uefa-champions-league
uefa champions league

ബാഴ്സലോണ Vs ഒളിമ്പിക് ലിയോൺ

ആദ്യപാദം (0-0)

ബയേൺ മ്യൂണിക് Vs ലിവർപൂൾ

(ആദ്യപാദം 0-0)

ബാഴ്സലോണ : യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനൽ ബർത്ത് ഉറപ്പിക്കാൻ മുൻ ചാമ്പ്യൻമാരായ ബാഴ്സലോണയും ബയേൺ മ്യൂണിക്കും ഇന്ന് രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനലുകൾക്ക് ഇറങ്ങുന്നു.

ബാഴ്സലോണ സ്വന്തം തട്ടകത്തിൽ ഫ്രഞ്ച് ക്ളബ് ഒളിമ്പിക് ലിയോണിനെയാണ് നേരിടുന്നത്. ഇരുവരും തമ്മിലുള്ള ആദ്യപാദ പ്രീക്വാർട്ടർ ഫൈനലിൽ ആർക്കും ഗോളടിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് ബാഴ്സലോണയുടെ തട്ടകത്തിൽ ഗോളടിച്ച് സമനിലയാക്കാനായാൽ ലിയോണിന് അട്ടിമറി സൃഷ്ടിക്കാം. കഴിഞ്ഞയാഴ്ച ബാഴ്സയുടെ ചിരവൈരികളായ റയൽ മാഡ്രിഡ് പ്രീക്വാർട്ടറിൽ അട്ടിമറിക്കപ്പെട്ടിരുന്നു. ആ പുറത്താകൽ തങ്ങൾക്കുകൂടിയുള്ള മുന്നറിയിപ്പായാണ് കരുതുന്നതെന്ന് ബാഴ്സലോണ കോച്ച് വാൽവെർദെ പറഞ്ഞിരുന്നു. അതേ സമയം സൂപ്പർ താരം ലയണൽ മെസി, സുവാരേസ്, റാക്കിറ്റിച്ച് തുടങ്ങിയവരെല്ലാം മികച്ച ഫോമിലായതിനാൽ ഇന്നത്തെ മത്സരം ബാഴ്സലോണയ്ക്ക് വലിയ വെല്ലുവിളിയാകാനിടയില്ല.

ഇന്ന് ആരാധകരെ ആവേശത്തിലാഴ്ത്തുക ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കും ഇംഗ്ളീഷ് ക്ളബ് ലിവർപൂളും തമ്മിലുള്ള പോരാട്ടമാണ്. ഇരുവരും തമ്മിലുള്ള ആദ്യപാദ പ്രീക്വാർട്ടർ ഫൈനലും ഗോൾരഹിത സമനിലയിലാണ് കലാശിച്ചിരുന്നത്. ഇന്ന് ബയേണിന്റെ തട്ടകത്തിലാണ് രണ്ടാംപാദ മത്സരം.

കഴിഞ്ഞയാഴ്ച നടന്ന ഇംഗ്ളീഷ് പ്രിമിയർ ലീഗ് മത്സരത്തിൽ ബേൺലിയെ 4-2ന് തോൽപ്പിച്ചതിന്റെ ആവേശത്തിലാണ് ലിവർപൂൾ. മുഹമ്മദ് സലാ, സാഡിയോ മാനേ, റോബർട്ടോ ഫിർമിനോ തുടങ്ങിയവരിലൂടെ ജർമ്മൻ ക്ളബിനെ അട്ടിമറിക്കാം എന്ന പ്രതീക്ഷയിലാണ് ജർമ്മൻ കാരനായ ലിവർപൂളിന്റെ കോച്ച് യൂർഗൻ ക്ളോപ്. ജർമ്മൻ ക്ളബുകളായ മെയിൻസ്, ബൊംറൂഷ്യ ഡോർട്ട് മുണ്ട് എന്നിവയുടെ പരിശീലകനെന്ന നിലയിൽ ക്ളോപ്പ് നിരവധിതവണ ബയേണിനെ എതിരിട്ടിട്ടുണ്ട്.

9

മത്സരങ്ങളിൽ ബയേണിന്റെ എതിർ ടീം പരിശീലകനായി യൂർഗൻ ക്ളോപ്പ് അലയൻസ് അരീനയിൽ ഇറങ്ങിയിട്ടുണ്ട്. ഇതിൽ നാല് വീതം ജയവും തോൽവിയും ഒരു സമനില.

ഹോം ഗ്രൗണ്ടിൽ ബയേണിനാണ് സാദ്ധ്യത.

എന്നാൽ ഞങ്ങൾ വിട്ടുകൊടുക്കാൻ ഒരുക്കമല്ല.

യൂർഗൻ ക്ളോപ്പ്

ലിവർപൂൾ കോച്ച്