തിരുവനന്തപുരം: കരമന തളിയലിൽ അനന്ദു ഗിരീഷിനെ കൊലപ്പെടുത്തിയ പ്രതികൾ ക‌ഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ 28 വയസിൽ താഴെയുള്ള ആറുപേരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിയുടെ പിടിയിലായിരുന്ന കൊലയാളികൾ മൃതദേഹം വികൃതമാക്കുകയും ചെയ്‌തിട്ടുണ്ട്. കണ്ണുകളിൽ സിഗരറ്റുകൾ കുത്തിവച്ച് വികൃതമാക്കി. ഇരുകൈയുടെയും ഞരമ്പുകളിൽ നിന്ന് രക്തം ചീറ്രിക്കാനായി പലവട്ടം മുറിവേല്പിച്ചു. ഭാരമുള്ള കല്ല്, കരിക്ക് തുടങ്ങിയ വസ്തുക്കൾ ഉപയോഗിച്ച് തലയിൽ ശക്തമായി അടിച്ചിട്ടുണ്ട്. മർദ്ദനത്തെ തുടർന്ന് ശരീരം മുഴുവൻ മുറിവുകളുണ്ട്. ഇപ്പോൾ കസ്റ്റഡിയിലുള്ള ചിലർ സംഭവവുമായി നേരിട്ട് ബന്ധമുള്ളവരാണെന്നും പൊലീസ് സംശയിക്കുന്നു. ഇന്ന് രാവിലെയോടെ ചോദ്യം ചെയ്യലിൽ നിന്ന് കാര്യങ്ങൾ വ്യക്തമാകും. അതേസമയം അനന്ദുവിനെ കാണാനില്ലെന്ന ബന്ധുവിന്റെ പരാതി അന്വേഷിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കമ്മിഷണർ സഞ്ജയ് കുമാർ ഗുരുദിൻ വ്യക്തമാക്കി. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് വിവരം കമ്മിഷണർ ഓഫീസിൽ അറിയുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പുലർച്ചെ രണ്ടുവരെ പരിശോധന നടത്തി. കുറ്റിക്കാട് ആയതിനാലാണ് രാത്രി മൃതദേഹം കണ്ടെത്തിയ ഭാഗത്തേക്ക് അന്വേഷണം നടക്കാതിരുന്നത്. രാവിലെയോടെ വാഹനം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.