ഇന്ത്യൻ ക്രിമിനൽ നിയമക്രമത്തിന്റെ ആത്മാവ് എന്തെന്ന് ചോദിച്ചാൽ കിട്ടാവുന്ന ഉത്തരം നിയമാധിഷ്ഠിത നീതിയോട് അതിനുള്ള പ്രതിബദ്ധതയെന്നായിരിക്കും. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിയും ശിക്ഷിക്കപ്പെട്ടുകൂടാ എന്നത് നമ്മുടെ ക്രിമിനൽ നീതിയുടെ അടിസ്ഥാന പ്രമാണമാണ്. പക്ഷേ കോടതി മുറികളിൽ ന്യായാധിപൻ നിയമാധിഷ്ഠിത നീതിയിൽനിന്നും സൻമാർഗാധിഷ്ഠിത നീതിയിലേക്ക് വഴുതി മാറുമ്പോഴുണ്ടാകുന്ന ദുരന്തം വലുതാണ്. ഇത്തരമൊരു ദുരന്തചിത്രമാണ് സുപ്രിം കോടതിയിലെ മൂന്നംഗ ജഡ്ജിമാരുടെ 2019 മാർച്ച് 5 ലെ സുപ്രധാനമായ ഒരു വിധിന്യായം വിളിച്ചോതുന്നത്. ജഡ്ജി വ്യക്തിനിഷ്ടനീതിയും ജഡ്ജിയധിഷ്ഠിത നീതിയും അവലംബിച്ചുകൂട. നമ്മുടെ നീതിക്രമം ഒന്നടങ്കം ഉറപ്പിച്ചു നിർത്തിയിട്ടുള്ള അടിസ്ഥാന തത്വമാണിത്. എന്നാൽ സന്മാർഗത്തിന്റെ അളവുകോലിൽ കാര്യങ്ങളെ കാണുകയും നിയമാധിഷ്ഠിതനീതിയെ അവഗണിക്കുകയും ചെയ്യുന്നത് നീതിരംഗത്ത് വർദ്ധിച്ചുവരുന്നു. നിയമവും സന്മാർഗസങ്കല്പവും പരസ്പരപൂരകങ്ങളായി നിറുത്തുന്നതിനപ്പുറം പോകുന്നത് അപകടമാണ്. സന്മാർഗ്ഗ നീതിക്കുവേണ്ടിയുള്ള നെട്ടോട്ടത്തിൽ നീതിയുടെ പെൻഡുലം ചരിയുമ്പോൾ തകരുന്നത് മനുഷ്യജീവിതങ്ങളും മൗലികാവകാശങ്ങളുമാണെന്ന സത്യം ഇപ്പോഴത്തെ സുപ്രീം കോടതി വിധിന്യായം അടിവരയിട്ടു സൂചിപ്പിക്കുന്നു.
മഹാരാഷ്ട്രയിലെ നാടോടികളായ ആറ് പേരുടെ വധശിക്ഷയാണ് സുപ്രീം കോടതി ജഡ്ജിമാരായ ജ: എ.കെ.സിക്രി, ജ: എസ്.അബ്ദുൾ നസീർ, ജ: എം.ആർ.ഷാ എന്നവരടങ്ങുന്ന ബെഞ്ച് റദ്ദാക്കുകയും അവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയയ്ക്കുകയും ചെയ്തത്. അവരുടെ പേരിൽ കുറ്റങ്ങൾ തെളിയിക്കപ്പെട്ടുവെന്ന് നാസിക്കിലെ വിചാരണ കോടതിയും ഹൈക്കോർട്ടും സുപ്രീംകോടതിയും കണ്ടെത്തിയതാണ്. വധശിക്ഷ വിധിക്കാൻ ഹേതുവായ കുറ്റം ഒരു വീട്ടിൽ അതിക്രമിച്ച് കയറി അഞ്ച് പേരെ കൊല്ലുകയും കൊള്ള നടത്തുകയും ഒരു സ്ത്രീയെ കൂട്ടമാനഭംഗം ചെയ്തതുവെന്നുമായിരുന്നു. സെഷൻസ് കോടതി ആറ് പ്രതികൾക്കും വധശിക്ഷ വിധിച്ചിരുന്നെങ്കിലും ഹൈക്കോടതി വധശിക്ഷ മൂന്ന് പേർക്കാക്കി ചുരുക്കിയിരുന്നു. എന്നാൽ തുടർന്ന് സംസ്ഥാന സർക്കാർ ഫയലാക്കിയ അപ്പീലിനെ തുടർന്ന് സുപ്രീംകോടതി വിട്ടയയ്ക്കൽ കാര്യം റദ്ദ് ചെയ്ത് ആറ് പേർക്കും വധശിക്ഷ നൽകുകയാണുണ്ടായത്. 