2019-election-percentage

തിരുവനന്തപുരം: ചോർന്ന വോട്ടുകൾ തിരിച്ചെത്തിക്കാനും കൈവന്നവ നിലനിറുത്താനുമൊക്കെയുള്ള രാഷ്ട്രീയ അടവു തന്ത്രങ്ങളിലാണ് മുന്നണികൾ. 2014 മുതൽ ഇങ്ങോട്ടുള്ള വിവിധ തിരഞ്ഞെടുപ്പുകളിൽ വോട്ടു ശതമാനത്തിലുണ്ടായ അമ്പരപ്പിക്കുന്ന വ്യതിയാനം മുന്നണികളിൽ സജീവ ചർച്ചാവിഷയമാണ്. ശതമാനം വച്ചു നോക്കുമ്പോൾ എൻ.ഡി.എ അതിന്റെ സ്വാധീനം ക്രമമായി ഉയർത്തുന്നതായി കാണാം. എന്നാൽ, ഇത് ആപേക്ഷികമാണെന്നും എൻ.ഡി.എയ്ക്ക് അങ്ങനെയൊരു സ്ഥിരം ശക്തി കേരളത്തിൽ സാദ്ധ്യമല്ലെന്നും യു.ഡി.എഫും എൽ.ഡി.എഫും വാദിക്കുന്നു. വോട്ടുകണക്കിലെ കളികൾ വച്ച് രണ്ടും രണ്ടും അഞ്ചാക്കി തനിക്കാക്കാനാണ് മൂന്നു മുന്നണികളുടെയും ശ്രമം. ശബരിമല തൊട്ടുള്ള വിഷയങ്ങളെല്ലാം അതിലെന്ത് സ്വാധീനമുളവാക്കുമെന്ന് കേരളവും ഉറ്റുനോക്കുന്നു.

2014- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 12ഉം എൽ.ഡി.എഫിന് എട്ടും സീറ്റുകളാണ് ലഭിച്ചതെങ്കിലും ഇരു മുന്നണികളും തമ്മിൽ വോട്ട് ശതമാനത്തിലുണ്ടായ വ്യതിയാനം വെറും 1.85 ശതമാനമാണ്. യു.ഡി.എഫിന് 42.08 ശതമാനം വോട്ട് കിട്ടിയപ്പോൾ ഇടതു മുന്നണിക്ക് കിട്ടിയത് 40.23 ശതമാനം. ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ പക്ഷേ ആ തിരഞ്ഞെടുപ്പിൽ 10.84 ശതമാനം വോട്ട് നേടിയെന്നതാണ് എടുത്തു പറയാവുന്ന മാറ്റം. 2009-ൽ 6.43ശതമാനം മാത്രം വോട്ടുണ്ടായിടത്താണ് എൻ.ഡി.എയുടെ വളർച്ച.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ 6.06 ശതമാനത്തിലേക്ക് വീണ്ടും താഴ്ന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് 16ഉം എൽ.ഡി.എഫ് നാലും സീറ്റുകൾ നേടിയപ്പോൾ വോട്ട് ശതമാനത്തിലും ആ വ്യതിയാനം ഏറക്കുറെ ദൃശ്യമായി. എൽ.ഡി.എഫിനേക്കാൾ 5.84ശതമാനം വോട്ട് യു.ഡി.എഫ് കൂടുതൽ നേടി. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പോരാട്ടം ഇഞ്ചോടിഞ്ചായപ്പോൾ എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വോട്ട് വ്യതിയാനം നേർത്തു. 2.2ശതമാനം മാത്രം യു.ഡി.എഫിന് കൂടുതൽ.യു.ഡി.എഫ് അന്ന് അധികാരമേറിയത് 72- 68 എന്ന കക്ഷിനിലയിൽ.

2014- ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് അന്ന് അലയടിച്ച യു.പി.എ വിരുദ്ധതരംഗവും മോദി ഇഫക്ടുമൊക്കെയായിരുന്നു. തൊട്ടു പിന്നാലെയെത്തിയ തദ്ദേശഭരണ തിരഞ്ഞെടുപ്പും നേമം ബി.ജെ.പി പിടിച്ചെടുത്ത 2016ലെ നിയമസഭാ തിരഞ്ഞെടുപ്പുമെല്ലാം ബി.ജെ.പി വളർച്ചയുടെ ലക്ഷണങ്ങളായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 10.84 ആയിരുന്ന വോട്ട് ശതമാനം 2016ൽ എൻ.ഡി.എ 14.65ശതമാനത്തിലേക്കുയർത്തി. സംസ്ഥാനത്ത് ഇടതുതരംഗം ദൃശമായ ആ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വോട്ട്ശതമാനം 43.42 ശതമാനമായപ്പോൾ യു.ഡി.എഫിന്റേത് 38.8 ശതമാനത്തിലേക്ക് താഴ്ന്നു. 2014ൽ നിന്ന് 2016 ലെത്തിയപ്പോൾ യു.ഡി.എഫിന് കുറഞ്ഞത് 3.28 ശതമാനമാണ്. തൊട്ടുപിന്നാലെയുണ്ടായ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും കണ്ടു അതിന്റെ അലയൊലി.

ലോക്‌സഭാ ഫലം നിയമസഭാഫലത്തെ സ്വാധീനിക്കാറില്ലെന്ന ആശ്വാസം അപ്പോഴും യു.ഡി.എഫിനെ നയിക്കുന്നു. 2014ലെ അനുകൂലതരംഗം ഇക്കുറി ബി.ജെ.പിക്കില്ലെന്നതും ശബരിമല വിഷയം ബി.ജെ.പിക്കകത്ത് തന്നെ സൃഷ്ടിച്ച വിവാദങ്ങളും അവർക്കുള്ളിലെ ചേരിപ്പോരുമെല്ലാം ഇത്തവണ സ്വാധീനഘടകമാകുമെന്ന് യു.ഡി.എഫ് കരുതുന്നു. ദേശീയതലത്തിലെ കോൺഗ്രസിന്റെ മൃദുഹിന്ദുത്വനിലപാടുകൾ, അടിക്കടിയുള്ള കോൺഗ്രസ് നേതാക്കളുടെ കാലുമാറ്റങ്ങൾ സൃഷ്ടിക്കുന്ന വിശ്വാസ്യതാനഷ്ടം, വിദഗ്ധമായ സാമൂഹ്യ എൻജിനിയറിംഗിലൂടെ സംസ്ഥാനത്ത് ഇടതുസർക്കാർ ഉണ്ടാക്കിയെടുത്ത സ്വാധീനം എന്നിവ അനുകൂലമാകുമെന്ന് എൽ.ഡി.എഫും വിശ്വസിക്കുന്നു. എൻ.ഡി.എ സ്വാധീനമുയർത്തിയത് ഇടത്,വലത് മുന്നണികളെ അസ്വസ്ഥമാക്കുന്നുണ്ടെന്നും ശബരിമലവിഷയമടക്കം ചർച്ചയാവുന്ന ഈ തിരഞ്ഞെടുപ്പിൽ അതിന്റെ ആക്കം കൂടുമെന്നും ബി.ജെ.പിനേതൃത്വവും കരുതുന്നു.

വോട്ട് ശതമാനം:

2009: യു.ഡി.എഫ്- 47.73

എൽ.ഡി.എഫ്- 41.89

എൻ.ഡി.എ- 6.43

2014:

യു.ഡി.എഫ്- 42.08

എൽ.ഡി.എഫ്- 40.23

എൻ.ഡി.എ- 10.84

(വര ജി.എസ്.രഞ്ജിത്ത്)