muthanathaha

വർക്കല: സാമൂഹ്യ, സാംസ്ക്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ അയിരൂർ കായൽപ്പുറം കാവടിയിൽ മുത്താന താഹ (72) നിര്യാതനായി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബുധനാഴ്ച വെളുപ്പിന് ഒരു മണിയോടെയായിരുന്നു അന്ത്യം. ശ്രീനാരായണ ധർമ്മ പ്രചരണത്തിനായി സമർപ്പിച്ചൊരു ജീവിതമായിരുന്നു താഹയുടേത്. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനു ശേഷം വർക്കല നാരായണഗുരുകുലത്തിൽ അന്തേവാസിയായി. ഗുരുകുല സ്ഥാപകൻ നടരാജഗുരു, ഗുരു നിത്യചൈതന്യയതി എന്നിവരുടെ സ്നേഹവാത്സല്യത്തിന് പാത്രമാവുകയും ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം മാസികയുടെ പ്രചാരകനാവുകയും ചെയ്തു. ഗുരു നിത്യചൈതന്യ യതിയുടെ നിർദ്ദേശ പ്രകാരം കുട്ടികൾക്ക് വേണ്ടി ഗുരുദേവന്റെ ജീവചരിത്രം കുഞ്ഞുങ്ങളുടെ നാരായണഗുരു എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സ്വാമി ശാശ്വതികാനന്ദയുമായും അടുത്ത ബന്ധം പുലർത്തി. ഗുരുദേവ ശിഷ്യനായ സ്വാമി ആനന്ദ തീർത്ഥന്റെ ഹരിജനോത്ഥാരണ പ്രവർത്തനങ്ങളിൽ ആകൃഷ്ടനാവുകയും ആ മേഖലയിൽ സജീവമായി പ്രവർത്തിക്കുകയും ചെയ്തു. അരുവിപ്പുറം പ്രതിഷ്ഠാ ശതാബ്ദിയോടനുബന്ധിച്ച് വേടർ സമുദായംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് പശ്ചിമഘട്ട പദയാത്ര അരുവിപ്പുറത്തേക്ക് നടത്തി. ഇതാണ് സത്യം, സർവ്വമത പ്രാർത്ഥന, ഗുരുദേവനും ഇസ്ലാംമതവും സ്വാമി ആനന്ദതീർത്ഥർ, നാരായണഗുരു - അവധൂതന്റെ കഥ, വക്കം അബ്ദുൽഖാദർ ജീവിതവും കൃതികളും എന്നിവയാണ് താഹയുടെ രചനകൾ. ഭാര്യ: പരേതയായ നുജുമ. മക്കൾ: ജലാലുദ്ദീൻ, സോജ, ഫിർദൗസ് കായൽപ്പുറം (ചന്ദ്രിക ദിനപത്രം), തൗഫീഖ്, അക്ബർ. മരുമക്കൾ: ഇല്യാസ് മുഹമ്മദ്, നിഷ. കബറടക്കം കായൽപ്പുറം മുസ്ലിം ജമാഅത്ത് പളളിയിൽ നടന്നു.

ഫോട്ടോ: മുത്താനതാഹ