k-surendran

ചെങ്ങന്നൂർ: പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള ബി.ജെ.പി സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പിച്ചു. പാർട്ടി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഇവിടെ സ്ഥാനാർത്ഥിയാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ, നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന സൂചന പ്രകാരം ശ്രീധരൻ പിള്ള സ്ഥാനാർത്ഥിയാവുമെന്നാണ് ഏറ്റവുമൊടുവിലത്തെ വിവരം.

അതേസമയം, ശബരിമല ഉൾപ്പെടുന്ന മണ്ഡലത്തിൽ കെ.സുരേന്ദ്രനെ ഒഴിവാക്കാനുള്ള നീക്കം സംഘപരിവാറിനുള്ളിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. 16ന് സ്ഥാനാർത്ഥി പ്രഖ്യാപനം നടക്കുമ്പോൾ കേന്ദ്ര നേതൃത്വം ഇടപെട്ടില്ലെങ്കിൽ സുരേന്ദ്രന്റെ പേര് ഉണ്ടാകില്ല.

ശബരിമല വിഷയത്തിൽ ഏറ്റവും കൂടുതൽ ദിവസം ജയിൽവാസം അനുഭവിച്ച സുരേന്ദ്രനെ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് പാർട്ടി തന്ത്രപൂർവം തഴയുന്നത് മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിന്റെ പേരിലാണെന്നും സംസാരമുണ്ട്. എന്നാൽ ക്രിസ്ത്യൻ സമൂഹത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഹിന്ദു വോട്ടുകൊണ്ട് മാത്രം ജയിക്കാൻ കഴിയില്ലെന്ന വിലയിരുത്തലും സീറ്റ് വേണമെന്ന ശ്രീധരൻ പിള്ളയുടെ കടുംപിടുത്തവുമാണ് കെ.സുരേന്ദ്രൻ തഴയപ്പെടാൻ കാരണമത്രേ.

പാർട്ടി പത്തനംതിട്ട ജില്ലാ കമ്മിറ്റി നൽകിയ അന്തിമ പട്ടികയിൽ ശ്രീധരൻ പിള്ളയുടെയും സുരേന്ദ്രന്റെയും പേരുകൾ മാത്രമാണുള്ളത്. ചില ക്രിസ്ത്യൻ സാമുദായിക സംഘടനകളുമായി ശ്രീധരൻ പിള്ളയ്ക്കുള്ള അടുപ്പവും നായർ സമുദായത്തിന്റെ പിന്തുണയും ശബരിമല വിഷയവുമായി ബന്ധപ്പെട്ട നിഷ്പക്ഷ വോട്ടുകളും കിട്ടിയാൽ മണ്ഡലത്തിൽ ജയിച്ചുകയറാമെന്നാണ് പിള്ളയുടെ അടുപ്പക്കാർ പറയുന്നത്. എന്നാൽ എല്ലാ വിഭാഗങ്ങൾക്കും കെ.സുരേന്ദ്രൻ ഒരുപോലെ സ്വീകാര്യനാണെന്നാണ് മറുഭാഗത്തിന്റെ വാദം. പാർട്ടിക്ക് അതീതമായി ഹൈന്ദവ വോട്ടുകൾ സമാഹരിക്കാൻ സുരേന്ദ്രന് കഴിയുമെന്നും ഇവർ പറയുന്നു.