bjp

തിരുവനന്തപുരം : ദേശീയതലത്തിലും കേരളത്തിലും സി.പി.എമ്മിനും കോൺഗ്രസിനും ബദൽ ബി.ജെ.പി മാത്രമാണെന്ന് ദേശീയ ജനറൽ സെക്രട്ടറി മുരളീധർ റാവു പറഞ്ഞു. യുവമോർച്ച സംഘടിപ്പിച്ച യുവജന സംവാദ സദസായ 'യൂത്ത് ടൗൺഹാളി"ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസനത്തിനും സാമൂഹ്യ മുന്നേറ്റത്തിനും സാക്ഷ്യം വഹിച്ച അഞ്ച് വർഷങ്ങളാണ് ഇന്ത്യയിൽ കടന്നുപോകുന്നത്. തിരഞ്ഞെടുപ്പിൽ ബി.ജെ.പി 300 സീറ്റ് നേടും. ഓരോ സംസ്ഥാനങ്ങളിലും ഒാരോ പാർട്ടികളുമായാണ് കോൺഗ്രസിന് കൂട്ട്. ആരാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് അവർക്ക് മറുപടിയില്ലെന്നും മുരളീധർ റാവു പറഞ്ഞു.

കേരളത്തോട് വിവേചനമില്ല

ബി.ജെ.പി ഭരിക്കുന്നില്ലെങ്കിലും കേരളത്തോട് കേന്ദ്രം ഒരിക്കലും വിവേചനം കാണിച്ചിട്ടില്ല. എൽ.ഡി.എഫ് സർക്കാർ അഴിമതിയിൽ മുങ്ങി. ഇവിടെ ആര് ജയിച്ചാലും ഡൽഹിയിൽ ഇരുകൂട്ടരും ഒറ്റക്കെട്ടായിരിക്കും. ശബരിമല വിഷയത്തിൽ റിവ്യൂ ഹർജി നൽകാതെ വിശ്വാസികളെ സർക്കാർ വ‌ഞ്ചിച്ചെന്നും അദ്ദേഹം പറഞ്ഞു.

യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, പി.കെ. കൃഷ്ണദാസ്, ജെ.ആർ. പദ്മകുമാർ, ഹരി എസ്. കർത്ത തുടങ്ങിയവർ പങ്കെടുത്തു.