editorial-kerala-dry-fish

പുതിയ ആശയങ്ങൾ മാർക്കറ്റ് ചെയ്യുന്നതിലെ മികവാണ് ഏത് ഉത്പന്നത്തെയും വിപണിയിൽ പ്രിയങ്കരമാക്കുന്നത്. കേരളത്തിൽ തൊഴിലില്ലായ്മയും വ്യവസായ മുരടിപ്പും അതേപടി തുടരുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് പുതിയ ആശയങ്ങൾ പ്രയോഗതലത്തിലെത്തിക്കുന്നതിലുള്ള വീഴ്ചയാണ്. പുതിയ സംരംഭങ്ങൾ ആരംഭിച്ചാലും അത് വളർത്തിക്കൊണ്ടുവരാൻ പലപ്പോഴും കഴിയാറില്ല. പരീക്ഷണങ്ങൾക്ക് ഇറങ്ങുമ്പോൾ ചിലപ്പോഴൊക്കെ തിരിച്ചടി നേരിടുക സ്വാഭാവികമാണ്. അതിനർത്ഥം പ്രസ്തുത സംരംഭം നഷ്ടക്കച്ചവടമാണെന്നല്ല. വൈവിദ്ധ്യമാർന്ന ഉത്പന്നങ്ങളുടെ അതിവിപുലമായ ശ്രേണിയാണ് ഇന്ന് ലോകത്തെവിടെയും ഉള്ളത്. അവയിൽ കേരളത്തിന്റെ സംഭാവനകൾ പരിശോധിക്കുമ്പോഴാണ് പാപ്പരത്തം ബോദ്ധ്യപ്പെടുക. മനുഷ്യവിഭവത്തിനും സമ്പത്തിനും ബുദ്ധിക്കും ഒരു പഞ്ഞവുമില്ലാത്ത നാടായിട്ടും പുതുസംരംഭങ്ങളുടെ കാര്യത്തിൽ സംസ്ഥാനം ഏറെ പിന്നിലാണ് ഇപ്പോഴും. ഇത്രയും പറയാൻ കാരണം തീരദേശ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'ഡ്രിഷ് കേരള ഡ്രൈ ഫിഷ്" എന്ന സംരംഭം രാജ്യത്തുടനീളം മത്സ്യപ്രേമികളുടെ ഹൃദയം കീഴടക്കാൻ തുടങ്ങിയ വാർത്ത കണ്ടതാണ്. വറുതി നാളുകളിൽ മാത്രം അപൂർവമായി ലഭിച്ചിരുന്ന ഉണക്കമീനുകൾ ഇന്ന് മത്സ്യവിപണിയിലെ സൂപ്പർതാരമായി മാറിയിരിക്കുകയാണ്. ആമസോൺ എന്ന ഒാൺലൈൻ ഭീമനാണ് നമ്മുടെ ഉണക്കമീനുകൾക്ക് പുതിയ വിലാസവും വൻ സ്വീകാര്യതയും നേടിക്കൊടുത്തത്. തേങ്ങ ചുരണ്ടിയെടുത്ത് പാഴ്‌വസ്തുവായി വലിച്ചെറിയുന്ന ചിരട്ടപോലും അമൂല്യ വസ്തുവായി രൂപാന്തരപ്പെടുത്തിയ ആമസോണിലൂടെ ചൂടപ്പം പോലെയാണ് കേരളത്തിലെ ഉണക്കമീനുകൾ വിറ്റഴിയുന്നത്. ചാകരക്കാലത്ത് വാങ്ങാൻ ആളില്ലാതെ പാഴായിപ്പോകുന്ന മത്സ്യങ്ങൾ സംസ്കരിച്ച് ഉണക്കി പാക്കറ്റിലാക്കി വിറ്റാൽ മത്സ്യത്തൊഴിലാളികൾക്ക് വറുതികാലത്ത് പട്ടിണികൂടാതെ സുഖമായി കഴിയാം. എന്നാൽ അതിന് പറ്റിയ സംവിധാനങ്ങളുടെ അഭാവം കാരണം ഇൗ രംഗത്തേക്ക് കടന്നുവരാൻ അധികമാരും ഇല്ലായിരുന്നു. ഫിഷറീസ് വകുപ്പിന്റെ കീഴിലുള്ള തീരദേശ വികസന കോർപ്പറേഷനാണ് പുതു സംരംഭമെന്ന നിലയിൽ ഉണക്കമീൻ സംസ്കരണത്തിലും വിപണനത്തിലും കാലെടുത്തുവച്ചിരിക്കുന്നത്. ഒാൺ ലൈൻ വിപണിയിൽ കോർപ്പറേഷന്റെ ഉണക്കമീനുകൾക്ക് വൻ ഡിമാൻഡാണ്. ആർക്കും വിശ്വസിച്ചു വാങ്ങാമെന്നതുതന്നെയാണ് ഉത്പന്നത്തെ ഏറ്റവും പ്രിയങ്കരമാക്കുന്നത്. രാജ്യത്ത് എവിടെയും ലഭ്യമാകുമെന്നതാണ് മറ്റൊരു ആകർഷണീയത. എന്തും ഏതും ഒാൺലൈൻവഴി വീട്ടിലിരുന്നുതന്നെ വാങ്ങുന്ന ശീലം വിപുലമായത് ഉണക്കമീനിനും രക്ഷാകവചമാകുകയാണ്. കേരളതീരത്തെ ഉണക്കമീൻ വടക്കേ അറ്റത്തുള്ള കാശ്മീരിൽ വരെ ലഭ്യമാണ്.

