തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഫ്ളക്‌സ് ബോർഡുകളും ബാനറുകളും ഉൾപ്പെടെ, മണ്ണിൽ ദ്രവിച്ചുപോകാത്ത മാദ്ധ്യമങ്ങൾ ഉപയോഗിക്കരുതെന്ന ഹൈക്കോടതി ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പുറത്തിറക്കിയ ഉത്തരവിലെ പരിസ്ഥിതി സൗഹൃദ മാർഗനിർദ്ദേശങ്ങൾ:
. ബോർഡുകൾക്കും ബാനറുകൾക്കും പ്ളാസ്റ്രിക്കോ പി.വി.സിയോ ഉപയോഗിക്കാൻ പാടില്ല. പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പ്രചാരണത്തിനും അലങ്കാരത്തിനും ഉപയോഗിക്കുന്ന കൊടിതോരണങ്ങളും പ്ളാസ്റ്റിക്- പി.വി.സി മുക്തമാവണം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങൾ, സൂചകങ്ങൾ, ബോർഡുകൾ തുടങ്ങിയവയ്ക്ക് കോട്ടൺ തുണി, പേപ്പർ എന്നിവ ഉപയോഗിക്കണം.
എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളും പരമാവധി ഒഴിവാക്കണം.
പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവയുടെ ക്രമീകരണത്തിനും ഇലക്‌ഷൻ സാധന സാമഗ്രികളുടെ കൈമാറ്റത്തിനും പ്ളാസ്റ്റിക് വസ്തുക്കൾ നിയന്ത്രിക്കണം.
പോളിംഗ് ഉദ്യോഗസ്ഥരും ഏജന്റന്മാരും ഭക്ഷണ പദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവയ്ക്ക് പ്ളാസ്റ്റിക് പാത്രങ്ങൾ ഒഴിവാക്കണം.
ഹരിത കേരളം, ശുചിത്വ മിഷൻ എന്നീ ഏജൻസികളുടെ നേതൃത്വത്തിൽ ജില്ലാ, താലൂക്ക്, പഞ്ചായത്ത് തലത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഫെസിലിറ്റേഷൻ യൂണിറ്റുകൾ സജ്ജമാക്കണം.
പൊതു തിരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ഹരിത കേരള മിഷൻ, ശുചിത്വമിഷൻ, സന്നദ്ധ സംഘടനകൾ, വിവിധ രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവരുടെ സഹായത്തോടെ ഇലക്‌ഷൻ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യണം.
തിരഞ്ഞെടുപ്പിന് ഔദ്യോഗികമായി നൽകുന്ന ഫോട്ടോ, വോട്ടർ സ്ളിപ്പ്, രാഷ്ട്രീയ പാർട്ടികൾ നൽകുന്ന സ്ളിപ്പുകൾ എന്നിവ പോളിംഗ് ബൂത്തിലോ പരിസരത്തോ ഉപേക്ഷിക്കരുത്.