തിരുവനന്തപുരം: അമ്പലത്തിൽ ഉത്സവത്തിനായി എത്തിച്ച ആന ഇടഞ്ഞു. കരിക്കകം ഗണപതി കോവിലിനു സമീപത്തായി ഇന്ന് രാവിലെ 8.30നായിരുന്നു സംഭവം. കരിക്കകം മൂലയിൽ പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന പാരിപ്പള്ളി പുതുക്കുളം വിഷ്ണുവെന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വാഹനത്തിൽ നിന്ന് റോഡിലേക്ക് ഇറക്കിയ ആന പെട്ടന്ന് വിഭ്രാന്തി കാട്ടി ഓടുകയായിരുന്നു.
ഇടഞ്ഞ് ഒരു മണിക്കൂർ പിന്നിട്ടപ്പോഴും ആനയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ആനയുടെ ഓട്ടം കണ്ട് പരിഭ്രാന്തരായി ചിതറിമാറവേ നിലത്തുവീണ് ചില പ്രദേശവാസികൾക്ക് നിസാര പരിക്കേറ്റിരുന്നു. ആനയറ വേൾഡ് മാർക്കറ്റിനകത്തേക്ക് ഓടിക്കയറിയ ആന ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ഫാക്ടറിക്കു സമീപത്തെ ആയിരം തോപ്പിലെ ആറ് നീന്തിക്കടന്ന് മറുവശത്ത് പോയതായാണ് വിവരം. ആനയെ കണ്ടെത്താനായി പാപ്പാന്മാരും പൊലീസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമൊക്കെ സ്ഥലത്ത് തെരച്ചിൽ നടത്തുകയാണ്. വിമാനത്തിന്റെയും ബസിന്റെയും ശബ്ദം ഒരുമിച്ച് കേട്ട ആന വിരളുകയായിരുന്നുവെന്നാണ് പ്രദേശവാസികളിൽ ചിലർ പറയുന്നത്.