കോട്ടയം: കേരള കോൺഗ്രസ് -എമ്മിൽ സീറ്റിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ തത്കാലം വെടിനിറുത്താൻ കോൺഗ്രസ് നേതൃത്വം പി.ജെ.ജോസഫിനോട് അഭ്യർത്ഥിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ജോസഫിന്റെ പരാതിയിൽ തീരുമാനമുണ്ടാവും. തിരഞ്ഞെടുപ്പ് സമയത്ത് കെ.എം.മാണിയുടെ സ്ഥാനാർത്ഥി നിർണയത്തിലുണ്ടായ തർക്കത്തിൽ യു.ഡി.എഫ് നേതൃത്വം അതൃപ്തിയിലാണ്. എന്നാൽ, തിരഞ്ഞെടുപ്പിനെ ബാധിക്കുന്നതിനാൽ കാര്യമായി പ്രതികരിക്കാതിരിക്കുകയാണ് യു.ഡി.എഫ്. നേതൃത്വം.
അതേസമയം കോൺഗ്രസിന്റെ കടുത്ത സമ്മർദ്ദമുണ്ടായാലും പി.ജെ.ജോസഫിനോട് അനുരഞ്ജനമില്ലെന്ന നിലപാടിലാണ് കെ.എം.മാണി. ഇക്കാര്യം പാർട്ടി വൈസ് ചെയർമാൻ ജോസ് കെ.മാണി എം.പി വ്യക്തമാക്കിക്കഴിഞ്ഞു. യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്നാണ് ജോസ് കെ.മാണി പറയുന്നത്. മാണി ഗ്രൂപ്പുമായി ഒത്തുപോകാൻ കഴിയില്ലെന്ന് ജോസഫും വ്യക്തമാക്കി കഴിഞ്ഞു. മാണി ഗ്രൂപ്പ് വിട്ട് പ്രത്യേക വിഭാഗമായി യു.ഡി.എഫിൽ തുടരാനാണ് ജോസഫ് വിഭാഗത്തിന് ആഗ്രഹം. എന്നാൽ, തിരഞ്ഞെടുപ്പിൽ ഇത് തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയിൽ ഇലക്ഷൻ കഴിഞ്ഞ് തീരുമാനമെടുക്കാം എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്.
യു.ഡി.എഫിൽതന്നെ ഉറച്ചുനില്ക്കുമെന്ന് പറയുന്ന പി.ജെ ജോസഫ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായി എത്തുമെന്നാണ് അറിയുന്നത്. എന്നാൽ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥിക്കുവേണ്ടി കോട്ടയത്ത് പ്രചാരണത്തിന് എത്തുമോയെന്ന കാര്യത്തിൽ വ്യക്തത കൈവന്നിട്ടില്ല. പി.ജെയുടെ സഹായം അഭ്യർത്ഥിച്ച് സ്ഥാനാർത്ഥി തോമസ് ചാഴികാടൻഅടുത്തദിവസം തന്നെ തൊടുപുഴയിലെത്തും.
കേരള കോൺഗ്രസ്-എമ്മിൽ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ചില എം.എൽ.എമാർ വിയോജിപ്പ് പ്രകടിപ്പിച്ചതായാണ് അറിയുന്നത്. ആകെ ആറ് എം.എൽ.എ മാരാണ് കേരള കോൺഗ്രസിനുള്ളത്. ഇതിൽ നാലുപേരും മാണിയുമായി അടുപ്പത്തിലുള്ളവരാണ്. ഇതിൽ രണ്ട് എം.എൽ.എ മാർ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് മൗനത്തിലാണ്.