ശിവഗിരി: രാഷ്ട്രപതി രാംനാഥ് കോവിന്ദിൽ നിന്ന് ഏറ്റുവാങ്ങിയ പത്മശ്രീ പുരസ്കാരം ഗുരുദേവ തൃപ്പാദങ്ങളിൽ സമർപ്പിച്ച് സ്വാമി വിശുദ്ധാനന്ദ മഹാസമാധിയിൽ പ്രണമിച്ചു. സന്യാസിവര്യന്മാരുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥനയും നടന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ശിവഗിരിമഠത്തിലെത്തിയ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയെ പാദപൂജ ചെയ്ത് പൂർണകുംഭം നൽകിയാണ് ശിവഗിരിയുടെ കവാടത്തിൽ എതിരേറ്റത്. ശാരദാമഠത്തിലും വൈൈദികമഠത്തിലും ബോധാനന്ദസ്വാമി സമാധിയിലും ദർശനം നടത്തിയശേഷമാണ് പുരസ്കാര സമർപ്പണത്തിനായി മഹാസമാധിയിലെത്തിയത്. സമർപ്പണത്തിനുശേഷം മഹാസമാധി അങ്കണത്തിലെ പ്ലാവിൻ ചുവട്ടിൽ തിങ്ങിക്കൂടിയ ഭക്തജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇത് ഗുരുവിന്റെ കാരുണ്യമാണ്. ശിവഗിരിമഠത്തിന്, ഗുരുവിന്റെ ശിഷ്യ പരമ്പരയ്ക്ക് ലഭിച്ച അംഗീകാരമാണ്. പ്രധാനമന്ത്റി നരേന്ദ്രമോദി, ആഭ്യന്തര മന്ത്റി രാജ്നാഥ്സിംഗ്, എൽ.കെ. അദ്വാനി തുടങ്ങിയവരുൾപ്പെടുന്ന മഹാവേദിയിൽ വച്ച് രാഷ്ട്രപതിയിൽ നിന്നു പുരസ്കാരം ഏറ്റുവാങ്ങിയപ്പോൾ അസുലഭ സന്ദർഭത്തിന്റെ ആനന്ദത്തിൽ കണ്ണുകൾ ഈറനണിഞ്ഞു. ഗുരുദേവന്റെ തിരുനാമം ആ മഹാസദസിൽ തുടരെ മുഴങ്ങുന്നുണ്ടായിരുന്നു. രാജ്യത്തിന്റെ മഹത്തായ ഈ പുരസ്കാരം തൃപ്പാദങ്ങളിൽ സമർപ്പിക്കുകയാണ്- സ്വാമി വിശുദ്ധാനന്ദ പറഞ്ഞു
സുഗതൻതന്ത്റിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പാദപൂജചടങ്ങുകൾ നടന്നത്. സ്വാമി അസ്പർശാനന്ദ പൂർണകുംഭം നൽകി. സ്വാമിമാരായ സാന്ദ്രാനന്ദ, ശാരദാനന്ദ, ബോധിതീർത്ഥ, വിദ്യാനന്ദ, പരാനന്ദ, ഗുരുപ്രസാദ്, ഋതംഭരാനന്ദ, വിശാലാനന്ദ, അവ്യയാനന്ദ, വിശുദ്ധാത്മാനന്ദ, നിത്യസ്വരൂപാനന്ദ, ഗോവിന്ദാനന്ദ, മഹേശ്വരാനന്ദ, കരുണാകരാനന്ദ, വെങ്കിടേഷ്, നിത്യസ്വരൂപാനന്ദ എന്നിവർക്കു പുറമെ ഡോ. എ. സമ്പത്ത് എം.പി, അഡ്വ. വി. ജോയി എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ബിന്ദുഹരിദാസ്, എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ പ്രസിഡന്റ് കല്ലമ്പലം നകുലൻ, സെക്രട്ടറി അജി .എസ്.ആർ.എം തുടങ്ങിയവരും സംബന്ധിച്ചു.