2009 മുതൽ സുപ്രീംകോടതി വിധിപ്രകാരം വധശിക്ഷാ തടവുകാരായി ഇവരെല്ലാം ഏകാംഗ സെല്ലുകളിൽ കഴിയുകയായിരുന്നു. മാതാപിതാക്കൾക്കല്ലാതെ മറ്റാർക്കും ഇവരെ സന്ദർശിക്കാൻ അനുമതിപോലും നൽകാതെ നീണ്ട 10 കൊല്ലം ഒറ്റയ്ക്ക് മരണം കാത്ത് സെല്ലിൽ കഴിയുന്ന ജീവിതമായിരുന്നു അവരുടേത്. ഇത്തരം ജീവിതം നിമിത്തം മാനസിക രോഗിയായി മാറി ചികിത്സയിൽ കഴിയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. കേസിലെ പ്രതികൾ കുറ്റം ചെയ്തവരായി കാണാൻ വേണ്ട അവശ്യം തെളിവുകൾപോലുമില്ലെന്ന് ഇപ്പോൾ സുപ്രീംകോടതി കണ്ടെത്തിയിരിക്കുന്നു. യഥാർത്ഥ പ്രതികളുടെ നിര ഈ നാടോടികൾക്കപ്പുറത്തേക്ക് നീങ്ങുന്നുവെന്നും കോടതി വിശ്വസിക്കുന്നു.
കേസിനാസ്പദമായ സംഭവം നടന്നത് നാസിക്കിലെ ഒരു വീട്ടിലായിരുന്നു. 2003 ൽ നടന്ന സംഭവത്തിൽ പ്രതികളായ ആറ് പേരും അന്ന് 25 വയസിനും 30 വയസ്സിനുമിടയിൽ പ്രായമുള്ള യുവാക്കളായിരുന്നു. സുപ്രീംകോടതി ഇവർ കുറ്റം ചെയ്തു എന്നതിന് തെളിവില്ല എന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ ഓരോ പ്രതിക്കും 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. കുറ്റത്തിലുൾപ്പെട്ട യഥാർത്ഥ പ്രതികളെ കണ്ടെത്താൻ നടപടികൾക്കും കുറ്റാന്വേഷകരുടെ പിഴവിനും വീഴ്ചയ്ക്കും ശിക്ഷാനടപടികളെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. കുറ്റാന്വേഷണ ഏജൻസിയുടെ വീഴ്ചയുടെ പേരിലുള്ള സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്കുള്ളതാണെന്നും കോടതി വിധിച്ചു.
2006 ജൂൺ 12 ന് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും നാസിക് സെഷൻസ് കോടതി വധശിക്ഷയാണ് വിധിച്ചത്. സുപ്രീം കോടതി പ്രസ്തുത ശിക്ഷ സ്ഥിരപ്പെടുത്തിയത് 2009 ലാണ്. പക്ഷേ വധശിക്ഷയിൽനിന്ന് മൂന്നുപേരെ ഒഴിവാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കിയിരുന്നു. തുടർന്ന് ഒരു വ്യാഴവട്ടക്കാലത്തിലധികം ഏകാന്ത സെല്ലുകളിൽ അടയ്ക്കപ്പെട്ട അവസ്ഥയിലാണ് 6 പേരുമുണ്ടായിരുന്നത്.
