നെയ്യാറ്റിൻകര: താലൂക്കിലെ കൃഷിഭൂമിയിൽ നിന്നും ആഴത്തിൽ മണ്ണെടുക്കുന്നത് തരിശിടങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ഇത്തരത്തിൽ കൃഷിഭൂമി കുഴിച്ച് മണ്ണെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നെയ്യാറ്റിൻകര താലൂക്ക് ഓഫീസിൽ തന്നെ 2018-19 കാലയളവിൽ ലഭിച്ചത് 51 പരാതികളാണ്. ഇത്തരത്തിൽ കൃഷി ഭൂമി കുഴിച്ച് മണ്ണെടുക്കുന്നതിലൂടെ വ്യാപകമായ ജലക്ഷാമത്തിനും പാരിസ്ഥിതിക പ്രശ്നങ്ങൾക്കും കാരണമാകുന്നതായാണ് നാട്ടുകാർ പറയുന്നത്.
ഇത് കാരണം കൃഷിയിറക്കാൻ കഴിയുന്നില്ലെന്ന് മാത്രമല്ല, സമീപത്തെ വീടുകളുടെ നിലനില്പിനും ഭീഷണി ഉയർത്തുകയാണ്.അവണാകുഴി ആട്ടറമൂലക്കടുത്തുള്ള കുഞ്ചുക്കോണം വയലേലയിൽ നിന്നും മാരായമുട്ടം പ്രദേശത്തു നിന്നുമാണ് അധികവും മണ്ണെടുക്കുന്നത്. ആട്ടറമൂലക്കടുത്തുള്ള കൃഷി മുഴുവൻ നശിച്ചു. ചതുപ്പുകളും ഉറവകളുള്ളതുമായ ഭൂമി കുറഞ്ഞ വിലയ്ക്ക് വാങ്ങി മണ്ണിട്ട് നികത്തി വീട് വയക്കാൻ പാകത്തിന് വിൽക്കുന്ന സംഘം വർദ്ധിച്ചതോടെയാണ് മണ്ണ് വില്പനയും സജീവമായത്.
മണ്ണെടുപ്പ് കാരണം കൃഷിയിടങ്ങളുടെ അതിരുകളും ഇല്ലാതെയായി.
പലേടത്തും റീസർവേ കല്ലുകൾ കാണാനില്ലെന്നും പരാതിയുണ്ട്. ഈ പ്രദേശത്തെ അതിരുകൾ പുനഃക്രമീകരിക്കാൻ കർഷകർ ചേർന്ന് റീസർവേ അധികൃതർക്ക് പരാതി നൽകിയിരിക്കുകയാണ്.
പരിസ്ഥിതിക്ക് ഭീഷണി
കൃഷിഭൂമി കുഴിച്ച് മേൽമണ്ണെടുക്കുന്നതോടെ ഭൂമിയുടെ സ്വാഭാവിക ഗുണം നഷ്ടപ്പെടുകയും.മണ്ണിന്റെ ഫലഫൂയിഷ്ഠത കുറയുകയും കൃഷി സാദ്ധ്യമാകാതെ വരുകയും ചെയ്യും. സ്വാഭാവികമായും ഈ മേഖല മരുവത്കരണത്തിലേക്ക് നീങ്ങും. ഈ രീതി തുടർന്നാൽ വ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകും.
മണ്ണെടുപ്പ് ലൈസൻസില്ലാതെ
ഉപരിതല മണ്ണും ഭൂമി കുഴിച്ചുള്ള മണ്ണെടുപ്പും നടത്തണമെങ്കിൽ സംസ്ഥാന പരിസ്ഥിതി വകുപ്പിന്റേയും ജിയോളജി വകുപ്പിന്റേയും തദ്ദേശസ്ഥാപനത്തിന്റേയും അനുമതി വേണം. എന്നാൽ ഇതൊന്നും വാങ്ങാതെയാണ് താലൂക്കിൽ രാപകൽ ഭേദമില്ലാതെ മണ്ണെടുക്കുന്നത്. 800 രൂപ വിലയുണ്ടായിരുന്ന ഒരു ലോഡ് മണ്ണിന്റെ ഇപ്പോഴത്തെ വില 2000 ലധികമാണ്.