ന്യൂഡൽഹി : ട്വന്റി- 20 യ്ക്ക് പിന്നാലെ ഏകദിനത്തിലും ഇന്ത്യൻ മണ്ണിൽ പരമ്പര വിജയത്തിന്റെ കൊടിപാറിച്ച് കംഗാരുകൂട്ടം.
ഇന്നലെ ഡൽഹി ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ഏകദിനത്തിൽ 35 റൺസിന് വിജയിച്ച ആസ്ട്രേലിയ 3-2നാണ് പരമ്പര സ്വന്തമാക്കുന്നത്. ആദ്യരണ്ട് ഏകദിനങ്ങളിലും ജയിച്ച ശേഷമാണ് വിരാട് കൊഹ്ലിയും കൂട്ടരും കിരീടം അടിയറവ് വച്ചത്. പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആസ്ട്രേലിയ ഇന്ത്യയിൽ ഏകദിന പരമ്പര വിജയം ആഘോഷിക്കുന്നത്. നേരത്തെ രണ്ട് ട്വന്റി 20 കളുടെ പരമ്പര ഒാസീസ് തൂത്തുവാരിയിരുന്നു.
ഫിറോസ് ഷാ കോട്ലയിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ 272/9 എന്ന സ്കോർ ഉയർത്തിയ ശേഷം ഇന്ത്യയെ 50 ഒാവറിൽ 237ന് ആൾ ഒൗട്ടാക്കുകയായിരുന്നു. 132/6 ൽ പതറിയ ഇന്ത്യയെ കേദാർ യാദവും (44) ഭുവനേശ്വർ കുമാറും (46) ചേർന്ന് വാലറ്റത്ത് നടത്തിയ പോരാട്ടമാണ് 237 ലെത്തിച്ചത്.
പരമ്പരയിലെ രണ്ടാം സെഞ്ച്വറി തികച്ച ഉസ്മാൻ ഖ്വാജയുടെയും (100) പീറ്റർ ഹാൻഡ്സ് കോംബിന്റെയും (52) മികച്ച ബാറ്റിംഗാണ് കംഗാരുക്കളെ പൊരുതി നിൽക്കാവുന്ന സ്കോറിലേക്ക് നയിച്ചത്. ഖ്വാജ , ഫിഞ്ച് (27), ഹാൻഡ്സ് കോംബ് എന്നിവരിലൂടെ ഒരുഘട്ടത്തിൽ 175/1 എന്ന നിലയിലായിരുന്നു ഒാസീസ്. എന്നാൽ തന്റെ രണ്ടാം സ്പെല്ലിൽ ഖ്വാജയെ പുറത്താക്കി ഭുവനേശ്വർ ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. തുടർന്ന് മാക്സ്വെൽ (1), ടർണർ (20), സ്റ്റോയ്നിസ് (20), കാരേയ് (3) എന്നിവരെ നിലയുറപ്പിക്കുന്നതിന് മുമ്പ് മടക്കിയത് ആസ്ട്രേലിയ 300 കടക്കുന്നതിൽനിന്ന് തടഞ്ഞു.
മഞ്ഞുപെയ്യുന്ന രാത്രിയിൽ ചേസ് ചെയ്യാൻ ഇൗസിയായ സ്കോർ എന്ന് കരുതിയിറങ്ങിയ ഇന്ത്യയ്ക്ക് പക്ഷേ തുടക്കത്തിലേ തിരിച്ചടി കിട്ടി. അഞ്ചാം ഒാവറിൽ ശിഖർ ധവാനെ (12) കമ്മിൻസ് കൂടാരം കയറ്റിവിട്ടു. പിന്നാലെ കൊഹ്ലി (20), ഋഷഭ് പന്ത് (20) എന്നിവരും മടങ്ങിയപ്പോൾ വലിയ അപകടം തോന്നിയില്ല. പക്ഷേ വിജയ് ശങ്കറെ (16) ഖ്വാജയുടെ കൈയിലേൽപ്പിച്ചുള്ള ഒാസീസ് സ്പിന്നർ അദം സാംപയുടെ വരവ് അപകടകരമായിരുന്നു. 29-ാം ഒാവറിൽ സംപയെ ഇറങ്ങിയടിക്കാനുള്ള രോഹിതിന്റെയും (56) ജഡേജയുടെയും (0) ശ്രമം സ്റ്റംപിംഗിൽ കലാശിച്ചതോടെ ഇന്ത്യ ശരിക്കും ബാക്ക് ഫുട്ടിലായി.പിന്നെ ഒൗദ്യോഗിക ബാറ്റ്സ്മാനായുള്ളത് കേദാർ യാദവ് മാത്രം. കേദാറും ഭുവനേശ്വറും ചേർന്ന് 132/6 ൽനിന്ന് പതിയെ പോരാട്ടം തുടങ്ങി. ഭുവി പ്രതീക്ഷയ്ക്കപ്പുറത്തേക്ക് ഉയർന്നപ്പോൾ 45 ഒാവറിൽ ഇന്ത്യ 216/6 ലെത്തി. 46-ാം ഒാവറിൽ ഭുവനേശ്വറിനെ പുറത്താക്കി കമ്മിൻസ് ഇന്ത്യയുടെ സാദ്ധ്യതകൾ ഇല്ലാതാക്കി.
47-ാം ഒാവറിൽ കേദാറിനെ റിച്ചാർഡ്സൺ പുറത്താക്കിയതോടെ കംഗാരു ബൗളർമാർക്ക് പിന്നീട് ചടങ്ങ് തീർക്കുന്ന ജോലിയേ ബാക്കിയുണ്ടായിരുന്നുള്ളു. 48-ം ഒാവറിൽ ഷമിയും (3), അവസാന പന്തിൽ കുൽദീപും (9) പുറത്തായി. മൂന്ന് വിക്കറ്റ് വീഴ്ത്തി സാംപയാണ് ഒാസീസ് ബൗളിംഗിൽ തിളങ്ങിയത്. കമ്മിൻസ്, റിച്ചാർഡ്സൺ, സ്റ്റോയ്നിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.
2009 നുശേഷം ആദ്യമായാണ് ആസ്ട്രേലിയ ഇന്ത്യയിൽ ഏകദിന പരമ്പര നേടുന്നത്.
2015 നുശേഷം ഇന്ത്യ തോൽക്കുന്ന ആദ്യ ഏകദിന പരമ്പര അന്ന് തോൽപ്പിച്ചത് ആസ്ട്രേലിയ.
അഞ്ച് മത്സര പരമ്പരയിൽ 2-0 ത്തിന് ലീഡ് നേടിയ ശേഷം ഇന്ത്യ തോൽക്കുന്നത് ഇതാദ്യം.