സുപ്രീം കോടതി വിധിക്കെതിരെ പിന്നീട് ഫയലാക്കപ്പെട്ട പ്രതികളുടെ റിവ്യൂ ഹർജിയിലെ വിധിപ്രകാരം അപ്പീലിൻമേൽ മൂന്നംഗ ബെഞ്ച് കേസിന്റെ പുനർവാദം കേൾക്കുകയും കുറ്റക്കാരല്ലെന്ന് കണ്ട് എല്ലാവരെയും കുറ്റവിമുക്തരാക്കുകയും ചെയ്തു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ മുൻപ് ഇത്തരമൊരു വിധിയുണ്ടായിട്ടില്ല. ഒരേപോലെ മൂന്ന് കോടതികൾ കണ്ടെത്തിയ ഒരു വസ്തുതയെ ശരിയല്ലെന്ന് കണ്ട് മറിച്ചൊരു വിധി റിവ്യു ഹർജിയെ തുടർന്നുണ്ടാവുന്നത് അത്യപൂർവമാണ്. കുറ്റകൃത്യത്തിൽ പൊലീസ് ലാഘവത്തോടെ ഇവരെ പ്രതികളാക്കി യഥാർത്ഥപ്രതികൾ രക്ഷപ്പെടാനിടയാക്കിയെന്ന നിഗമനത്തിലേക്കാണ് സുപ്രീംകോടതി ഇപ്പോഴെത്തിയിട്ടുള്ളത്. കേസ് മുൻപ് കൈകാര്യം ചെയ്ത സെഷൻസ് കോടതിക്കും 3 പേരുടെ വധശിക്ഷ സ്ഥിരപ്പെടുത്തിയ ഹൈക്കോടതിക്കും എല്ലാ പ്രതികൾക്കും വധശിക്ഷ ഏർപ്പെടുത്തിയ സുപ്രീം കോടതിക്കും തെളിവ് വിലയിരുത്തുന്നതിൽ അടിസ്ഥാനപരമായ പിഴവ് പറ്റിയെന്നാണ് ഇപ്പോഴത്തെ അന്തിമവിധി ചൂണ്ടികാട്ടിയിട്ടുള്ളത്. നിയമാധിഷ്ഠിത നീതിയുടെ ശവപ്പറമ്പായി നമ്മുടെ കോടതികൾ മാറിയാലുണ്ടാകുന്ന പ്രശ്നങ്ങൾ ഗൗരവപൂർവം ചിന്തിക്കേണ്ടതു തന്നെയാണ്. 2009 ൽ സുപ്രീം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരായി ഫയലാക്കിയ റിവ്യൂ ഹർജികൾ പരിഗണിക്കാൻ ഒരു ദശാബ്ദക്കാലം സുപ്രീംകോടതി എടുത്ത കാലതാമസത്തിന് എന്ത് ന്യായീകരണമാണുള്ളത് എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല. വധശിക്ഷ കാത്ത് ഏകാന്ത സെല്ലിൽ മതിയായ മനുഷ്യ സമ്പർക്കമില്ലാതെ കഴിഞ്ഞ നിരപരാധികളെ സംബന്ധിച്ചിടത്തോളം വൈകികിട്ടുന്ന നീതി നിഷേധിക്കപ്പെട്ട നീതിതന്നെയാണ്.
