എം.ജി സർവകലാശാലയുടെ ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ ആലുവയിൽ ദേശീയ പാതയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാർത്ത വന്നതിന് തൊട്ടുപിറ്റേന്ന് എസ്.എസ്.എൽ.സി പരീക്ഷാപേപ്പറിനും അതേ ഗതിതന്നെ ഉണ്ടായതിൽ അത്ഭുതം തോന്നേണ്ട കാര്യമില്ല. പരീക്ഷാ നടത്തിപ്പ് എത്രമാത്രം അശ്രദ്ധയോടും വക തിരിവില്ലാതെയുമാണ് കൈകാര്യം ചെയ്യുന്നതെന്നതിന്റെ ഉദാഹരണങ്ങളാണിത്. പരീക്ഷാ നടത്തിപ്പിനായി മാത്രം അനേകം ഉദ്യോഗസ്ഥന്മാരെയാണ് ഒാരോ വർഷവും നിയോഗിക്കുന്നത്. ഇങ്ങനെ നിയോഗിക്കപ്പെടുന്നവർക്ക് സാധാരണ ശമ്പളത്തിന് പുറമേ പ്രത്യേക അലവൻസും നൽകാറുണ്ട്. പല തട്ടുകളിൽ മേൽനോട്ടത്തിനും ആളുകളുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും ഉത്തരക്കടലാസുകൾ മാത്രമല്ല ചോദ്യപേപ്പറും ചോർന്ന് പരീക്ഷകൾ അലങ്കോലപ്പെടുന്നത് അപൂർവമല്ല. എതാനും വർഷം മുൻപ് എസ്.എസ്.എൽ.സി പരീക്ഷയുടെ ഒന്നിലധികം ചോദ്യക്കടലാസുകൾ ചോർന്നതും പരീക്ഷ വീണ്ടും നടത്തേണ്ടിവന്നതും വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ചോദ്യങ്ങൾ ചോർന്ന വിവരം അന്ന് ആദ്യമായി പുറത്തുകൊണ്ടുവന്നത് കേരളകൗമുദി ആയിരുന്നു. ഇൗ സംഭവത്തെത്തുടർന്ന് പരീക്ഷാനടത്തിപ്പ് കുറ്റമറ്റതാക്കാൻ ഒട്ടേറെ നടപടികൾ സർക്കാർ സ്വീകരിച്ചിരുന്നു. എന്നാൽ ഉത്തരവാദിത്വബോധമില്ലാത്തവരും പരീക്ഷാജോലികളിൽ കടന്നുകൂടുന്നതിനാൽ ഇപ്പോഴുണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങൾ കൂടക്കൂടെ ഉണ്ടാകാറുണ്ട്
നാലുലക്ഷത്തിലധികം കുട്ടികൾ എഴുതുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ കാലം ശ്വാസമടക്കിക്കൊണ്ടാണ് ഒാരോ കുടുംബവും കഴിഞ്ഞുപോകുന്നത്. കുഴപ്പങ്ങൾ കൂടാതെ പരീക്ഷ സമാപിച്ചുകാണാൻ പ്രാർത്ഥനയോടെയാകും അവർ ദിവസങ്ങൾ തള്ളിനീക്കുന്നത്.
പരീക്ഷാനടത്തിപ്പിലെ മറ്റുപാളിച്ചകൾ ഏറിയും കുറഞ്ഞും ഇപ്പോഴും മുഴച്ചുതന്നെ കാണാം. കോഴിക്കോട് ജില്ലയിൽ പേരമ്പ്രയിലെ കായണ്ണ ഗവൺമെന്റ് സ്കൂളിൽ കഴിഞ്ഞദിവസം നടന്ന ഭാഷാ വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ റോഡിൽ അനാഥമായി കിടന്നത് നാട്ടുകാരുടെ കൈയിൽപ്പെടുകയായിരുന്നു. മലയാളം, സംസ്കൃതം, അറബിക് വിഷയങ്ങളുടെ ഉത്തരക്കടലാസുകളായിരുന്നു അവ. പ്രത്യേകം പ്രത്യേകം കെട്ടുകളാക്കി ബൈക്കിൽ പോസ്റ്റ് ഒാഫീസിലേക്ക് കൊണ്ടുപോകവെ ഉൗർന്നുതാഴെപോയതാണത്രെ. അങ്ങേയറ്റം ഉത്തരവാദിത്വത്തോടെ ചെയ്യേണ്ട ഒരു പ്രവൃത്തി എത്രമാത്രം അശ്രദ്ധയോടെയാണ് ഇതിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ചെയ്തതെന്ന് ഇതിൽനിന്നറിയാം. അൻപത്തഞ്ചു വിദ്യാർത്ഥികളുടെ ഉത്തരക്കടലാസ് ഇത്തരത്തിൽ റോഡിൽ വീണുപോയത് അതുകൊണ്ടുപോയ ആൾ അറിഞ്ഞതേയില്ല. നാട്ടുകാർ തക്ക സമയത്ത് പേപ്പർ കെട്ടുകൾ കണ്ട് വിവരം സ്കൂളിൽ അറിയിച്ചതുകാരണം അവ നഷ്ടമായില്ലെന്നു സമാധാനിക്കാം. വല്ല സാമൂഹ്യവിരുദ്ധരുടെ കൈയിൽ പെട്ടിരുന്നെങ്കിൽ ആര് സമാധാനം പറയുമായിരുന്നു എന്ന് ചിന്തിക്കാവുന്നതാണ്. വിവരം കാട്ടുതീപോലെ പടർന്നതോടെ വിദ്യാഭ്യാസ വകുപ്പിലെ മേലാളന്മാരൊക്കെ എത്തി പരിശോധന നടത്തുകയും വീണ്ടെടുത്ത ഉത്തരക്കടലാസുകൾ തിരുവനന്തപുരത്തേക്ക് അയയ്ക്കാൻ വേണ്ട നടപടിയെടുക്കുകയും ചെയ്തു. എന്നാൽ ഉത്തരക്കടലാസുകൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ വേണ്ടവിധം പാലിക്കപ്പെടാതെ പോയതെന്തുകൊണ്ട് എന്നന്വേഷിച്ച് ശിക്ഷാ നടപടി സ്വീകരിക്കുമ്പോഴേ ഇൗ അദ്ധ്യായത്തിന് അർത്ഥപൂർണമായ പരിസമാപ്തിയാകുന്നുള്ളൂ എന്നോർക്കണം.
