മൊബൈലിൽ ചാർജ് തീർന്നുപോയെന്നു പറഞ്ഞ് തിരഞ്ഞെടുപ്പു പ്രവർത്തനത്തിന് ഒരു കുറവും വരുത്തണ്ട. വോട്ടുപിടിത്തതിന് ഊർജ്ജം പകരാൻ മൊബൈൽ ചാർജ് ചെയ്യുന്നതിന് ഒരോ ബൂത്തു കമ്മിറ്റിക്കും എം.പിയുടെ വക സൗജന്യ പവർ ബാങ്ക്. തിരുവന്തപുരം ലോക് സഭാമണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ശശിതരൂർ എം.പിയാണ് തിരുവനന്തപുരത്തിന്റെ സ്വന്തം തരൂർ എന്ന വാചകത്തോടെ ചിത്രം ആലേഖനം ചെയ്ത പവർ ബാങ്ക് വിതരണം ചെയ്തത്. നിയോജക മണ്ഡലത്തിലെ ബ്ളോക്ക് കമ്മിറ്റിയുടെ കീഴിൽ വരുന്ന ബൂത്ത് കമ്മിറ്റി പ്രസിഡന്റുമാർക്കും മറ്റു ചുമതലയുള്ളവർക്കുമാണ് തിരിഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ നൂറുകണക്കിന് പവർ ബാങ്കുകൾ ലഭിച്ചത്. ഫ്ളക്സ് നിരോധനം വന്നതോടെ പ്രചാരണത്തിന് മൊബൈൽ സങ്കേതങ്ങൾ കൂടുതൽ ഉപയോഗിക്കേണ്ടിവരുമെന്ന് തരൂരിന് അറിയാം. യു.ഡി.എഫുകാർക്ക് പവർ ബാങ്ക് ലഭിച്ചതോടെ മറ്റുള്ളവരും ഇതുപോലെ എന്തെങ്കിലുമൊക്കെ കിട്ടുമെന്ന പ്രതീക്ഷയിലാണ്.