തിരുവനന്തപുരം : എ.ആർ ക്യാമ്പിലെ പൊലീസുകാർ ശനിയാഴ്ച തമ്മിലടിച്ചതിന് പിന്നാലെ പേരൂർക്കട എസ്.എ.പി ക്യാമ്പിലും പൊലീസുകാർ ഏറ്റുമുട്ടി. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എസ്.എ.പി ജില്ലാ സെക്രട്ടറിയും എ.എസ്.ഐയുമായ ആനന്ദും ആംഡ് പൊലീസ് ഇൻസ്പെക്ടർ ശ്രീകുമാറുമാണ് ഇന്നലെ ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ഇരുകൂട്ടരും കമൻഡാന്റിന് പരാതിയും നൽകി.
ഇന്നലെ വൈകിട്ട് 3 മണിയോടെ എസ്.എ.പിയിലെ ക്വാട്ടർ മാസ്റ്റർ റൂമിന് സമീപത്തായിരുന്നു സംഭവം. വെള്ളിയാഴ്ചകളിൽ നടക്കുന്ന പരേഡിൽ പങ്കാളിത്തം കുറവായതിനാൽ എല്ലാവരും കൃത്യമായി പങ്കെടുക്കണമെന്ന് കമൻഡാന്റ് ടി.എസ്. സേവ്യർ നിർദ്ദേശിച്ചിരുന്നെങ്കിലും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും സംഘടനാ നേതാക്കൾ പരേഡിൽ പങ്കെടുത്തില്ല. ഇക്കാര്യം ഇൻസ്പെക്ടർ ശ്രീകുമാർ കമൻഡാന്റിനെ അറിയിച്ചു. തുടർന്ന് യൂണിഫോമിൽ കമൻഡാന്റ് ഓഫീസിലേക്ക് പോയ ശ്രീകുമാറിനെ എ.എസ്.ഐ ആനന്ദ് തടഞ്ഞു നിറുത്തിയ ശേഷം അനാവശ്യകാര്യങ്ങളിൽ ഇടപെടുന്നത് എന്തിനെന്ന് ചോദിച്ചു.
താൻ ഡ്യൂട്ടി മാത്രമാണ് ചെയ്തതെന്നും ഇനിയും അത് ചെയ്യുമെന്നും ശ്രീകുമാർ മറുപടി നൽകി. ഇതാണ് ഏറ്റുമുട്ടാൻ കാരണം. തുടർന്ന് ഇരുവരും കമൻഡാന്റിന് പരാതി നൽകി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമൻഡാന്റ് എ.സിക്ക് നിർദ്ദേശം നൽകി. എന്നാൽ സംഘടനാ നേതാവിന് അനുകൂലമായി റിപ്പോർട്ട് നൽകാനുള്ള ശ്രമം ആരംഭിച്ചതായി ആക്ഷേപമുയർന്നിട്ടുണ്ട്.
രണ്ട് പേരും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡ്മിനിസ്ട്രേഷന്റെ ചുമതലയുള്ള എ.സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്."
-ടി.എസ്. സേവ്യർ
എസ്.എ.പി കമൻഡാന്റ്