വധശിക്ഷ നടപ്പാക്കി കഴിഞ്ഞശേഷം വിധിച്ച നീതിപീഠത്തിന് തെറ്റുപറ്റിയെന്ന് ബോദ്ധ്യപ്പെട്ടാൽ നീതിക്രമത്തിൽ എന്ത് പരിഹാരമാർഗം എന്ന ചോദ്യത്തിന് ആർക്കും ഉത്തരമില്ല എന്നതാണ് സത്യം. സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും മികച്ച ന്യായാധിപൻമാരായി പ്രവർത്തിച്ച 14 പേർ 2012 ൽ രാഷ്ട്രപതിക്ക് നൽകിയ കത്തിലെ ഉള്ളടക്കം സകലരെയും ഞെട്ടിപ്പിക്കുന്നതായിരുന്നു. 1996 നു ശേഷം വധശിക്ഷ വിധിക്കുകയോ ശരിവയ്ക്കുകയോ ചെയ്ത 13 പേരുടെ കാര്യത്തിൽ ഈ വിധി പ്രസ്താവനകൾ തെറ്റായിരുന്നുവെന്നാണ് ഈ ന്യായാധിപന്മാർ ചൂണ്ടിക്കാട്ടിയത്. 'പെർഇൻക്യൂറിയം" വിധികളാണ് ഇവരുടെ കാര്യത്തിലുണ്ടായതെന്ന് സുപ്രീം കോടതി തന്നെ സമ്മതിച്ച സാഹചര്യത്തിലാണ് കത്തുകളയക്കപ്പെട്ടത്. നിയമം തെറ്റിയോ മനസ്സിലാക്കാതെയോ ന്യായാധിപൻ വിധി കൽപ്പിച്ച ജഡ്ജുമെന്റുകളേയാണ് പെർ ഇൻക്യൂറിയം വിധികളെന്ന് നിയമം വിവക്ഷിക്കുന്നത്. വധശിക്ഷ വിധിക്കുന്ന കേസുകളിൽ ഇത്തരമൊരു വീഴ്ച ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു.
കുറ്റാന്വേഷണം ഒരു കലയാണ്. ശാസ്ത്രീയമായ അന്വേഷണ രീതിയാണ് ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ സ്വീകരിക്കേണ്ടത്. ഭരണഘടനാ വ്യവസ്ഥകൾ പഴുതുകളില്ലാതെ ഉറപ്പുവരുത്തിയശേഷം ആവശ്യമെങ്കിൽ മാത്രമേ ഒരാളെ പ്രതിയാക്കി അറസ്റ്റുചെയ്യാൻ പാടുള്ളൂ. ഇന്ത്യയിൽ നടക്കുന്ന 60 ശതമാനം അറസ്റ്റുകൾ നിയമവിരുദ്ധമോ അനാവശ്യമോ ആണെന്നും ഇത് പൊലീസിന് അഴിമതിക്കായുള്ള സ്രോതസ്സാണെന്നും ദേശീയ പൊലീസ് കമ്മിഷൻ റിപ്പേർട്ടിൽ പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയും 1994 ൽ ഈ റിപ്പോർട്ടിലെ വസ്തുതകൾ അംഗീകരിച്ചിട്ടുണ്ട്.
വധശിക്ഷ നൽകുന്ന കേസുകളിൽ കോടതിക്ക് ഒരിക്കലും തെറ്റുപറ്റിക്കൂടാ.
കുറ്റകൃത്യങ്ങളെ ഒരു രോഗത്തേപോലെയാണ് സമീപിക്കേണ്ടത്. തിൻമയെ നൻമകൊണ്ടാണ് ചികിത്സിക്കേണ്ടത് മറിച്ച് ക്ഷോഭമുണ്ടാക്കരുത് എന്ന് പറഞ്ഞ വിക്ടർ ഹ്യൂഗോവിന്റെ വാക്കുകൾ നാസിക് കോടതി മുതൽ സുപ്രീം കോടതി വരെ ഈ കേസിൽ ബാധകമാണ്. വധശിക്ഷയെ സ്റ്റേറ്റ് സ്പോൺസേർഡ് മർഡർ എന്ന് വിശേഷിപ്പിച്ചത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിയമം എല്ലാവരെയും നോക്കി കുരയ്ക്കും പക്ഷേ കടിക്കുന്നത് പാവങ്ങളെയും അധികാരമില്ലാത്തവരെയും അക്ഷരാഭ്യാസമില്ലാത്തവരെയും അറിവില്ലാത്തവരെയും മാത്രം. സുപ്രീംകോടതിയുടെ ഇപ്പോഴത്തെ വിധി അധികാരസ്ഥാനങ്ങളുടെയും നീതിപീഠങ്ങളുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമാകട്ടെ എന്നാഗ്രഹിക്കാം.