mohanan

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്‌സ് കമ്മിഷണറും കഴിഞ്ഞ ദിവസം ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനം രാജിവച്ച നളിനി നെറ്റോയുടെ സഹോദരനുമായ ആർ. മോഹനനെ നിയമിച്ചു.

പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.പി.എം സംസ്ഥാനകമ്മിറ്റി അംഗം എം.വി. ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായി പോയ ഒഴിവിലേക്കാണ് ഇന്ത്യൻ റവന്യൂ സർവീസിൽ നിന്ന് വിരമിച്ച മോഹനന്റെ നിയമനം. റവന്യൂ സർവീസിൽ ചേരുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ ഓഫീസറായിരുന്നു മോഹനൻ. കോയമ്പത്തൂരിൽ ഇൻകംടാക്സ് കമ്മിഷണറായിരിക്കെ സ്വയം വിരമിച്ചു. തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്സേഷനിൽ സീനിയർ കൺസൾട്ടന്റും സി.ഡി.എസിൽ വിസിറ്റിംഗ് ഫെലോയുമാണ്.

ആർ. മോഹനനെ മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിലേക്ക് കൊണ്ടുവരുമെന്ന് ശ്രുതിയുണ്ടായിരുന്നു. എന്നാൽ പ്രൈവറ്റ് സെക്രട്ടറിയായി എം.വി. ജയരാജന് പകരമുള്ള മോഹനന്റെ വരവ് അപ്രതീക്ഷിതമായി. ജയരാജന് പകരം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗങ്ങളിലാരെങ്കിലുമോ കണ്ണൂർ ജില്ലാകമ്മിറ്റിയിലേക്ക് തിരിച്ചെത്തിയ പി. ശശിയോ വരുമെന്നായിരുന്നു അഭ്യൂഹങ്ങൾ.

മുഖ്യമന്ത്രിയുടെ താത്പര്യപ്രകാരമാണ് മോഹനന്റെ നിയമനമെന്നറിയുന്നു. കുറേക്കാലമായി പ്രധാന ഫയലുകളൊന്നും തനിക്ക് വരാതിരിക്കുകയും സഹോദരൻ മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് വരികയും ചെയ്യുന്ന സാഹചര്യത്തിൽ തുടരുന്നത് ഉചിതമാവില്ലെന്ന ചിന്തയിലാണ് നളിനി നെറ്റോ രാജിവച്ചതെന്നാണ് സൂചന.

പുതിയ പ്രൈവറ്റ് സെക്രട്ടറിയുടെ നിയമനം സി.പി.എം സംസ്ഥാനകമ്മിറ്റി ചർച്ച ചെയ്തിരുന്നില്ല. അവൈലബിൾ സെക്രട്ടേറിയറ്റിൽ അറിയിച്ച ശേഷമാണ് ഇന്നലെ ഉച്ചയോടെ മുഖ്യമന്ത്രി നിയമന ഫയലിൽ ഒപ്പുവച്ചതെന്നാണ് അറിയുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം സുഗമമാക്കാനാണ് എം.വി. ജയരാജനെ കൊണ്ടുവന്നത്. അദ്ദേഹം അതിൽ വിജയിക്കുകയും ചെയ്തു.

പുതിയ ഉദ്യോഗസ്ഥനോട് ഇന്നുതന്നെ ചുമതലയേൽക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.