uefa-champions-league-cri
uefa champions league cristiano

ടൂറിൻ : അതേ, ഇതിനുവേണ്ടിത്തന്നെയാണ് യുവന്റസ് എന്നെ സ്വന്തമാക്കിയത്. കഴിഞ്ഞ രാത്രി ഇറ്റാലിയൻ ക്ളബിനെ യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തിച്ച ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോ നെഞ്ചുവിരിച്ചുനിന്നുപറഞ്ഞു.

യുവന്റസ് ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തുന്നത് ഇതാദ്യമല്ല. 1996 ൽ കിരീടം നേടിയശേഷം സെമിയിലും ഫൈനലിലും കളിച്ചിട്ടുമുണ്ട്. പക്ഷേ ഇക്കുറി കഥ വേറെയാണ്.

ആദ്യപാദ പ്രീക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ളബ് അത്‌ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റ യുവന്റസാണ് രണ്ടാംപാദത്തിൽ 3-0 ത്തിന് വിജയത്തിന്റെ അകമ്പടിയോടെ അവസാന എട്ടിലേക്ക് കടന്നിരിക്കുന്നത്. ആ മൂന്ന് ഗോളുകളും നേടിയത് സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയാണെന്നതാണ് അദ്ദേഹത്തിന്റെ കേളീ മഹത്വം വിളിച്ചോതുന്നത്.

വർഷങ്ങളായി ഇറ്റാലിയൻ സെരി എയിൽ നിരന്തരം കിരീടം നേടിക്കൊണ്ടിരിക്കുന്ന യുവന്റസ് കഴിഞ്ഞ സീസണിനൊടുവിൽ റയൽ മാഡ്രിഡിൽനിന്ന് 33 കാരനായ ക്രിസ്റ്റ്യാനോയെ കൊടുക്കാവുന്നതിൽ ഏറ്റവുമുയർന്ന വില നൽകി കൂടെകൂട്ടിയത് യൂറോപ്പിലെ ഒന്നാംകിട കിരീടം സ്വന്തം ഷോക്കേസിലെത്തിക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തോടെയായിരുന്നു. ഇൗ സ്വപ്നത്തിന് കനത്ത തിരിച്ചടിയാകുമായിരുന്നു പ്രീക്വാർട്ടറിൽ പുറത്തായിരുന്നെങ്കിൽ. ഇതുവരെ ആദ്യപാദത്തിൽ തോറ്റശേഷം അടുത്ത റൗണ്ടിലേക്ക് കടക്കുന്ന പതിവ് യുവന്റസിനും ഇല്ലായിരുന്നു. അസാദ്ധ്യമായത് സാദ്ധ്യമാക്കുകയായിരുന്നു. നിർണായക ഘട്ടത്തിൽ ക്രിസ്റ്റ്യാനോ.

21ന് തങ്ങളുടെ തട്ടകത്തിൽ നടന്ന ആദ്യപാദ പ്രീക്വാർട്ടറിന്റെ രണ്ടാം പകുതിയിൽ ജിമിനെസും ഡീഗോ ഗോഡിനും നേടിയ അപ്രതീക്ഷിത ഗോളുകൾക്കാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ജയിച്ചിരുന്നത്.

ക്രിസ്റ്റ്യാനോ ഹാട്രിക്

തകർപ്പൻ രണ്ട് ഹെഡറുകളും ഒരു പെനാൽറ്റി കിക്കുമാണ് രണ്ടാംപാദത്തിൽ ക്രിസ്റ്റ്യാനോ അത്‌ലറ്റിക്കോ വലയിൽ നിക്ഷേപിച്ചത്. ആദ്യപകുതിയിൽ ഒന്നും രണ്ടാം പകുതിയിൽ രണ്ടും ഗോളുകളുമാണ് ക്രിസ്റ്റ്യാനോ സ്വന്തമാക്കിയത്.

