തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കിയ കരമനയിലെ യുവാവിന്റെ അരും കൊല ആസൂത്രണം ചെയ്തത് ഉത്സവ സ്ഥലത്ത് അനുജനെ അടിച്ചതിന്റെ പ്രതികാരമായാണെന്ന് പൊലീസ് കസ്റ്റഡിയിലായ ഗുണ്ടാത്തലവന്റെ വെളിപ്പെടുത്തൽ. നിറമൺകര ആർ.ടി.ടി.സി ബി.എസ്.എൻ.എൽ വളപ്പിൽ ചൊവ്വാഴ്ച സന്ധ്യയ്ക്ക് കൊലചെയ്യപ്പെട്ട കൊഞ്ചിറവിള ഒരു കമ്പിൽ വീട്ടിൽ ടി.സി 22/ 466ൽ അനന്തുഗിരീഷിനെ (21) കൊലപ്പെടുത്തിയ കേസിൽ പൊലീസ് പിടിയിലായ കരമന സ്വദേശി വിഷ്ണുവിനെ ചോദ്യം ചെയ്തപ്പോഴാണ് അരുംകൊലയുടെ ചുരുളഴിഞ്ഞത്.
വിഷ്ണുവിന്റെ സഹോദരൻ കുഞ്ഞുവാവയെന്ന് വിളിക്കുന്ന വിജയരാജിനെ കൊഞ്ചിറവിള ക്ഷേത്രത്തിലെ ഉത്സവ ദിവസം അനന്തു അടിച്ചു. ഇതേ തുടർന്ന് വിഷ്ണുവിന്റെ സംഘവും അനന്തുവിന്റെ സുഹൃത്തുക്കളും തമ്മിൽ അന്ന് അടിപിടിയുണ്ടായെങ്കിലും സംഭവത്തിൽ പൊലീസിൽ പരാതിപ്പെടാനോ കേസെടുക്കാനോ ഇരുകൂട്ടരും കൂട്ടാക്കിയിട്ടില്ല. അനുജനെ അടിച്ചതിന് പകപോക്കാൻ തക്കം പാർത്തുനടക്കുന്നതിനിടെയാണ് കൊലയാളി സംഘത്തിലെ ഒരാളുടെ ബർത്ത് ഡേ ആഘോഷ ദിവസമായിരുന്ന ചൊവ്വാഴ്ച പാർട്ടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ മുന്നിൽ അനന്തുപെട്ടത്. തളിയിൽ അരശിൻമൂടിന് സമീപത്ത് നിന്ന് അനന്തുവിനെ കരണത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്തശേഷം ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റിയ സംഘം ബർത്ത്ഡേ ആഘോഷം നടന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടിൽ അനന്തുവിനെ എത്തിച്ചു.
തുടർന്ന് സംഘത്തിലെ മറ്റംഗങ്ങളെ വിവരം അറിയിച്ചു. വിഷ്ണുവും വിജയരാജും സുഹൃത്തുക്കളായ എട്ടോളം പേരും സ്ഥലത്തെത്തി. ബർത്ത് ഡേ ആഘോഷപാർട്ടിയിൽ കഞ്ചാവും മദ്യവും ഉപയോഗിച്ച ലഹരിയിലായിരുന്ന സംഘം അനന്തുവിനെ രണ്ട് മണിക്കൂറോളം മാറിമാറി മർദ്ദിച്ചു. കാട് പിടിച്ചുകിടന്ന കോമ്പൗണ്ടിലെ തെങ്ങിൽ നിന്ന് വീണുകിടന്ന കരിക്കുപയോഗിച്ച് പുറത്തും നെഞ്ചിലും മുതുകത്തും ഇടിച്ച് ചതച്ചു. അവിടെയുണ്ടായിരുന്ന മരക്കമ്പുകൾ ഉപയോഗിച്ച് ശരീരമാസകലം അടിച്ചു. കൊലയാളി സംഘത്തിലൊരാളുടെ പക്കലുണ്ടായിരുന്ന ലൈൻ ബ്ളേഡ് (ഫ്ലക്സും മറ്റും മുറിക്കാനുപയോഗിക്കുന്ന ബ്ളേഡ്)ഉപയോഗിച്ച് ഇരുകൈത്തണ്ടകളിലെയും ഞരമ്പ് അറുത്തു. രക്തം ചീറ്റിയൊഴുകുമ്പോഴും അനന്തുവിന്റെ പ്രാണൻപിളരുന്ന വിളികളൊന്നും കൂസാതെ കൊലയാളി സംഘം അനന്തുവിന്റെ മേൽ ക്രൂര മർദ്ദനം തുടർന്നുകൊണ്ടേയിരുന്നു.
