തിരുവനന്തപുരം : പുഞ്ചിരിയോടെയാണ് ആദ്യദിനം മലയാളം ഒന്നാം പേപ്പർ പരീക്ഷയെഴുതി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾ പരീക്ഷാ ഹാളിൽ നിന്നു പുറത്തിറങ്ങിയത്. ഇന്നലെ നടന്ന ഐ.സി.എസ്.ഇ മലയാളവും എളുപ്പമായിരുന്നു. എന്നാൽ സി.ബി.എസ്.ഇക്കാരെ സയൻസ് പരീക്ഷ അല്പം വെള്ളം കുടിപ്പിച്ചു.
ശരാശരി വിദ്യാർത്ഥിക്കും നന്നായി എഴുതാൻ പറ്റുന്ന വിധത്തിലുള്ള ചോദ്യങ്ങളായിരുന്നു എസ്.എസ്.എൽ.സി മലയാളം ചോദ്യപേപ്പർ. എല്ലാ യൂണിറ്റുകളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടായിരുന്നതിനാൽ പ്രയാസമുണ്ടായിരുന്നില്ലെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ആസ്വാദനം തയ്യാറാക്കാനുള്ള അവസാന ചോദ്യം സമകാലിക സാഹചര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.
ഒ.എൻ.വി. കുറുപ്പിന്റെ 'ദിനാന്തം' എന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയാണ് ഇതിനായി നൽകിയത്. പുൽവാമ ഭീകരാക്രമണത്തിന്റെയും അതിർത്തിയിലെ യുദ്ധസാഹചര്യത്തിന്റെയും പശ്ചാത്തലത്തിൽ യുദ്ധത്തിന്റെ ദുരന്തമുഖം വ്യക്തമാക്കുന്നതായിരുന്നു വരികൾ. സമകാലിക സംഭവങ്ങളെ കുറിച്ച് ധാരണയുള്ള കുട്ടികൾക്ക് ഈ ചോദ്യത്തിന് നല്ല സ്കോർ നേടാൻ കഴിയുമെന്നാണ് അദ്ധ്യാപകരുടെ വിലയിരുത്തൽ. മലയാളം രണ്ടാം പേപ്പറാണ് ഇന്നത്തെ പരീക്ഷ.
ഐ.സി.എസ്.ഇ സിലബസുകാർക്കും ഇന്നലെ മലയാളം പരീക്ഷയായിരുന്നു. എല്ലാ ചോദ്യങ്ങൾക്കും വേഗത്തിൽ ഉത്തരമെഴുതാൻ കഴിഞ്ഞെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. മുൻ വർഷങ്ങളെപ്പോലെ എ, ബി എന്നീ രണ്ട് പാർട്ട് ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. എ പാർട്ടിൽ ഭാഷയെ കുറിച്ചുള്ള പൊതുവായ ചോദ്യങ്ങളും ബി പാർട്ടിൽ പാഠപുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങളുമാണ്. മുൻവർഷം എ പാർട്ടിലെ വ്യാകരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ കുട്ടികളെ വട്ടംചുറ്റിച്ചെങ്കിലും ഇക്കുറി അത് ഉണ്ടായില്ല.
ഇന്നലെ നടന്ന ശാസ്ത്ര പരീക്ഷ സി.ബി.എസ്.ഇ പത്താക്ലാസ് വിദ്യാർത്ഥികളെ അല്പം വെള്ളംകുടിപ്പിച്ചു. കെമിസ്ട്രി, ഫിസിക്‌സ്, ബയോളജി വിഷയങ്ങൾ ചേർത്തുള്ള മൂന്ന് സെറ്റിലായി 27 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. കെമിസ്ട്രി താരതമ്യേന എളുപ്പമായിരുന്നു. അഞ്ച് മാർക്കിനുള്ള എസ്റ്റർ ഫോർമേഷന്റെ ചിത്രം വരയ്ക്കാനുള്ള ചോദ്യം പ്രാക്ടിക്കലിന്റെ ഭാഗമാണെന്നും അത് തിയറി പരീക്ഷയിൽ ചോദിക്കേണ്ടതില്ലായിരുന്നുവെന്നും ചില വിദ്യാർത്ഥികൾ പറഞ്ഞു. ഫിസിക്‌സിലെ മാഗ്നറ്റിക് ഇൻഡക്ഷനുമായി ബന്ധപ്പെട്ട ചോദ്യവും ബയോളജിയിലെ രണ്ട് ചോദ്യങ്ങളും ഉയർന്ന പഠനനിലവാരം പുലർത്തുന്ന കുട്ടികൾക്ക് മാത്രം ഉത്തരം എഴുതാൻ കഴിയുന്നവയായിരുന്നെന്ന് അദ്ധ്യാപകരും പറഞ്ഞു.
"കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ കഴിവുകളും സർഗശേഷിയും കൃത്യമായി പ്രകടിപ്പിക്കാൻ പറ്റുന്ന ചോദ്യങ്ങളായിരുന്നു.
-ജെ.എം. റഹീം
മലയാളം അദ്ധ്യാപകൻ
ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂൾ, തൈക്കാട്
"പ്രയാസപ്പെടാതെ ഉത്തരമെഴുതാൻ കഴിയുന്ന ചോദ്യപ്പേപ്പറായിരുന്നു. പരാതികൾ ഒന്നും ഇല്ല."
-ജയലക്ഷ്മി .ബി.എസ്
മലയാളം വിഭാഗം മേധാവി
ചിന്മയവിദ്യാലയ, കുന്നുംപുറം (ഐ.സി.എസ്.ഇ)
"ഫിസിക്സ്, ബയോളജി ചോദ്യപ്പേറുകളിലെ ചോദ്യങ്ങളാണ് ചില കുട്ടികൾ പ്രയാസകരമായി പറഞ്ഞത്. പൊതുവേ പരീക്ഷ എളുപ്പമായിരുന്നു."
-ബിന്ദു .എച്ച്.ആർ
സയൻസ് അദ്ധ്യാപിക
ഭാരതീയ വിദ്യാഭവൻ വട്ടിയൂർക്കാവ് (സി.ബി.എസ്.ഇ)