തർക്കം രൂക്ഷം, നേതാക്കൾ ഡൽഹിക്ക്
തിരുവനന്തപുരം: സംസ്ഥാന ബി.ജെ.പിയിൽ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ഉന്നത നേതാക്കളുടെ പോര് രൂക്ഷമായത് അനിശ്ചിതത്വം വർദ്ധിപ്പിച്ചെണെങ്കിലും സ്ഥാനാർത്ഥി പ്രഖ്യാപനം ഈയാഴ്ചയോടെ ഉണ്ടാവും.
ഡൽഹിയിൽ കേന്ദ്രകമ്മിറ്റിയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കേണ്ടത്. അതിന് മുന്നോടിയായി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ.പി.എസ്. ശ്രീധരൻ പിള്ളയെയും സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി ഗണേശിനെയും ഡൽഹിക്ക് വിളിപ്പിച്ചു. ഈയാഴ്ച ഡൽഹിയിലെത്താനാണ് നിർദ്ദേശം. കൃത്യമായ ദിവസം അടുത്ത ദിവസം അറിയിക്കും.
സംസ്ഥാന കോർകമ്മിറ്റി അംഗീകരിച്ച പാനലിലെ പേരുകളെ ചൊല്ലി ഔദ്യോഗിക നേതൃത്വവും സുരേന്ദ്രനെ അനുകൂലിക്കുന്നവരും തമ്മിൽ ചേരിതിരിഞ്ഞാണ് തർക്കം മുറുകിയത്. മൂന്ന് മേഖലകളിലായി നേതൃത്വം നടത്തിയ അഭിപ്രായ രൂപീകരണത്തിൽ പത്തനംതിട്ട ഉൾപ്പെടെ നാല് മണ്ഡലങ്ങളിൽ ശ്രീധരൻപിള്ള ഒന്നാമതായിട്ടും അതിനെതിരെ മറുവിഭാഗം അപവാദം പ്രചരിപ്പിക്കുന്നുവെന്ന് പിള്ളയെ അനുകൂലിക്കുന്നവർ ആരോപിക്കുന്നു. എന്നാൽ പത്തനംതിട്ടയിലും തൃശൂരിലും സുരേന്ദ്രന് മുൻതൂക്കം കിട്ടിയിട്ടും തഴയാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികളുടെ ആക്ഷേപം. ആരോപണ - പ്രത്യാരോപണങ്ങൾ കൊഴുക്കുന്നതിനിടെയാണ് നേതാക്കൾ ഡൽഹിക്ക് പോകുന്നത്.
അതിനിടെ, കോട്ടയത്തെ കോർകമ്മിറ്റി യോഗവുമായി ബന്ധപ്പെട്ട് ഇന്നലെ മാദ്ധ്യമങ്ങളിൽ സംസ്ഥാന അദ്ധ്യക്ഷനെ ഇകഴ്‌ത്തുന്ന റിപ്പോർട്ടുകൾ വന്നത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി സംസ്ഥാനകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇങ്ങനെ പത്രക്കുറിപ്പിറക്കുന്നതും അസാധാരണമാണ്.
കോട്ടയത്ത് അഖിലേന്ത്യാ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന സ്ഥാനാർത്ഥി നിർണയ യോഗം അഭിപ്രായ രൂപീകരണത്തിൽ കിട്ടിയ ലിസ്റ്റിലെ പേരുകൾ പരിശോധിച്ച് സാധ്യതാ പട്ടിക ഏകകണ്ഠമായി കേന്ദ്രകമ്മിറ്റിക്ക്
ശുപാർശ ചെയ്യുകയായിരുന്നു. മാദ്ധ്യമങ്ങളിൽ വന്ന ഭൂരിപക്ഷം പേരുകളും വാർത്തകളും വസ്തുതാപരമല്ല. സ്ഥാനാർത്ഥികളെ കണ്ടെത്താൻ ബി.ജെ.പി നടത്തിയ അഭിപ്രായ രൂപീകരണ യോഗത്തിൽ സംസ്ഥാന അദ്ധ്യക്ഷന്റെ പേര് ഒട്ടേറെ മണ്ഡലങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ അദ്ദേഹത്തെ ഇകഴ്ത്തിക്കാട്ടി ചില മാദ്ധ്യമങ്ങൾ നൽകിയ വാർത്തകൾ ശുദ്ധകളവും ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണ്. സംസ്ഥാനകമ്മിറ്റി ശുപാർശ ചെയ്ത പേരുകളിൽ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. ഇതിനിടയിൽ നിർദ്ദേശിക്കപ്പെട്ട സാദ്ധ്യതാ പട്ടികയിലെ ഒന്നാം പേരുകാർക്ക് ജനസമ്പർക്കവും മറ്റ് അനൗപചാരിക പ്രചരണങ്ങളും നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കി.