തിരുവനന്തപുരം: സാമുദായിക ധ്രുവീകരണത്തിനും ക്രമസമാധാന പ്രശ്നങ്ങൾക്കും കാരണമാവുന്ന വിധത്തിൽ ശബരിമല പ്രശ്നം പ്രചാരണത്തിൽ ഉന്നയിക്കരുതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ നിർദ്ദേശിച്ചു. അയ്യപ്പന്റെയോ ശബരിമലയുടെയോ ചിത്രങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ കർശന നടപടി എടുക്കും. എന്നാൽ യുവതീപ്രവേശനത്തിന്റെ സാമൂഹിക, രാഷ്ട്രീയ വിഷയങ്ങൾ ഉന്നയിക്കാം. രാഷ്ട്രീയക്കാർ തന്നെ ഉണ്ടാക്കിയ പെരുമാറ്റച്ചട്ടമാണ്. അത് പാലിക്കാനുള്ള ധാർമ്മിക ചുമതല എല്ലാവർക്കുമുണ്ടെന്നും ഇന്നലെ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി.
പെരുമാറ്റച്ചട്ട ലംഘനം തിരഞ്ഞെടുപ്പു കമ്മിഷനെ അറിയിക്കാനുള്ള സി.വിജിൽ ആപ്പിനെക്കുറിച്ചും യോഗത്തിൽ വിശദീകരിച്ചു. പ്രശ്‌ന ബൂത്തുകളിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിക്കുന്നതും ചർച്ചചെയ്തു.
പ്രധാന നിർദ്ദേശങ്ങൾ
ചട്ടലംഘനത്തിന് മുഖം നോക്കാതെ നടപടിയെടുക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ചട്ടലംഘനം കണ്ടുപിടിക്കാൻ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുണ്ട്. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് മെഷീൻ. അതിന്റെ കാര്യക്ഷമതയിൽ സംശയം വേണ്ട.
തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം പൂർണമായി പാലിക്കാൻ രാഷ്ട്രീയ പാർട്ടികൾ സഹകരിക്കണം.
ഫ്ളക്സ് ബോർഡുകൾ ഉപയോഗിക്കരുത്. പകരം തുണി, പേപ്പർ തുടങ്ങിയവ ഉപയോഗിക്കണം. ഇത് പാലിച്ചില്ലെങ്കിലും കർശന നടപടി വരും. സ്ഥാനാർത്ഥികൾ പത്രിക നൽകുമ്പോൾ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പരസ്യപ്പെടുത്തണം.
ഏതെല്ലാം കേസുകളിൽ പ്രതിയാണെന്ന് ഏറ്റവും പ്രചാരമുള്ള പത്രത്തിലും ദൃശ്യമാദ്ധ്യമത്തിലും മൂന്ന് തവണ നൽകണം. അത് തെളിവ് സഹിതം കമ്മിഷന് കൈമാറണം. ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും. ഈ തുക സ്ഥാനാർത്ഥിയുടെ കണക്കിൽ ഉൾപ്പെടുത്തുന്നതിൽ ഇളവ് വേണമെന്ന രാഷ്ട്രീയ പ്രതിനിധികളുടെ ആവശ്യം തിരഞ്ഞെടുപ്പ് ഓഫീസർ തള്ളി.
ആനത്തലവട്ടം ആനന്ദൻ (സി.പി.എം), പ്രകാശ്ബാബു (സി.പി.ഐ), തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ (കോൺഗ്രസ്), പി.എസ്. ശ്രീധരൻപിള്ള, ജെ.ആർ. പത്മകുമാർ (ബി.ജെ.പി), ജോയി എബ്രഹാം, കൊട്ടാരക്കര പൊന്നച്ചൻ (കേരള കോൺഗ്രസ്), ജയകുമാർ (ആർ.എസ്.പി), സുധാകരൻ (ബി.എസ്.പി), ഹംസ (ഐ.യു.എം.എൽ) എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രചാരണത്തിൽ രാഷ്‌ട്രീയ നേട്ടത്തിന് ബി.ജെ.പി ശബരിമല വിഷയം ഉന്നയിച്ചാൽ സി.പി.എം പ്രതിരോധിക്കും.
മോദിയുടെ ഭരണത്തിലെ പ്രശ്നങ്ങളും സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളുമാവും എൽ.ഡി.എഫിന്റെ പ്രചാരണ വിഷയങ്ങൾ - ആനത്തലവട്ടം ആനന്ദൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
നിയമപരമായ കാര്യങ്ങളേ ബി.ജെ.പി ചെയ്യൂ. യുവതീപ്രവേശനവും സർക്കാർ നിലപാടും ജനങ്ങളോട് വിശദീകരിക്കാൻ തടസമില്ല. അയോദ്ധ്യ പ്രശ്നവും ചർച്ച് ആക്ടും മതപരമാണ്. അതുപോലെയാണ് ശബരിമലയും. ശബരിമലയുടെ ചിത്രം പ്രചാരണത്തിന് ഉപയോഗിച്ചാൽ തിരഞ്ഞെടുപ്പ് അസാധുവാകും. --പി.എസ്. ശ്രീധരൻപിള്ള, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്
ജനങ്ങളെ ബാധിക്കുന്ന എല്ലാ വിഷയങ്ങളും പ്രചാരണത്തിന് ഉപയോഗിക്കാമെന്നാണ് യു.ഡി.എഫ് നിലപാട്. ഇതിൽ ഒന്ന് ശബരിമലയാണ്. --തമ്പാനൂർ രവി, കെ.പി.സി.സി ജനറൽ സെക്രട്ടറി
യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പറയാം. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന പ്രചാരണമുണ്ടായാൽ നടപടി വരും. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്. മതപരമായ കാര്യങ്ങൾ ഉപയോഗിച്ച് പ്രചാരണം പാടില്ല. ആരാധനാലയങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് പെരുമാറ്റച്ചട്ടത്തിലുണ്ട്. ഇത് ജില്ലാകളക്ടർമാർ നിരീക്ഷിക്കും. അവരുടെ റിപ്പോർട്ട് പരിശോധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് റിപ്പോർട്ട് നൽകും. കമ്മിഷനാണ് നടപടികൾ സ്വീകരിക്കേണ്ടത്-
ടിക്കാറാം മീണ പത്രസമ്മേളനത്തിൽ