ശബ്ദം പുറത്ത് വരാത്തവിധം അവശനായ അനന്തു മരിച്ചെന്ന് ഉറപ്പാക്കിയശേഷമാണ് സംഘം സ്ഥലം വിട്ടത്. സംഭവത്തിനുശേഷം മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപ്പെട്ട സംഘത്തെ നഗരത്തിലും പുറത്തുമുള്ള ഒളിത്താവളങ്ങളിൽ നിന്നാണ് പൊലീസ് പിടികൂടിയത്. അരശുംമൂട് സ്വദേശി ബാലു, പൂജപ്പുര സ്വദേശി റോഷൻ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റ് പ്രതികളെ തിരിച്ചറിഞ്ഞത്. സംഘത്തലവനായ വിഷ്ണുവുൾപ്പെടെ പന്ത്രണ്ടോളം പ്രതികളാണ് സംഘത്തിലുള്ളതെന്നാണ് ഇപ്പോഴത്തെ നിഗമനം.ഇന്നലെ പിടിയിലായ മൂന്നുപേരുൾപ്പെടെ അഞ്ചോളം പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
ഇവരിൽ ചിലരുടെ മൊഴികളിൽ വൈരുദ്ധ്യമുള്ളതിനാൽ ഇവരെ കൂടുതൽ വിശദമായി ചോദ്യം ചെയ്യാനുളള ശ്രമത്തിലാണ് പൊലീസ്. നഗരത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി അടിപിടികേസുകളിലും കഞ്ചാവ് കേസുകളിലും പ്രതികളാണ് കൊലയാളി സംഘത്തിലുൾപ്പെട്ടവരെന്ന് പൊലീസ് പറഞ്ഞു, ഇതിൽ ബാലുവിന്റെയും റോഷന്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്നാണ് സൂചന. ഇവരെ തെളിവെടുപ്പിനും വൈദ്യപരിശോധനയ്ക്കും ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.
ആഘോഷത്തിന് പിന്നാലെ കൊല
അനന്തുവിനെ അരും കൊലയ്ക്ക് ഇരയാക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് പ്രതികളുടെ താവളമായ ആർ.ടി.ടി.സി യ്ക്കും ബി എസ്.എൻ.എല്ലിനും സമീപത്തെ ആളൊഴിഞ്ഞ കോമ്പൗണ്ടിൽ സംഘാംഗമായ ഒരാളുടെ ബർത്ത് ഡേ ആഘോഷിച്ചതിന്റെ വീഡിയോ ചാനലുകളിലും സോഷ്യൽ മീഡിയയിലും വൈറലായി. മദ്യത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിലായിരുന്ന പ്രതികൾ ബർത്ത് ഡേ ആഘോഷിക്കുന്നയാളുടെ തലയിൽ ഹാപ്പി ബർത്ത് ഡേ ആശംസിച്ചുകൊണ്ട് ചപ്പും ചവറും വാരിവിതറുന്നതും നഗ്നനായും അല്ലാതെയും പാട്ടും നൃത്തവും നടത്തുന്നതുമായ ദൃശ്യങ്ങളാണ് സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. അനന്തുവിന്റെ കൊലപാതകത്തോടെയാണ് ബർത്ത് ഡേ ആഘോഷം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായത്.