തിരുവനന്തപുരം: കേരള കോൺഗ്രസ്-എമ്മിൽ നിന്ന് വിട്ടുവന്നാൽ യു.ഡി.എഫിൽ മാന്യമായ പരിഗണനയെന്ന ആവശ്യം പി.ജെ. ജോസഫ് കോൺഗ്രസ് നേതാക്കൾക്ക് മുന്നിലുയർത്തി. കോട്ടയം സീറ്റിൽ ഇനിയൊരു പുനർചിന്ത സാദ്ധ്യമല്ലെന്ന നിസഹായത കോൺഗ്രസ് നേതാക്കൾ ജോസഫിനോടും വ്യക്തമാക്കി. എന്നാൽ പിളർപ്പ് പോലുള്ള പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. യു.ഡി.എഫ് ഒറ്റക്കെട്ടാണെന്ന് വരുത്താൻ അത് അനിവാര്യം. പിളർന്നുവന്നാൽ ജോസഫിനെ ഇപ്പോൾ തന്നെ ഘടകകക്ഷിയാക്കുന്നത് മുന്നണിയിൽ വിള്ളലെന്ന വ്യാഖ്യാനത്തിന് ഇടവരുത്തും. അതിനാൽ പിളർന്നാലും പിരിയാതെ നിൽക്കാൻ നിർബന്ധിതനായിരിക്കുകയാണ് ജോസഫ്.
കോട്ടയവും ഇടുക്കിയും വച്ചുമാറി കോട്ടയത്ത് ഉമ്മൻചാണ്ടി മത്സരിച്ചാൽ പ്രശ്നം തീരുമെന്ന അഭിപ്രായം ജോസഫ് മുന്നോട്ടുവച്ചെങ്കിലും അതിനി അടഞ്ഞ അദ്ധ്യായമാണെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി.
മാണിയുമായി യോജിച്ചുള്ള പോക്ക് അസാദ്ധ്യമെന്ന് വിലയിരുത്തുന്ന ജോസഫ് വിഭാഗം, പിളർപ്പ് വേണ്ടിവന്നാലും കൂറുമാറ്റനിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാനുള്ള നിയമസാദ്ധ്യതകളാണ് തേടുന്നത്. മാണിഗ്രൂപ്പിലെ ആറ് എം.എൽ.എമാരിൽ തനിക്കും മോൻസിനും പുറമേ മറ്റൊരംഗത്തിന്റെയും പിന്തുണ ഉറപ്പാക്കാമെന്ന് കണക്കുകൂട്ടുന്നു. പിരിഞ്ഞെത്തിയാൽ ഘടകകക്ഷിയാക്കണമെന്ന് ജോസഫ് ഇന്നലെ കോൺഗ്രസിന്റെ ഉന്നതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ അഭ്യർത്ഥിച്ചത് അതിനാലാണ്.
കഴിഞ്ഞ ദിവസം രാത്രിയിൽ തലസ്ഥാനത്തെത്തിയ ജോസഫ് ഇന്നലെ രാവിലെ ആദ്യം ഉമ്മൻചാണ്ടിയെ ജഗതിയിലെ വസതിയിലും പിന്നീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കന്റോൺമെന്റ് ഹൗസിലും സന്ദർശിച്ചു. മോൻസ് ജോസഫ് എം.എൽ.എയും ടി.യു. കുരുവിളയും ഒപ്പമുണ്ടായിരുന്നു. കോൺഗ്രസ് നേതാക്കൾ കൂടിയാലോചിച്ച് 11 മണിയോടെ ജോസഫിനെ കന്റോൺമെന്റ് ഹൗസിലേക്ക് വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ചു. രമേശിനും ഉമ്മൻചാണ്ടിക്കും പുറമേ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ഈ ചർച്ചയിലുണ്ടായി.
എടുത്തുചാടി തീരുമാനമെടുക്കരുതെന്നും പരിശോധിച്ച് പരിഹാരം കാണാമെന്നുമാണ് നേതാക്കൾ ജോസഫിനെ ധരിപ്പിച്ചത്. മാണിഗ്രൂപ്പ് ഇടതിനോടടുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ തടഞ്ഞുനിറുത്തി തിരിച്ച് യു.ഡി.എഫ് ക്യാമ്പിലെത്തിച്ചത് ജോസഫിന്റെ ഇടപെടലാണ്. ആ പരിഗണന തനിക്ക് കിട്ടണമെന്ന് ജോസഫ് ആഗ്രഹിക്കുന്നു.