പരീക്ഷകളും പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട ജോലികളും വളരെ ലാഘവത്തോടെ കാണുന്നതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത്. എം.ജി. സർവകലാശാലയുടെ ബി.എ പരീക്ഷയുടെ ഉത്തരക്കടലാസുകൾ മൂല്യനിർണയച്ചുമതലയുള്ള അദ്ധ്യാപികയുടെ കൈയിൽനിന്നാണ് റോഡിൽ വീണുപോയത്. വീട്ടിൽവച്ച് മൂല്യനിർണയം ചെയ്തു കോളേജിൽ മടക്കിക്കൊടുക്കാൻ പോയ വേളയിലാണത്രെ കുറെ എണ്ണം വഴിയിൽ നഷ്ടമായത്. ഒാട്ടോറിക്ഷക്കാരാണ് അവ പെറുക്കിയെടുത്ത് അധികൃതരെ ഏല്പിച്ചത്. ബന്ധപ്പെട്ട അദ്ധ്യാപികയെയും മറ്റു മേൽ ഉദ്യോഗസ്ഥരെയുമൊക്കെ സസ്പെൻഡ് ചെയ്ത് സർവകലാശാല തങ്ങളുടെ പാപക്കറ കളയാൻ ശ്രമിക്കാതിരുന്നില്ല.
എന്നാൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് ഇതുപോലുള്ള സംഭവങ്ങൾ തുടരെത്തുടരെ ഉണ്ടായിട്ടും അദ്ധ്യാപകരുടെ വീടുകളിൽ വച്ചുള്ള മൂല്യനിർണയ സമ്പ്രദായം നിറുത്തലാക്കാൻ സർവകലാശാലയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചെറിയ വീഴ്ചകൾ പോലും കുട്ടികളെയും രക്ഷിതാക്കളെയും ഏറെ ബാധിക്കും. വർഷംമുഴുവൻ നീണ്ട തയ്യാറെടുപ്പിനൊടുവിൽ എത്തുന്ന പരീക്ഷകളാണ് വിദ്യാർത്ഥികളുടെ ഭാവി ഭാഗധേയം നിർണയിക്കുന്നത്.
ചോദ്യങ്ങൾ തയ്യാറാക്കുന്നതുമുതൽ കുറ്റമറ്റ മൂല്യനിർണയംവരെ നീളുന്ന ഒാരോ ഘട്ടവും സൂക്ഷ്മമായാണ് നടക്കുന്നതെന്ന് ഉറപ്പാക്കേണ്ട ബാദ്ധ്യത വിദ്യാഭ്യാസ വകുപ്പിനുണ്ട്. പരീക്ഷകളുടെ ഏറ്റവും പ്രധാന ഘടകം വിശ്വാസ്യതയാണ്. ഉത്തരക്കടലാസുകൾ വഴിയിൽ നിന്നു ശേഖരിക്കേണ്ടിവരുന്ന അവസ്ഥ ഒരുതരത്തിലും ഭൂഷണമല്ല.
ഇത്തരം വീഴ്ചകൾക്ക് കാരണക്കാരായവർക്ക് കഠിനശിക്ഷ നൽകുന്നതിലൂടെയാണ് തെറ്റ് ആവർത്തിക്കാതിരിക്കാനുള്ള വഴി തെളിയുന്നത്. പരീക്ഷക്കാലമായിട്ട് കൂടി പൊതുവിദ്യാഭ്യാസ വകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണിപ്പോൾ. പരീക്ഷക്കടലാസുകൾ മാത്രമല്ല പരീക്ഷ തന്നെ ഒരുവഴിക്കായില്ലെങ്കിലേ അത്ഭുതമുള്ളൂ.