ias

രണ്ടര മാസം ഭരണകാര്യങ്ങളും ഫയലുകളും ഇഴയു

തിരുവനന്തപുരം: ജില്ലാകളക്ടർമാരും ഉന്നതപദവികളിലുള്ളവരുമൊഴികെ മിക്ക ഐ.എ.എസ് ഉദ്യോഗസ്ഥരും ഇനിയുള്ള രണ്ടര മാസം കേരളത്തിലുണ്ടാവില്ല. ഉത്തരേന്ത്യൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ലോക്‌സഭാ, നിയമസഭ തിരഞ്ഞെടുപ്പുകളുടെ നടത്തിപ്പുകാരായും നിരീക്ഷകരായും കേരളത്തിലെ 30 ഐ.എ.എസുകാരെ നിയോഗിക്കുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡയറക്ടർ നിഖിൽകുമാറിന്റെ ആവശ്യപ്രകാരം ഇവരുടെ പട്ടിക ചീഫ്സെക്രട്ടറി ടോംജോസ് ഇന്നലെ ഡൽഹിക്കയച്ചു. 26നകം എല്ലാവരും ഡൽഹിയിൽ റിപ്പോർട്ട് ചെയ്യണം.

മാവോയിസ്റ്റ് മേഖലകളിലടക്കം തിരഞ്ഞെടുപ്പ് സുഗമമായി നടത്താനും സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാനും ഇവർക്ക് ചുമതലയുണ്ടാവും. പ്രചാരണം, ചെലവ് എന്നിവയെല്ലാം നിരീക്ഷിക്കണം. ആനന്ദ്സിംഗ്, രത്തൻ ഖേൽക്കർ, കേശവേന്ദ്രകുമാർ, എസ്. ഷാനവാസ്, അബ്ദുൾനാസർ, മുഹമ്മദ് ഹനീഷ്, അജിത് പാട്ടീൽ, എസ്. ഹരികിഷോർ, എ. ഷൈനാമോൾ, ടി. മിത്ര, ജാഫർമാലിക്, വീണാ മാധവൻ, എസ്. വെങ്കിടേസപതി, പി. ബാലകിരൺ, എ. ഷാജഹാൻ, പി. വേണുഗോപാൽ, കെ. ഗോപാലകൃഷ്‌ണഭട്ട്, കെ.എൻ. സതീശ്, അസ്ഗർ അലിപാഷ, അൽക്കേഷ് ശർമ്മ, എ. ജയതിലക്, രാജൻ ഖൊബ്രഗഡെ, റാണിജോർജ്, ടി.വി. സുഭാഷ്, എൻ. പ്രശാന്ത്, മനോജ്‌ ജോഷി, എ. കൗശിഗൻ, ഡോ.ബി. അശോക്, യു.വി. ജോസ്, എൻ. പദ്മകുമാർ എന്നിവരാണ് പോകുന്നത്.

വോട്ടെണ്ണലും നടപടിക്രമങ്ങളുമെല്ലാം പൂർത്തിയാക്കിയേ ഇവർക്ക് മടങ്ങാനാവൂ. അതുവരെ സംസ്ഥാനത്ത് ഭരണസ്‌തംഭനമുണ്ടാകാം. എന്നാൽ, പുതിയ തീരുമാനങ്ങളൊന്നും കൈക്കൊള്ളേണ്ട സാഹചര്യമില്ലാത്തതിനാൽ ഫയലുകൾ നീങ്ങാൻ കാര്യമായ തടസം വരേണ്ടതില്ല.

പരിശീലനത്തിലുള്ള എം.ജി. രാജമാണിക്യം, പ്രളയാനന്തര കേരള പുനർനിർമ്മാണത്തിന്റെ ചുമതലയുള്ള കെ. ബിജു, ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫീസർ വി. രതീശൻ, എക്സ്പെൻഡിച്ചർ സെക്രട്ടറി ഷർമിള മേരിജോസഫ്, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽഡ്യൂട്ടി എം. ശിവശങ്കർ, കേരള ഹൗസ് റസി‌ഡന്റ് കമ്മിഷണർ പുനീത്കുമാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.

നിരീക്ഷണം ചില്ലറക്കാര്യമല്ല

മണ്ഡലത്തിലുടനീളം സഞ്ചരിച്ച് ക്രമക്കേടുകളും നിയമലംഘനവും കണ്ടെത്തി നടപടിയെടുക്കണം

പെരുമാറ്റച്ചട്ടം കൃത്യമായി നടപ്പാക്കണം, ലംഘനമുണ്ടായാൽ എഫ്.ഐ.ആറിന് നടപടിയെടുക്കാം

മാവോയിസ്റ്റ്, തീവ്രവാദ ഭീഷണിയുള്ളിടത്ത് സുരക്ഷയൊരുക്കി ജനങ്ങളിൽ ആത്മവിശ്വാസമുണ്ടാക്കണം

വോട്ടിനായി പണമോ സമ്മാനങ്ങളോ നൽകുന്നതും കള്ളപ്പണം, സ്വർണം ഒഴുക്കുന്നതും കണ്ടെത്തണം
എല്ലാദിവസവും രണ്ടുമണിക്കൂർ ജനങ്ങളെ കാണണം. പ്രചാരണ ചെലവിന്റെ കണക്കെടുക്കണം.