muthana

വർക്കല: മതാതീതമായൊരു മനുഷ്യജന്മമായിരുന്നു ഇന്നലെ അന്തരിച്ച എഴുത്തുകാരനും സാമൂഹ്യ, സാംസ്കാരിക പ്രവർത്തകനുമായ മുത്താന താഹയുടേത്. ശ്രീനാരായണ ധർമ്മ പ്രചാരണത്തിനായി ഉഴിഞ്ഞു വച്ചതായിരുന്നു താഹയുടെ ജീവിതം. ഭൗതികജീവിതത്തിന്റെ ഇല്ലായ്മയിലും വല്ലായ്മയിലും രണ്ടറ്രം മുട്ടിക്കുവാൻ പാടുപെടുമ്പോഴും താഹയുടെ മനസിന്റെ വെളിച്ചം ശ്രീനാരായണഗുരുദേവ ദർശനമായിരുന്നു. ശിവഗിരി തീർത്ഥാടനത്തിലും നാരായണഗുരുകുല കൺവെൻഷനിലും പങ്കെടുത്തുകൊണ്ടാരംഭിച്ചതായിരുന്നു ഗുരുദർശനവുമായുള്ള താഹയുടെ ബന്ധം. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശം കൊച്ചുതാഹയുടെ മനസിൽ കുട്ടിക്കാലത്തുതന്നെ ഉറച്ചുപോയി. ജീവിതാവസാനം വരെ അതിന് ഇളക്കം തട്ടിയിട്ടുമില്ല.

ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം നാരായണഗുരുകുലത്തിൽ അന്തേവാസിയായി. ഗുരുകുല സ്ഥാപകൻ നടരാജഗുരു, നിത്യചൈതന്യയതി, പ്രസാദ് അണ്ണൻ (ഇപ്പോഴത്തെ ഗുരുകുലാദ്ധ്യക്ഷൻ മുനി നാരായണപ്രസാദ്) എന്നിവരാണ് അന്ന് ഗുരുകുലത്തിലുളളത്. ഈ മഹാമേരുക്കളുടെ തണലിലാണ് ജാതി മത ചിന്തകൾക്കതീതമായ ഒരു വ്യക്തിജീവിതം കെട്ടിപ്പടുക്കുവാൻ കഴിഞ്ഞതെന്ന് താഹ പറയുമായിരുന്നു. ഗുരുകുലത്തിന്റെ മുഖപത്രമായ ഗുരുകുലം മാസികയുടെ പ്രചാരകനായി ദീർഘകാലം താഹ പ്രവർത്തിക്കുകയും ചെയ്തു. കുടുംബ ജീവിതം തുടങ്ങിയതോടെയാണ് മറ്റു ജീവിത മാർഗങ്ങൾ തേടി ഗുരുകുലം വിട്ടത്. പുനലൂരിൽ നിന്ന് പി.ഒ. തോമസ് വൈദ്യൻ ആരംഭിച്ച വൈദ്യഭാരതം മാസികയുടെ പത്രാധിപ സമിതി അംഗമായും പ്രവർത്തിക്കുകയുണ്ടായി. കേരളപാത എന്നൊരു സാംസ്കാരിക മാസികയും കുറെക്കാലം നടത്തി. എല്ലാം ഇട്ടെറിഞ്ഞ് ഗുരുസന്ദേശ പ്രചാരണത്തിന്റെ വഴിയിലേക്ക് മാത്രമായി താഹ ഇറങ്ങി വരികയായിരുന്നു. ഗുരു നിത്യചൈതന്യയതിക്ക് താഹയോടുണ്ടായിരുന്നത് കേവലം സ്നേഹവാത്സല്യം മാത്രമായിരുന്നില്ല. തനിക്കു കിട്ടുന്ന ദക്ഷിണയിൽ നിന്ന് ഒരുഭാഗം താഹയുടെ കുടുംബപ്രാരാബ്ധങ്ങൾ പരിഹരിക്കുവാൻ സ്വകാര്യമായി നൽകുകയും ചെയ്യുമായിരുന്നു. നിത്യചൈതന്യയതിയുടെ നിർദ്ദേശ പ്രകാരം ആദ്യമായി നാരായണഗുരുവിന്റെ ജീവചരിത്രം കുട്ടികൾക്കുവേണ്ടി കുഞ്ഞുങ്ങളുടെ നാരായണഗുരു എന്ന പേരിൽ പ്രസിദ്ധപ്പെടുത്തി.

സ്വാമി ശാശ്വതികാനന്ദയുമായും താഹയ്ക്ക് ഏറെ അടുപ്പമുണ്ടായിരുന്നു. കുറെക്കാലം ശിവഗിരിയിലും പ്രവർത്തിച്ചു. ഇതിനിടെയാണ് ഗുരുദേവന്റെ ശിഷ്യപ്രമുഖനായിരുന്ന സ്വാമി ആനന്ദതീർത്ഥന്റെ ഹരിജനോദ്ധാരണ പ്രവർത്തനങ്ങളിൽ താഹ ആകൃഷ്ടനായത്. പിന്നീട് ആ വഴിക്കായി പ്രവർത്തനം. രാത്രികാലങ്ങളിൽ വേടർകോളനികളിൽ സാക്ഷരതാക്ലാസുകൾ നടത്തി. 1989ൽ 100 ക്ലാസുകളാണ് ഇത്തരത്തിൽ താഹ നടത്തിയത്.

മലയാള സാഹിത്യത്തിലെ ആദ്യകാല വിമർശകരിൽ ഒരാളായ വക്കം അബ്ദുൽഖാദറിന് മഹാകവി ജി. ശങ്കരക്കുറുപ്പ് അയച്ച കത്തുകളുടെ ഒരു സമാഹാരം ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി താഹ പ്രസിദ്ധീകരിക്കുകയുണ്ടായി. ഇതാണ് സത്യം, സർവമത പ്രാർത്ഥന, ഗുരുദേവനും ഇസ്ലാംമതവും, സ്വാമി ആനന്ദതീർത്ഥർ, നാരായണഗുരു അവധൂതന്റെ കഥ, വെള്ളിത്തളിക, വക്കം അബ്ദുൽഖാദർ ജീവിതവും കൃതികളും എന്നിവയാണ് താഹ രചിച്ച മറ്റു പുസ്തകങ്ങൾ. ഇതൊക്കെയാണെങ്കിലും ശ്രീനാരായണ ധർമ്മ പ്രചാരണത്തിൽ കവിഞ്ഞ ഒരു അജൻഡ താഹയുടെ ജീവിതത്തിൽ അവസാനകാലം വരെയും ഉണ്ടായിട്ടില്ല. കേരളകൗമുദിയുടെ വർക്കല ബ്യൂറോയിലെ പതിവ് സന്ദർശകനായിരുന്നു മുത്താനതാഹ. കാവിമുണ്ടും കോളറുള്ള ജൂബയും തോളിലൊരു തുണിസഞ്ചിയുമായി ഒരവധൂതനെപ്പോലെ താഹ ഇനി ബ്യൂറോയിലേക്ക് വരില്ല.