അറുനൂറു കിലോമീറ്ററിലേറെ കടൽത്തീരംകൊണ്ട് അനുഗൃഹീതമായ കേരളത്തിൽ കടൽ സമ്പത്തുകൊണ്ടാണ് തീരദേശ വാസികൾ കഴിഞ്ഞുപോകുന്നത്. പല പ്രതികൂല സാഹചര്യങ്ങളെയും നേരിടേണ്ടിവരുന്ന മത്സ്യത്തൊഴിലാളികൾക്ക് ശാശ്വതമായ വരുമാനമാർഗങ്ങൾ കുറവാണ്. മത്സ്യലഭ്യത കുറയുന്നതും മത്സ്യവിപണന രംഗത്തെ പലവിധത്തിലുള്ള ചൂഷണവും മത്സ്യത്തൊഴിലാളികളെ വലയ്ക്കുന്ന ഘടകങ്ങളാണ്. കാലാവസ്ഥയിലെ മാറ്റങ്ങളും പലപ്പോഴും പ്രശ്നമാകും. ഏറെ മത്സ്യം ലഭിക്കുന്ന നാളുകളിൽ വില ഇടിയുന്നതു വഴി ഉണ്ടാകുന്ന വരുമാന നഷ്ടമാണ് മറ്റൊന്ന്. ഇവയ്ക്കെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് തീരദേശ വികസന കോർപ്പറേഷൻ മീൻ സംസ്കരിച്ച് ഉണക്കി വിപണിയിലെത്തിക്കാനുള്ള സംരംഭം തുടങ്ങിയിരിക്കുന്നത്. ഇതിനായി കൊല്ലം ജില്ലയിൽ ശക്തികുളങ്ങരയിൽ അത്യാധുനിക പ്ളാന്റും തുടങ്ങിയിട്ടുണ്ട്. നാടൻരീതിയിൽ തയ്യാറാക്കിയ ഉണക്കമീനുകളാണ് വിപണിയിൽ ഇപ്പോൾ ലഭിക്കുന്നത്. കോർപ്പറേഷൻ വിപുലമായ തോതിൽ ഉത്പാദനം തുടങ്ങുന്നതോടെ ഏറ്റവും ശുദ്ധമായ ഉണക്കമീനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കും പുതിയ തൊഴിലവസരങ്ങൾ ഇതിലൂടെ ലഭിക്കും.

ഉണക്കമീൻപോലെതന്നെ അനായാസം വിപണിയിലെത്തിക്കാവുന്ന എത്രയോ തനത് ഉത്പന്നങ്ങൾ ഇവിടെ ഉണ്ട്. ഭാവനാപൂർണമായ സമീപനം സ്വീകരിച്ചാൽ സംസ്ഥാനത്തിന് വികസന കാര്യത്തിൽ വമ്പിച്ച കുതിച്ചുചാട്ടം തന്നെ സാദ്ധ്യമാക്കാവുന്ന അനേകം സംരംഭങ്ങൾ തുടങ്ങാനാവും.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ രൂക്ഷമായ സംസ്ഥാനത്തിന് ഇത് എത്രമാത്രം ഗുണപ്രദമാകുമെന്ന് പ്രത്യേകം പറയേണ്ടതില്ല. വൻനേട്ടമുണ്ടാക്കാവുന്ന സംരംഭങ്ങൾപോലും നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതകാരണം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാഴ്ചകളാണ് ചുറ്റിനും. കേരളത്തിന്റെ നാടായിട്ടും ശുദ്ധമായ വെളിച്ചെണ്ണയുണ്ടാക്കി വിപണിയിലെത്തിക്കാൻ കഴിയുന്നില്ല. ഇവിടെനിന്ന് കൊപ്ര വാങ്ങിക്കൊണ്ടുപോയി ഉന്നത നിലവാരമുള്ള വെളിച്ചെണ്ണ ഉണ്ടാക്കി വലിയ വിലയ്ക്ക് വിൽക്കുന്ന എത്രയോ കമ്പനികളുണ്ട്. വ്യാജ വെളിച്ചെണ്ണയ്ക്കും രാജ്യത്ത് ഏറെ ഉപഭോക്താക്കളുള്ള നാടാണ് നമ്മുടേത്. നശിച്ചു നാറാണക്കല്ലുമായി നിൽക്കുന്ന പരമ്പരാഗത വ്യവസായങ്ങളുടെ ഉയിർത്തെഴുന്നേല്പിനു പറ്റിയ അവസരമാണിത്. വൈവിദ്ധ്യമാർന്നതും തനിമയുള്ളതുമായ ഏത് ഉത്പന്നത്തിനും ഇന്ന് ഒാൺലൈനിൽ വിപണിയുണ്ട്. ആളുകളുടെ രുചിഭേദം മനസിലാക്കി അത് മുതലാക്കാനുള്ള ഭാവന വേണമെന്നു മാത്രം.