peyad

മലയിൻകീഴ്: മുന്നറിയിപ്പില്ലാതെ റോഡിലെ കുഴിയടയ്‌ക്കൽ ജോലികൾ നടത്തിയത് പേയാട് - കുണ്ടമൺകടവ് റോഡിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. പ്ലസ് വൺ പരീക്ഷയ്‌ക്കും എസ്.എസ്.എൽ.സി പരീക്ഷയ്‌ക്കും പുറപ്പെട്ട നിരവധി കുട്ടികൾ ദുരിതത്തിലായി.

റോഡിന്റെ അറ്റകുറ്റപണികൾക്കിടെ ഒരു വശത്തുകൂടി വാഹനങ്ങൾ കടത്തിവിടാത്തത് യാത്രക്കാരെ വലച്ചു. റോഡിന്റെ പകുതി ഭാഗം അപഹരിച്ചാണ് യന്ത്രസഹായത്താൽ ടാർ മിശ്രിതം രൂപപ്പെടുത്തിയത്. വിളവൂർക്കൽ വഴിയുള്ള ഗതാഗതം കലുങ്ക് നിർമാണത്തെ തുടർന്ന് ദിവസങ്ങളായി നിരോധിച്ചിരിക്കുന്നു. മുന്നറിയിപ്പുണ്ടായിരുന്നെങ്കിൽ കാട്ടാക്കടയിൽ നിന്നുള്ള വാഹനങ്ങൾ മങ്കാട്ടുകടവ് വഴി നഗരത്തിൽ പ്രവേശിക്കുമായിരുന്നു. അറിയാതെ വന്നുപെട്ടവർ പേയാട് ജംഗ്ഷനിൽ കുടുങ്ങി. വഴിതിരിച്ചു വിടാനാവാതെ പൊലീസും നാട്ടുകാരും കാഴ്‌ചക്കാരായി നിന്നു. പേയാട് മുതൽ കുണ്ടമൺകടവു വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് തകർന്നിട്ട് മാസങ്ങൾ കഴിഞ്ഞു. റോഡിലെ കുഴികൾ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമായിട്ടും പൊതുമരാമത്ത് വകുപ്പ് ഇന്നലെവരെ നടപടി സ്വീകരിച്ചിരുന്നില്ല. ബി.എം.ബി.സി ടാറിംഗ് നടന്ന റോഡിൽ പലയിടത്തും ടാർ പാളികളായി ഇളകി മാറിയതാണ് കുഴികൾ രൂപപ്പെടാൻ കാരണം.