കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം തട്ടുപാലം ജംഗ്ഷനിൽ അപകടങ്ങൾ പതിവാകുന്നു. അപകടങ്ങൾ തുടർക്കഥയായിട്ടും വേണ്ടത്ര സുരക്ഷ സംവിധാനം ഒരുക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കുത്തിറക്കവും ചരിവും കൂടിയ ഈ ഭാഗത്താണ് പള്ളിക്കൽ റോഡ് വന്നുചേരുന്നത്. കല്ലമ്പലം ഭാഗത്തു നിന്ന് വരുന്ന സർവീസ് ബസുകൾ പള്ളിക്കലേക്കുള്ള റോഡിലേക്ക് കടക്കുന്നത് വളരെ സാഹസപ്പെട്ടാണ്. ചെറിയ അപകടം ഉണ്ടായാൽ പോലും ദേശീയപാതയിൽ മണിക്കൂറോളം നീണ്ട് നിൽക്കുന്ന ഗതാഗതകക്കുരുക്കാണ്. രാവിലെയും വൈകിട്ടുമാണ് റോഡ് മുറിച്ചു കടക്കാൻ ഏറെ പ്രയാസം. ഇവിടെ സിഗ്നലോ സൂചനാ ബോർഡുകളോ ഇല്ല. ഗതാഗത നിയന്ത്രണത്തിന് പൊലീസുകാർ ഇല്ലാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇവിടെ ഗതാഗതം നിയന്ത്രിക്കുന്നതിനായി പൊലീസിനെയോ ഹോം ഗാർഡിനെയോ നിയമിക്കണമെന്ന നാട്ടുകാരുടെ ആവശ്യങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. മിക്കവാറും ഇവിടെ വാഹനങ്ങളുടെ നീണ്ടനിര കാണാൻ കഴിയും. സമീപത്ത് സ്വകാര്യ ബാർ കൂടിയുള്ളതിനാൽ എപ്പോഴും ഇവിടെ തിരക്കാണ്. കാൽനടയാത്രികർക്ക് റോഡ് മറികടക്കാനും വളരെനേരം കാത്തുനിൽക്കേണ്ടി വരുന്നു. സിഗ്നൽ ലൈറ്റ് സ്ഥാപിക്കുകയോ, ഗതാഗതം നിയന്ത്രിക്കാൻ ഹോം ഗാർഡിനെ നിയമിക്കുകയോ വേണമെന്നാവശ്യം ശക്തമാണ്.