ലണ്ടൻ : കാണികൾക്ക് ആവേശം പകരുന്ന രീതിയിൽ ടെസ്റ്റ് ക്രിക്കറ്റിനെ പരിഷ്കരിക്കാൻ നിർദ്ദേശങ്ങളുമായി ക്രിക്കറ്റ് നിയമങ്ങൾ പരിഷ്കരിക്കുന്ന ലണ്ടനിലെ മെർലിബോൺ ക്രിക്കറ്റ് ക്ളബ്. മുൻ ഇംഗ്ളണ്ട് ക്യാപ്ടൻ മൈക്ക് ഗാറ്റിംഗ് അദ്ധ്യക്ഷനായ ക്രിക്കറ്റ് കമ്മിറ്റിയാണ് നിർദ്ദേശങ്ങൾക്ക് രൂപം നൽകിയത്. മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി കൂടി അംഗമായ ക്രിക്കറ്റ് കമ്മിറ്റി കഴിഞ്ഞവാരം ബംഗളുരുവിൽ യോഗം ചേർന്നാണ് പരിഷ്കാരങ്ങൾ ചർച്ച ചെയ്തത്.
ഒാവറുകൾക്കിടയിൽ വെറുതെ സമയം കളയുന്നു എന്നതാണ് കാണികളെ ടെസ്റ്റിൽ നിന്ന് അകറ്റുന്നതെന്ന് ക്രിക്കറ്റ് കമ്മിറ്റി നിഗമനത്തിലെത്തി. സ്ളോ ഒാവർ റേറ്റ് അടക്കമുള്ള കാര്യങ്ങളിൽ സമഗ്ര പരിഷ്കാരമാണ് ക്രിക്കറ്റ് കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.
പ്രധാന ശുപാർശകൾ
1. ഒാവർ പൂർത്തിയായാൽ ഉടൻ സ്കോർ ബോർഡിൽ 45 സെക്കൻഡ് അടയാളപ്പെടുത്തി ടൈമർ കൗണ്ട് ഡൗൺ തുടങ്ങും. പൂജ്യത്തിലെത്തുന്നതിന് മുമ്പ് അടുത്ത ഒാവർ തുടങ്ങിയിരിക്കണം.
പുതിയ ബാറ്റ്സ്മാൻ സ്ട്രൈക്കിലെത്തുകയാണെങ്കിൽ 60 സെക്കൻഡ് വരെയും ബൗളർ ചേഞ്ച് ആണെങ്കിൽ 80 സെക്കൻഡ് വരെയും സമയമെടുക്കും.
ഇൗ സമയത്തിനിടയിൽ ഏതെങ്കിലും ടീം തയ്യാറായില്ലെങ്കിൽ ഒരുതവണ മുന്നറിയിപ്പും രണ്ടാംതവണ അഞ്ച് റൺസ് പെനാൽറ്റിയും വിധിക്കും.
2. വിക്കറ്റ് വീഴുമ്പോൾ അടുത്ത ബാറ്റ്സ്മാൻ ക്രീസിലെത്താനും ടൈമർ ഉപയോഗിക്കും.
3. അമ്പയർ ഡിസിഷൻ റിവ്യൂ സിസ്റ്റത്തിനായി അധികസമയം കളയുന്നത് ഒഴിവാക്കും. വളരെ പെട്ടെന്ന് ടിവി അമ്പയർ തീരുമാനമെടുക്കണം.
4. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മാനകമായ ബാൾ ഉപയോഗിക്കും. ഇപ്പോൾ ഇന്ത്യയിൽ എസ്.ജിയുടെ പന്തും ഇംഗ്ളണ്ടിലും വിൻഡീസിലും ഡ്യൂക് പന്തുകളും ദക്ഷിണാഫ്രിക്കയിലും ആസ്ട്രേലിയയിലുംകൂക്കാബുറയുമാണ് ഉപയോഗിക്കുന്നത്.
5. ടെസ്റ്റ് മത്സരങ്ങളിലും നോബാളിന് ഫ്രീ ഹിറ്റ് ഏർപ്പെടുത്തും.