൽകിയിട്ടുണ്ട്. ഏദൻ ഹസാഡ്, പോൾ പോഗ്ബ തുടങ്ങിയ താരങ്ങളെയാണ് സിദാൻ റയലിലേക്ക് വലയെറിയുന്നതെന്ന് സൂചനയുണ്ട്. അതേസമയം ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു തിരിച്ചുവരവിനാണ്; ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ.
റയലിന്റെ സ്വന്തം സിസു
. 2001 മുതൽ പ്രൊഫഷണൽ കരിയറിനോട് വിട ചൊല്ലി 2006 വരെ റയൽ മാഡ്രിഡ് ടീമിന്റെ നട്ടെല്ലായിരുന്നു സിസു എന്ന് വിളിപ്പേരുള്ള സിദാൻ.
. 2014 ൽ റയലിന്റെ അക്കാഡമി പരിശീലകനായാണ് കോച്ചിംഗ് കരിയർ തുടങ്ങിയത്.
. 2016 ലാണ് റാഫേൽ ബെനിറ്റ്സിന് പകരക്കാരനായി റയലിന്റെ മുഖ്യപരിശീലകനാകുന്നത്.
. സ്ഥാനമേറ്റ ആദ്യ സീസണിൽത്തന്നെ ചാമ്പ്യൻസ് ലീഗ് കിരീടം തുടർന്ന് രണ്ട് സീസണുകളിലും യൂറോപ്യൻ ചാമ്പ്യൻമാർ.
സിദാന്റെ കിരീടങ്ങൾ
ചാമ്പ്യൻസ് ലീഗ് : 2015-16, 16-17, 17-18
യുവേഫ സൂപ്പർ കപ്പ് : 2016, 17
ക്ളബ് ലോകകപ്പ് 2016-17
സ്പാനിഷ് സൂപ്പർ കപ്പ് : 2017
കഴിഞ്ഞവർഷം റയലിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ തിരിച്ചുവരുന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല. ഇപ്പോൾ ക്ളബ് പ്രസിഡന്റ് വിളിച്ചു. ഒന്നുമാലോചിക്കാതെ യെസ് എന്ന് മറുപടിയും നൽകി. റയൽ വിളിച്ചാൽ ആ വിളി കേൾക്കാതിരിക്കാനാവില്ല.
സിനദിൻ സിദാൻ