തിരുവനന്തപുരം: കരമന തളിയൽ അരശുംമൂടിന് സമീപത്തുനിന്ന് ചൊവ്വാഴ്ച തട്ടിക്കൊണ്ടുപോയ യൂത്ത് കോൺഗ്രസ് ആറ്റുകാൽ മണ്ഡലം സെക്രട്ടറിയെ ക്രൂരമായി കൊലചെയ്ത നിലയിൽ കണ്ടെത്തി. കൊഞ്ചിറവിള ഒരുകമ്പിൽ വീട് ടി.സി 22/466ൽ അനന്തു ഗിരീഷിന്റെ (21) മൃതദേഹമാണ് നീറമൺകര ദേശീയ പാതയ്ക്ക് സമീപമുള്ള ആർ.ടി.ടി.സി -ബി.എസ്.എൻ.എൽ പുറമ്പോക്ക് ഭൂമിയിൽ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ടെത്തിയത്. വർഷങ്ങളായി ഉപയോഗശൂന്യമായ പന്നിക്കൂട്ടിലാണ് മൃതദേഹം കിടന്നത്.
ഇന്നലെ രാവിലെ 10.30ഓടെ അനന്തുവിന്റെ സാമുറായി ബെെക്ക് നീറമൺകരയ്ക്ക് സമീപം ദേശീയപാതയിൽ കണ്ടതിനെ തുടർന്ന് സുഹൃത്തുക്കളും പൊലീസും ഒരുമിച്ച് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് കൈയിലെയും ഞരമ്പുകൾ മുറിച്ച നിലയിലായിരുന്നു. കാലിനും തലയ്ക്കും വെട്ടേറ്റിട്ടുണ്ട്. ശരീരമാസകലം മുറിവുകളുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബാലു, റോഷൻ എന്നിവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ചാക്ക ഐ.ടി.ഐയിലെ മുൻ വിദ്യാർത്ഥിയാണ് അനന്തു. ആട്ടോഡ്രെെവറായ ഗിരീഷാണ് പിതാവ്. അമ്മ: മിനി. എട്ടാം ക്ലാസ് വിദ്യാർത്ഥി അഭിഷേകാണ‌് ഏകസഹോദരൻ.
പിന്നിൽ കൊഞ്ചിറവിള ഉത്സവത്തിനിടയിലെ വഴക്ക്
കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട‌് കഴിഞ്ഞ 8ന് അനന്തു ഉൾപ്പെട്ട സംഘവും അരശുംമൂട്ടിലെ മറ്റൊരു സംഘവുമായി ഏറ്റുമുട്ടിയിരുന്നു. ഡാൻസ‌് കളിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ‌് കൈയേറ്റത്തിലും സംഘർഷത്തിലും കലാശിച്ചത്. തൊട്ടടുത്ത ദിവസങ്ങളിൽ പ്രശ‌്നമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ ചൊവ്വാഴ‌്ച ഉച്ചയ്ക്കു ശേഷം 3 മണിയോടെ കരമനയിൽനിന്നു വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന അനന്തു തളിയൽ അരശുംമൂടിന‌് സമീപം ഇറങ്ങി കടയിൽ നിന്നു വെള്ളം കുടിച്ച‌് മടങ്ങുന്നതിനിടെ ബൈക്കിൽ എത്തിയ സംഘം അടിച്ചുവീഴ‌്ത്തുകയായിരുന്നു. ബോധംമങ്ങിയ അനന്തുവിനെ ബൈക്കിൽത്തന്നെ ബലമായി പിടിച്ചിരുത്തി കൊണ്ടുപോയി. അനന്തുവിന്റെ ബൈക്കും ഇവർ തട്ടിയെടുത്തു.
സംഭവമറിഞ്ഞ് ബന്ധു അരുൺ ഗണേഷ‌് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ തെരച്ചിൽ ആരംഭിച്ചതായി കരമന പൊലീസ് പറഞ്ഞു. രാത്രി ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. അനന്തുവിനെ കാണാതായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെയാണ് കരമന പൊലീസിൽ ബന്ധുക്കൾ പരാതി നൽകിയത്. സി.സി ടിവി പരിശോധിച്ച് അന്വേഷണം നടത്തുന്ന കാര്യവും പറഞ്ഞിരുന്നു. എന്നാൽ, പ്രതികളെ ഉടനേ പിടികൂടുന്നതിൽ പൊലീസ് വീഴ്ചവരുത്തിയതായി ബന്ധുക്കൾ ആരോപിച്ചു.
അന്വേഷണത്തിന് പ്രത്യേക സംഘം
കേസ് അന്വേഷണത്തിനായി ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ജില്ലാ പൊലീസ് മേധാവി സഞ്ജയ‌്കുമാർ ഗുരുദിൻ, ഡി.സി.പി ആർ. ആദിത്യ, ഫോർട്ട് എ.സി.പി പ്രതാപൻ നായർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ, ഫോറൻസിക‌് ഉദ്യോഗസ്ഥർ, ഡോഗ‌് സ‌്ക്വാഡ് എന്നിവരും മൃതദേഹം കണ്ട സ്ഥലത്ത‌് എത്തിയിരുന്നു.