1-0

27-ാം മിനിട്ട്

ബെർണാദേഷി ഉയർത്തി നൽകിയ പന്ത് യുവാൻ ഫ്രാന്റെ പ്രതിരോധത്തെ ചാടി ഉയർന്ന് മറികടന്നാണ് ക്രിസ്റ്റ്യാനോ വലയിലേക്ക് തലകൊണ്ട് തട്ടിയിട്ടത്.

2-0

49-ാം മിനിട്ട്

രണ്ടാംപകുതിയുടെ തുടക്കത്തിൽ തന്നെ അടുത്തഗോൾ. യാവോ കാൻസെലോ നൽകിയ ഹൈക്രോസിനെ രണ്ട് ഡിഫൻഡർമാരെ വെട്ടിച്ചാണ് ക്രിസ്റ്റ്യാനോ ഹെഡ് ചെയ്തത്.

3-0

86-ാം മിനിട്ടിൽ ബെർണാദേഷിയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റികിക്ക് വലയിലാക്കിയാണ് ക്രിസ്റ്റ്യാനോ ഹാട്രിക് ആഘോഷിച്ചത്.

8

. ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോയുടെ എട്ടാമത്തെ ഹാട്രിക്കാണിത്. മെസിക്കൊപ്പം ഇക്കാര്യത്തിൽ ഒന്നാംസ്ഥാനത്ത്.

77

ചാമ്പ്യൻസ് ലീഗിൽ ഇതുവരെ കളിച്ച 77 നോക്കൗട്ട് മത്സരങ്ങളിൽ 77 ഗോളുകളിൽ ക്രിസ്റ്റ്യാനോ പങ്കാളിയായിട്ടുണ്ട്. (63 ഗോളുകൾ നേടി, 14 എണ്ണത്തിന് വഴിയൊരുക്കി).

124

ചാമ്പ്യൻസ് ലീഗിൽ ആകെ 124 ഗോളുകൾ ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. അത്‌ലറ്റിക്കോ മാഡ്രിഡ് ക്ളബ് മൊത്തത്തിൽ ടൂർണമെന്റിൽ നേടിയിട്ടുള്ള ഗോളുകളെക്കാൾ (118) ആറെണ്ണം അധികം.

25

ഗോളുകൾ അത്‌‌ലറ്റിക്കോ മാഡ്രിഡിനെതിരായി ക്രിസ്റ്റ്യാനോ തികച്ചു.

ഏഴഴകിൽ മാഞ്ചസ്റ്റർ സിറ്റി

രണ്ടാംപാദത്തിൽ ഷൽക്കെയെ 7-0 ത്തിന് തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി

ലണ്ടൻ : രണ്ടാംപാദ പ്രീക്വാർട്ടർ ഫൈനലിൽ ജർമ്മൻ ക്ളബ് ഷാൽക്കെയെ എതിരില്ലാത്ത ഏഴ് ഗോളുകൾക്ക് തകർത്തെറിഞ്ഞ് മാഞ്ചസ്റ്റർ സിറ്റി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിലെത്തി. ആദ്യപാദത്തിൽ 3-2ന് ജയിച്ചിരുന്ന സിറ്റി 10-2 എന്ന ഗോൾ മാർജിനിലാണ് അവസാന എട്ടിലേക്ക് എത്തിയിരിക്കുന്നത്.

സിറ്റി ഗോൾസ്

35-സെർജി അഗ്യൂറോ

38- സെർജി അഗ്യൂറോ

42-ലെറോയ് സാനേ

56- റഹിം സ്റ്റാർലിംഗ്

71- ബെർനാഡോ സിൽവ

78-ഫോഡൻ

84-ഗബ്രിയേൽ ജീസസ്

7-0

ഇതിനുമുമ്പ് ബയേൺ മ്യൂണിക് മാത്രമേ ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഇൗ മാർജിനിൽ വിജയിച്ചിട്ടുള്ളൂ. 2011/12 സീസണിൽ ബാസലിനെയും 2014/15 സീസണിൽ ഷാക്‌‌തറിനെയും ബയേൺ ഇൗ സ്കോറിന് തോൽപ്പിച്ചിരുന്നു.