കോട്ടയം: കെ.എം. മാണിയെ കൈവിടാതെയും പി.ജെ. ജോസഫിനെ മെരുക്കിയും കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. മാണിയുമായി ഇനി ഒത്തുപോകാനാവില്ലെന്ന നിലപാട് എടുത്തിരിക്കുന്ന ജോസഫിനെ കോൺഗ്രസ് കൈവിടില്ല. അതിനാൽ പ്രശ്ന പരിഹാരത്തിനുള്ള എല്ലാ സാദ്ധ്യതകളും കോൺഗ്രസ് തേടുന്നുണ്ട്. തിരഞ്ഞെടുപ്പായതിനാൽ വളരെ കരുതലോടെയാണ് കോൺഗ്രസിന്റെ നീക്കം. യു.ഡി.എഫ് വിടുന്നതിനോട് ജോസഫിനും താത്പര്യമില്ല. അതിനാൽ, എന്തുവേണമെന്ന കാര്യത്തിൽ യു.ഡി.എഫ് നേതാക്കൾ കൂട്ടായി ആലോചിച്ചാകും തീരുമാനമെടുക്കുക.
അതേസമയം, കെ.എം. മാണിയും നിലപാടിൽ ഉറച്ച് നിൽക്കുകയാണ്. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാർത്ഥിയെ ഒരു കാരണവശാലും പിൻവലിക്കില്ലെന്നാണ് മാണിയുടെ നിലപാട്. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണിയും ഇക്കാര്യം ഇന്നലെ ഉറപ്പിച്ച് പറഞ്ഞു. ഇതോടെ പാർട്ടിയിലെ ഭിന്നത പെട്ടെന്നൊന്നും പരിഹരിക്കപ്പെടില്ലെന്ന് ഉറപ്പായി. ജോസഫിനെ യു.ഡി.എഫിൽ തന്നെ ഉറപ്പിച്ച് നിറുത്തുന്നതിന്റെ ഭാഗമായി കൂറുമാറ്റത്തിൽ പെടാതെ ജോസഫ് വിഭാഗത്തെ നിയമസഭയിൽ പ്രത്യേക ബ്ളോക്കായി പരിഗണിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ യു.ഡി.എഫ് നേതാക്കൾ രഹസ്യമായി ചർച്ച ചെയ്യുന്നുണ്ട്. മാണി- ജോസഫ് വിഭാഗങ്ങൾ ഇനിയും ഒരുമിച്ച് പോകില്ലെന്ന വിലയിരുത്തലിലാണ് ഇതേക്കുറിച്ചടക്കം ചർച്ച ചെയ്യുന്നത്.
അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിൽ ജോസഫ് മത്സരിക്കുമോ എന്ന കാര്യത്തിലെ ആശയക്കുഴപ്പം തുടരുകയാണ്. കോട്ടയത്തെ മാണി ഗ്രൂപ്പിലെ സ്ഥാനാർത്ഥിയ പിൻവലിച്ച് ജോസഫിന് അവസരം കൊടുക്കാനുള്ള സാധ്യത മങ്ങിയ സാഹചര്യത്തിൽ ഇതേക്കുറിച്ചും കോൺഗ്രസ് നേതാക്കൾ തലപുകയ്ക്കുന്നുണ്ട്.
യു.ഡി.എഫ് വിടില്ലായെന്ന് ജോസഫ് ഗ്രൂപ്പിലെ പ്രബലനായ നേതാവ് ടി.യു.കുരുവിള പ്രഖ്യാപിച്ചത് കോൺഗ്രസ് അഭയംതരും എന്ന പ്രതീക്ഷയിലാണ്. അതേസമയം,
യു.ഡി.എഫിൽ ഉറച്ച സീറ്റായ കോട്ടയത്ത് രൂപപ്പെട്ട അനിശ്ചിതാവസ്ഥ മറ്റ് സ്ഥലങ്ങളിലേക്കും വ്യാപിക്കുമോയെന്ന ഭയവും കോൺഗ്രസിനുണ്ട്. നിർണായക തിരഞ്ഞെടുപ്പായതിനാൽ ഒരു സീറ്റുപോലും കൈവിടാൻ കോൺഗ്രസിനാകില്ല. പല പ്രാവശ്യം അനുരഞ്ജന ചർച്ചകൾ നടത്തിയെങ്കിലും മാണിയോ ജോസഫോ എടുത്ത തീരുമാനത്തിൽനിന്നും പിന്മാറാൻ തയാറാവാത്തതാണ് ഇപ്പോഴത്തെ സ്ഥിതിക്ക് കാരണം.