തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചർച്ചചെയ്യാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ വിളിച്ച സർവകക്ഷി യോഗത്തിൽ തർക്കം.താൻ വിളിച്ച യോഗം തന്റെ ഓഫീസിൽ തന്നെ നടത്തുമെന്നും ഓഫീസിന്റെ തലവൻ താനാണെന്നും ഒരു ഘട്ടത്തിൽ ടിക്കാറാം മീണ പറഞ്ഞു.
രാവിലെ 11 മണിക്കാണ് യോഗം വിളിച്ചിരുന്നത്. 11 പാർട്ടികളുടെ പ്രതിനിധികൾ നിശ്ചിത സമയത്തിന് മുമ്പേ എത്തിയെങ്കിലും യോഗം തുടങ്ങാൻ ഏതാനും നിമിഷം വൈകിയത് നേതാക്കളെ ചൊടിപ്പിച്ചു. നിയമസഭാ സമുച്ചയത്തിലുള്ള മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് മുറിയിലാണ് യോഗം നിശ്ചയിച്ചത്.വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതും ആവശ്യത്തിന് കസേരകൾ ഇല്ലാതിരുന്നതിലുമുള്ള അതൃപ്തി പ്രകടിപ്പിച്ചതാണ് തർക്കത്തിന് വഴി തെളിച്ചത്.
ബി.ജെ.പി പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ളയും ജെ.ആർ.പത്മകുമാറും പരിഭവം പ്രകടിപ്പിച്ചു. കൂടുതൽ സൗകര്യമുള്ള സ്ഥാലത്ത് യോഗം നടത്തുന്നതായിരുന്നു ഉചിതമെന്ന് ആനത്തലവട്ടം ആനന്ദനും ചൂണ്ടിക്കാട്ടി. സാധാരണ ഈ കാബിനിലല്ല സർവകക്ഷിയോഗം ചേരുന്നതെന്നും കൂടുതൽ സൗകര്യമുള്ള സ്ഥലത്താവണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമപരമായല്ല കാര്യങ്ങൾ നടത്തുന്നതെന്ന് ബി.ജെ.പി നേതാക്കൾ കുറ്റപ്പെടുത്തി.
നേതാക്കളുടെ രോഷപ്രകടനം തുടർന്നപ്പോൾ, ഇവിടെയാണ് താൻ യോഗം വിളിച്ചതെന്നും ഇവടെ തന്നെ നടത്തുമെന്നും മീണ പറഞ്ഞു. ഇത് ഒരു ഭരണഘടനാ സ്ഥാപനമാണെന്നും അതിന്റെ ബോസ് താനാണെന്നുമായി മീണ.നിങ്ങൾ എങ്ങനെ ഞങ്ങളുടെ ബോസാകുമെന്ന് ശ്രീധരൻപിള്ളയും പത്മകുമാറും തിരിച്ചു ചോദിച്ചു. രാഷ്ട്രീയ നേതാക്കളോട് ബഹുമാനത്തോടെ സംസാരിക്കണമെന്നും അവർ പറഞ്ഞു.അല്പസമയം കഴിഞ്ഞതോടെ അന്തരീക്ഷത്തിന് അയവുവന്നു.