tea

ചില കച്ചവടങ്ങൾ ഇലക്‌ഷൻ കാലത്ത് പൊടിപൊടിക്കും. 90 കോടി വോട്ടർമാർ പങ്കെടുക്കുന്ന വോട്ട് മാമാങ്കത്തിന് ഇനി ഒന്നര മാസത്തോളം സമയം ബാക്കിയുണ്ട്. ഇതിനിടയിൽ പ്രചാരണത്തിന്റെ ഭാഗമായി മുക്കിന് മുക്കിന് യോഗങ്ങളും ഇടയ്ക്കിടെ മഹാറാലികളും നടക്കും. നല്ല ചൂട് സമയമാണ്.

ഇന്ത്യയൊട്ടാകെ ഏറ്റവും കൂടുതൽ ഇതിനിടെ വിറ്റുപോകുന്ന ചില സാധനങ്ങളുണ്ട്. പ്രധാനമായും ബിസ്‌ക്കറ്റുകൾ. നേതാവിനെ കാത്തുനിന്ന് മുഷിയുമ്പോൾ ബിസ്‌ക്കറ്റ് സമയം പോക്കാനും വിശപ്പ് മാറ്റാനും ഉപകരിക്കും. അതായത് ബിസ്‌ക്കറ്റ് കമ്പനിക്കാർ ഇപ്പോഴെ ഓവർടൈമിൽ ജോലി ചെയ്താലും സാധനം തികയാതെ വരും. അതുകഴിഞ്ഞാൽ ചെലവ് സമൂസ, പഴം പൊരി, വട, ചായ മുതലായവയ്ക്കാണ്. ചായയ്ക്ക് ഡിമാന്റ് വൈകിട്ടാണ്. പകൽ സമയം മുഴുവൻ ശീതളപാനീയങ്ങൾക്ക് കൊടും ഡിമാന്റായിരിക്കും.

ടെലികോം കമ്പനികളും കോടികൾ വാരും. മൊബൈൽ ഉപയോഗം സർവകാല റെക്കാഡ് സ്ഥാപിക്കും. പ്രചാരണത്തിന് ഇറങ്ങുന്നവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും തുരുതുരെ വിളിച്ചുകൊണ്ടാണ് ഇരിക്കുന്നത്.

ഏപ്രിൽ 11നും മേയ് 19നും ഇടയിൽ ഏഴ് ഘട്ടമായി നടക്കുന്ന ഇലക്‌ഷനിൽ 543 സീറ്റുകളിലേക്ക് മൊത്തം കുറഞ്ഞത് 8000 സ്ഥാനാർത്ഥികൾ മത്സരിക്കുന്നതിനാൽ മൊബൈൽ ഫോൺ വിൽപ്പനയും കൂടും.

മൊബൈൽ ഫോണിന്റെ വില്പനയിൽ 5 ശതമാനം വർദ്ധനവാണ് കമ്പനികൾ പ്രതീക്ഷിക്കുന്നത്.