തിരുവനന്തപുരം:ലോകസഭയിലേക്ക് ഇടത് സ്ഥാനാർത്ഥികൾ ജയിച്ചാൽ മാത്രമേ രാജ്യത്ത് മതനിരപേക്ഷ സർക്കാർ വരുമെന്ന് ഉറപ്പാകൂ എന്നും കോൺഗ്രസ് ഇപ്പോൾ ബി.ജെ.പി.യുടെ റിക്രൂട്ടിംഗ് കേന്ദ്രമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

തിരുവനന്തപുരം ലോക്‌സഭാമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

ബി.ജെ.പി മാറി കോൺഗ്രസ് സർക്കാർ വന്നതുകൊണ്ടു മാത്രമായില്ല.നയങ്ങളും മാറണം. അത് ഇടതുപക്ഷത്തിന്റെ സാന്നിദ്ധ്യത്തിലൂടെ മാത്രമേ കഴിയുകയുള്ളൂ. ഇടതുപക്ഷം രാജ്യത്ത് ഒരിക്കലും വലിയ ശക്തിയായിരുന്നില്ല. എന്നാൽ ഭരണത്തിൽ അവർ വലിയതോതിൽ ഇടപെട്ടിരുന്നു.ഒന്നാം യു.പി.എ.സർക്കാർ വന്നത് ഇടതു പിന്തുണയോടെയാണ്. കോൺഗ്രസിനോടുള്ള വ്യാമോഹം കൊണ്ടല്ല അന്ന് പിന്തുണച്ചത്. ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിറുത്താനാണ്. അന്ന് തൊഴിലുറപ്പ് പദ്ധതിയും വനാവകാശ നിയമവും നടപ്പായത് ഇടതുസ്വാധീനം കൊണ്ടാണ്.

വർഗ്ഗീയതയിലും സാമ്പത്തിക നയത്തിലും മോദിസർക്കാരും മുൻ കോൺഗ്രസ് സർക്കാരും തമ്മിൽ വ്യത്യാസമില്ല. ഗോവധത്തിന്റെ പേരിൽ കലാപം നടക്കുമ്പോൾ ഗോവധം നിരോധിച്ചത് തങ്ങളാണെന്നാണ് കോൺഗ്രസ് വാദിച്ചത്.രാമജൻമഭൂമിയുടെ പേരിൽ സംഘപരിവാർ സുപ്രീംകോടതിയെ വരെ വെല്ലുവിളിക്കുമ്പോൾ അധികാരത്തിൽ വന്നാൽ രാമക്ഷേത്രം നിർമ്മിക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം. ഇതെല്ലാം വർഗ്ഗീയ ശക്തികളെയാണ് സഹായിക്കുക.

കോൺഗ്രസിലെ നിരവധി നേതാക്കൾ ഇന്ന് ബി.ജെ.പിയിലാണ്. ഗുജറാത്തിൽ നാല് കോൺഗ്രസ് എം.എൽ.എമാർ ബി.ജെ.പിയിലെത്തി.കർണാടകത്തിൽ ബി.ജെ.പിയിൽ ചേരാൻ കോൺഗ്രസ് നേതാക്കൾ ക്യൂ നിൽക്കുകയാണ്.

മോദി ഭരണം അഞ്ച് വർഷം കൂടി തുടർന്നാൽ പാവപ്പെട്ടവർ കൂടുതൽ പാവപ്പെട്ടവരും സമ്പന്നർ കൂടുതൽ സമ്പന്നരുമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പുത്തരിക്കണ്ടം മൈതാനത്ത് നടന്ന കൺവെൻഷനിൽ സി.പി.എം.സംസ്ഥാന സമിതിയംഗം എം.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, ഇ.ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ, എ.സമ്പത്ത് എം.പി, ഇടതുമുന്നണി നേതാക്കളായ നീലലോഹിത ദാസൻനാടാർ, ടി.പി.പീതാംബരൻ മാസ്റ്റർ,സി.വേണുഗോപാലൻ നായർ,ആനാവൂർ നാഗപ്പൻ, ആനത്തലവട്ടം ആനന്ദൻ, എം.എം.മാഹിൻ, ചാരുപാറ രവി,സത്യൻ മൊകേരി, മേയർ വി.കെ.പ്രശാന്ത്, സി.കെ.ഹരീന്ദ്രൻ എം.എൽ.എ, തുടങ്ങിയവർ സംസാരിച്ചു. ജി.ആർ. അനിൽ സ്വാഗതം പറഞ്ഞു.