തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശന മേൽനോട്ടത്തിനായി ജസ്റ്റിസ് രാജേന്ദ്രബാബു അദ്ധ്യക്ഷനായുള്ള സമിതിയിലെ അംഗസംഖ്യ ആറായും ഫീസ് നിർണയ സമിതിയിലെ അംഗസംഖ്യ അഞ്ചായും ചുരുക്കാൻ കേരള മെഡിക്കൽ പ്രവേശനനിയന്ത്രണ ബിൽ ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കാൻ മന്ത്രിസഭായോഗത്തിൽ ധാരണ. ഇന്നലെ മന്ത്രിസഭയുടെ മുന്നിലെത്തിയ വിഷയത്തിൽ ഇനി തിരഞ്ഞെടുപ്പ്കമ്മിഷന്റെ അനുമതിയോടെ വീണ്ടും അജൻഡയിലുൾപ്പെടുത്തി അടുത്തയാഴ്ച മന്ത്രിസഭ പരിഗണിക്കും. അതിന് ശേഷമേ ഗവർണറുടെ അംഗീകാരത്തിന് വിടൂ.
സമിതിയിലെ അംഗസംഖ്യ കുറയ്ക്കുന്നതിന് ഹൈക്കോടതിയുടെ നിർദ്ദേശമുള്ളതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നു. സമിതി പുനഃസംഘടിപ്പിച്ചാലേ ഹൈക്കോടതി റദ്ദാക്കിയ കഴിഞ്ഞവർഷത്തെ ഫീസ് നിർണയം നടത്താനാവൂ. അടുത്ത അദ്ധ്യയനവർഷത്തെ മെഡിക്കൽ പ്രവേശനനടപടികൾ തിരഞ്ഞെടുപ്പിന് മുമ്പ് തുടങ്ങണം.
ഫീസ് നിർണയ സമിതിയിലെ മുഴുവൻ അംഗങ്ങളും പങ്കെടുക്കാത്ത യോഗത്തിലാണ് ഫീസ് നിർണയിച്ചത് എന്നത് കൊണ്ടാണ് കഴിഞ്ഞവർഷത്തെ ഫീസ് ഹൈക്കോടതി റദ്ദാക്കിയത്. പത്തംഗ സമിതിയിലെ അഞ്ചംഗങ്ങൾ മാത്രമായിരുന്നു യോഗത്തിൽ പങ്കെടുത്തത്.
വിരമിച്ച ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ ഫീസ് നിർണയ സമിതിയിൽ ആരോഗ്യ സെക്രട്ടറി, മെഡിക്കൽ കൗൺസിൽ പ്രതിനിധി, ഒരു ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരെയും സമിതി തിരഞ്ഞെടുക്കുന്ന ഒരാളെയുമാണ് നിയമഭേദഗതി പ്രകാരം അംഗങ്ങളായി നിർദ്ദേശിച്ചിട്ടുള്ളത്. പ്രവേശന മേൽനോട്ടസമിതിയുടെയും അദ്ധ്യക്ഷൻ വിരമിച്ച ജില്ലാ ജഡ്ജി ആയിരിക്കും. ആരോഗ്യ സെക്രട്ടറി, നിയമസെക്രട്ടറി, മെഡിക്കൽ കൗൺസിൽ പ്രതിനിധി, പ്രവേശന പരീക്ഷാകമ്മിഷണർ, പട്ടിക ജാതി/വർഗ വിഭാഗത്തിൽനിന്നുള്ള പ്രതിനിധി എന്നിവരെയാണ് ഇതിൽ അംഗങ്ങളായി നിശ്ചയിക്കുക. സമിതി അദ്ധ്യക്ഷസ്ഥാനത്ത് ജസ്റ്റിസ് രാജേന്ദ്രബാബു തുടരും.
2017- 18 വർഷം 4.6 ലക്ഷം മുതൽ 5.66 ലക്ഷം രൂപ വരെയായിരുന്നു വിവിധ കോളേജുകളിലേക്ക് നിശ്ചയിച്ച് നൽകിയ ഫീസ്. 2017- 18 ലെ ഫീസിൽ പത്ത് ശതമാനം വരെ വർദ്ധന അനുവദിച്ചായിരുന്നു 2018- 19 വർഷത്തെ ഫീസ് അനുവദിച്ചത്. ഇത് കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകൾ കോടതിയെ സമീപിച്ചത്. പുതിയ സമിതി ഫീസ്ഘടന ഉയർത്തുമോ എന്നതിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ആശങ്കയുണ്ട്.