ആറ്റിങ്ങൽ: പ്രതിയെ പിടികൂടാൻ പോയ ആറ്റിങ്ങൽ സ്റ്റേഷനിലെ പ്രമോട്ടഡ് എസ്.ഐയെ ഒരുസംഘം തടഞ്ഞു നിറുത്തി ആക്രമിച്ചു. എസ്.ഐ ബാലകൃഷ്ണൻ ആചാരിയെയാണ് കഴിഞ്ഞ ദിവസം രാത്രി 8.30ഓടെ മാമം പന്തലക്കോടുവച്ച് ആക്രമിച്ചത്. ദമ്പതികളെ വഴിയിൽ തടഞ്ഞുനിറുത്തി ആക്രമിച്ച കേസിലെ പ്രതികളിൽ ഒരാളെ പിടികൂടി തിരിച്ചുവരുമ്പോഴാണ് നൈറ്റ് പട്രോളിംഗിൽ ഉണ്ടായിരുന്ന എസ്.ഐക്ക് നേരെ ആക്രമണമുണ്ടായത്. പതിനഞ്ചോളം വരുന്ന സംഘം ജീപ്പ് തടഞ്ഞ് അസഭ്യം വിളിക്കുകയും ആക്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ എസ്.ഐക്ക് നിസാര പരിക്കുപറ്റി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ഉണ്ണിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. പൊലീസിനെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനും എസ്.ഐയെ ആക്രമിച്ചതിനും കേസെടുത്തു.