വെമ്പായം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അദ്ധ്യാപകരോടൊപ്പം നാട്ടുകാരും ഊർജിതമായി രംഗത്തിറങ്ങിയപ്പോൾ മികവിന്റെ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കന്യാകുളങ്ങര ഗവ.എൽ.പി.എസ്. 'ഓരോ കുട്ടിയും മികവിലേക്ക് ' എന്ന ലക്ഷ്യവുമായി മികവുകൾക്കുള്ള പുത്തൻ പദ്ധതികൾ ഒരുക്കുകയാണ് ഇവിടത്തെ സ്കൂൾ അധികൃതർ. പ്രീ പ്രൈമറി ക്ലാസിൽ പാഠ്യ പാഠ്യേതര മികവുകളിൽ കണിയാപുരം സബ് ജില്ലയിൽ മുന്നിൽ നിൽക്കുന്ന ഈ വിദ്യാലയം പ്രീ പ്രൈമറി തലത്തെയും സബ് ജില്ലയിൽ മുൻനിരയിൽ എത്തിക്കാനുള്ള തയാറെടുപ്പിലാണ്. പ്രീ പ്രൈമറി വിഭാഗത്തിൽ 5 ഡിവിഷനുകളിലായി 130 ൽ പരം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വെമ്പായം, മാണിക്കൽ പഞ്ചായത്തുകൾക്ക് വേണ്ടിയുള്ള പ്രീ പ്രൈമറി ലീഡിംഗ് ക്ലാസ് റൂം ഇവിടെ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി ശിശു സൗഹൃദവും ശിശു കേന്ദ്രീകൃതവുമായ വസ്തുക്കൾ സജ്ജീകരിച്ചിട്ടുള്ള 'കളിവീട്' നിർമ്മിച്ചു കഴിഞ്ഞു. പരിമിതിയ്ക്കുള്ളിൽ നിന്നു കൊണ്ട് വളരെ മനോഹരമായാണ് ഈ 'കളിവീട്' നിർമ്മിച്ചിട്ടുള്ളത്. കുട്ടികൾക്ക് കളിക്കാനും ഇഷ്ടപ്രകാരം കളിപ്പാട്ടങ്ങൾ കൈകാര്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഇവിടെ ഉണ്ട്. തീമാറ്റിക് ബോർഡ്, വിഷയാടിസ്ഥാനത്തിൽ സജ്ജീകരിച്ച ഇടങ്ങൾ, പരിസ്ഥിതി സൗഹൃദ അന്തരീക്ഷം എന്നിവയൊക്കെ ഇതിന്റെ ഭാഗമാണ്. വെമ്പായം, മാണിക്കൽ പഞ്ചായത്തുകളിലെ പ്രീ പ്രൈമറി, അംഗൻവാടി കുട്ടികൾക്ക് ഈ 'കളിവീട്' ഉപയോഗിക്കാമെന്ന് എച്ച്.എം പി.വിമല അനിൽകുമാർ അറിയിച്ചിട്ടുണ്ട്. എസ്.എസ്.എ അനുവദിച്ച 50,000 രൂപയ്ക്കു പുറമേ കന്യാകുളങ്ങര പ്രദേശത്തെ നാട്ടുകാരുടെ കൂടി സഹായത്തോടെയാണ് ഒന്നേകാൽ ലക്ഷം രൂപ ചെലവായ ഈ സംരംഭം പൂർത്തീകരിച്ചത്. പ്രശസ്ത ആർട്ടിസ്റ്റും ആർക്കിടെക്ടുമായ സുനിൽ അഗസ്ത്യയാണ് 'കളിവീട് ' നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്. ഈ വർഷത്തെ സ്കൂൾ വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കളിവീട് ഉദ്ഘാടനം ചെയ്യാനാണ് അധികൃതരുടെ തീരുമാനം.