തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി നളിനിനെറ്റോയുടെ രാജിയുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ വന്ന വാർത്തകളെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. തിരുവനന്തപുരത്തെ ഇടതുസ്ഥാനാർത്ഥി സി.ദിവാകരന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉത്ഘാടനം ചെയ്യുന്നതിനിടെയാണ് അദ്ദേഹം മാദ്ധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്.
നേരായ കാര്യത്തെ തന്നെ എങ്ങിനെ വക്രീകരിക്കാമെന്നതിന്റെ ഉദാഹരണത്തിന് ഇന്നത്തെ പത്രങ്ങൾ നോക്കിയാൽ മതി. പ്രധാനപത്രങ്ങൾ ഒരുകാര്യം റിപ്പോർട്ട് ചെയ്തു. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി അഭിപ്രായവ്യത്യാസം മൂലം രാജിവച്ചു. അതിന് ന്യായീകരണമായി അവർ കുറെ കാര്യങ്ങൾ പറഞ്ഞു. ഒാഫീസുമായി അഭിപ്രായവ്യത്യാസം. ചിലർ രാത്രി ചാനലുകളിലും വിളിച്ചു പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒാഫീസിലെ ഒരു പ്രധാനിയുമായാണ് ചീഫ് പ്രിൻസിപ്പിൽ സെക്രട്ടറിക്ക് അഭിപ്രായവ്യത്യാസം, ഇപ്പോൾ രാജിവച്ച പ്രൈവറ്റ് സെക്രട്ടറിയായിരുന്നു പലപ്പോഴും ഇതിനെല്ലാം മദ്ധ്യസ്ഥം പറഞ്ഞിരുന്നത് എന്നുവരെ പറഞ്ഞു. ഇതിന്റെ സത്യാവസ്ഥ മുഖ്യമന്ത്രിയുടെ ഒാഫീസിൽ അന്വേഷിക്കാൻ ആരും മെനക്കെട്ടില്ല. തങ്ങൾക്ക് തോന്നിയത് അടിച്ചുവിടുകയാണ്. ഇന്നലെ ഉച്ചയ്ക്ക് മുഖ്യമന്ത്രി ഒരുകടലാസിൽ ഒപ്പുവെച്ചതോടെ ഇതിന് അവസാനമായി. പിരിഞ്ഞുപോയ നളിനിനെറ്റോയുടെ സഹോദരൻ മോഹനനെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചുകൊണ്ടുള്ളതായിരുന്നു ആ കടലാസ്. അതിലാണ് ഒപ്പുവെച്ചത്. അങ്ങിനെയൊരു സ്ഥാനം സഹോദരൻ ഏറ്റെടുക്കുമ്പോൾ അവിടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇരിക്കുന്നത് ഒൗചിത്യമല്ലെന്ന് അവർക്ക് തന്നെ തോന്നിയതുകൊണ്ടാണ് രാജിവച്ചത്. അതാണ് വസ്തുത. ഇതൊക്കെയാണ് നമ്മുടെ പ്രചരണ രീതി. ശരിയായ കാര്യങ്ങൾ തന്നെ വക്രീകരിക്കാൻ പലരും നമ്മുടെ നാട്ടിലുണ്ട്.മുഖ്യമന്ത്രി പറഞ്ഞു.