തിരുവനന്തപുരം : എഴുത്തുകാരനും വാഗ്മിയും ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ മുൻ മഠാധിപതിയുമായ സ്വാമി പ്രശാന്താനന്ദ മഹാരാജ് സമാധിയായി. എൺപത് വയസായിരുന്നു അദ്ദേഹത്തിന്. ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ ഉച്ചയ്‌ക്ക് 2.30ന് ശാസ്തമംഗലത്തെ ശ്രീരാമകൃഷ്ണ ആശ്രമത്തിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് രണ്ട് വർഷത്തോളമായി അദ്ദേഹം കിടപ്പിലായിരുന്നതായി മഠാധികൃതർ പറയുന്നു. 1973ലാണ് സ്വാമി പ്രശാന്താനന്ദ മഹാരാജ് സ്വാമി വിരേശ്വരാനന്ദയിൽ നിന്ന് സന്യാസം സ്വീകരിച്ചത്. അഞ്ച് വർഷത്തോളം തൃശൂർ പുറനാട്ടുകരയിലെ ശ്രീരാമകൃഷ്ണ ആശ്രമത്തിന്റെ മുൻ മഠാധിപതിയായി സേവനം അനുഷ്ഠിച്ചശേഷം ശാസ്‌തമംഗലത്തെ ആശ്രമത്തിന് കീഴിലുള്ള ഗ്രാമീണ ആരോഗ്യ കേന്ദ്രങ്ങളുടെ ചുമതല വഹിക്കുകയായിരുന്നു. പൂർവാശ്രമത്തിൽ നാരായണൻ എന്നായിരുന്നു സ്വാമിയുടെ പേര്. കോട്ടയം പാലാ മുത്തോലി പാലമറ്റം കുടുംബത്തിലെ കേളൻ - പാപ്പിയമ്മ ദമ്പതികളുടെ മകനാണ്. ആകാശവാണിയിൽ ഏറെനാൾ സുഭാഷിതം പരിപാടിയുടെ അവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്. ശിവഗിരി മഠാധിപതിയായിരുന്ന ബ്രഹ്മാനന്ദ സ്വാമിയുടെ സഹോദരനാണ്. മറ്റ് സഹോദരങ്ങൾ: ലക്ഷ്മി, ഗൗരി, ഭവാനി, ഭാർഗവി.