aana

തിരുവനന്തപുരം: കരിക്കകം ഗണപതി കോവിലിന് സമീപം ഉത്സവത്തിനായി കൊണ്ടുവന്ന ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 8.30 ഓടെയായിരുന്നു സംഭവം. കരിക്കകം മൂലയിൽ പറമ്പ് ക്ഷേത്രത്തിലെ ഉത്സവത്തിനായി കൊണ്ടുവന്ന പാരിപ്പള്ളി പുതുക്കുളം വിഷ്‌ണുവെന്ന ആനയാണ് ഇടഞ്ഞത്. രാവിലെ വാഹനത്തിൽ നിന്ന് റോഡിലേക്ക് ഇറക്കിയ ആന വിമാനത്തിന്റെയും ബസിന്റെയും ശബ്ദം കേട്ടതോടെ വിരണ്ടോടുകയായിരുന്നു. ഇടഞ്ഞ ആനയെ രണ്ട് മണിക്കൂർ കഴിഞ്ഞ് ആയിരംതോപ്പ് ഭാഗത്ത് നിന്നു പാപ്പാൻമാർ തളച്ചു. ആനയറ വേൾഡ് മാർക്കറ്റ് പരിസരത്തേക്ക് വിരണ്ട് ഓടിക്കയറിയ ആനയെ ഇംഗ്ളീഷ് ഇന്ത്യൻ ക്ളേ ഫാക്ടറിക്കു സമീപത്തെ ആയിരംതോപ്പിൽ വച്ചാണ് തളച്ചത്. ആന ഇടഞ്ഞത് കണ്ട് പരിഭ്രാന്തരായി ഓടിയ ചില പ്രദേശവാസികൾക്ക് നിസാര പരിക്കുണ്ട്. മറ്റ് നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ലെന്നും പേട്ട പൊലീസ് പറഞ്ഞു.