ഐ.എസ്.എല്ലിൽ ഗോവ Vs ബംഗളൂരു ഫൈനൽ
മഡ്‌ഗാവ് : രണ്ടാംപാദത്തിൽ കാലിടറിയെങ്കിലും ആദ്യപാദത്തിലെ 5-1 ന്റെ മികച്ച വിജയത്തിന്റെ പിൻബലത്തിൽ എഫ്.സി ഗോവ ഐ.എസ്.എൽ ഫുട്ബാൾ ഫൈനലിലെത്തി. ഫൈനലിൽ ബംഗളൂരു എഫ്.സിയെ നേരിടും.
ഇന്നലെ സ്വന്തം തട്ടകത്തിൽ നടന്ന രണ്ടാംപാദ സെമിയിൽ 1-0ത്തിന് മുംബയ് സിറ്റിയോട് തോൽക്കുകയായിരുന്നു ഗോവ. എന്നാൽ 5-2 എന്ന ഗോൾ മാർജിനിൽ അവർ ഫൈനലിലേക്ക് കടന്നു.
ഇത് രണ്ടാം തവണയാണ് ഗോവ ഐ.എസ്.എൽ ഫൈനലിലെത്തുന്നത്. 2015 സീസണിൽ ഫൈനലിൽ ചെന്നയിൻ എഫ്.സിയോട് തോൽക്കുകയായിരുന്നു. കഴിഞ്ഞതവണ ഫൈനലിൽ ബംഗളൂരുവും തോറ്റത് ചെന്നൈയിനോടാണ്.
ആദ്യപാദത്തിൽ ഇങ്ങനെ
മുംബയ് സിറ്റിയുടെ തട്ടകത്തിൽ നടന്ന ആദ്യ പാദ സെമിഫൈനലിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു എഫ്.സി ഗോവയുടെ ജയം.
20-ാം മിനിട്ടിൽ റാഫേൽ ബാസ്‌തോസിലൂടെ ആദ്യം മുന്നിലെത്തിയത് മുംബയ് സിറ്റിയാണ്. എന്നാൽ 31-ാം മിനിട്ടുമുതൽ 82-ാം മിനിട്ടുവരെയുള്ള സമയത്തിനിടയിൽ അഞ്ചുതവണ മുംബയ് വല ചലിച്ചു.
മൗർത്താദ ഫാൾ രണ്ട് ഗോളുകൾ നേടിയപ്പോൾ ജാക്കിചന്ദ് സിംഗ്, കോറോ, ബ്രാൻഡൺ ഫെർണാണ്ടസ് എന്നിവർ ഒാരോ ഗോൾ വീതം നേടി.
31-ാം മിനിട്ടിൽ ജാക്കി ചന്ദ് സിംഗാണ് ഗോവയ്ക്കുവേണ്ടി സ്കോറിംഗ് തുടങ്ങിവച്ചത്. 39, 58 മിനിട്ടുകളിൽ ഫാൾ ഗോളുകൾ നേടി. 51-ാം മിനിട്ടിൽ കോറോയും 82-ാം മിനിട്ടിൽ ഫെർണാണ്ടസും വല കുലുക്കി.
ഫൈനൽ 17ന്
എഫ്.സി ഗോവയും ബംഗളൂരു എഫ്.സിയും തമ്മിലുള്ള ഫൈനൽ ഇൗമാസം 17ന് മുംബയിലാണ് നടക്കുക. ആദ്യപാദ സെമിയിൽ 1-2ന് തോറ്റശേഷം രണ്ടാംപാദത്തിൽ 3-0ത്തിന് നോർത്ത് ഇൗസ്റ്റിനെ കീഴടക്കിയാണ് ബംഗളൂരു ഫൈനലിലെത്തിയത്.