കഷ്ടകാലം വന്നാൽ മാനം മറന്നും പണിയെടുക്കണം. എന്തും ചെയ്യേണ്ടിവരും. എന്തും സഹിക്കണം എന്നെല്ലാമാണ് പഴമൊഴി. കോൺഗ്രസിനെ സംബന്ധിച്ച ഇതെല്ലാം അക്ഷരാർത്ഥത്തിൽ ശരിയായി തീരുകയാണ് കർണാടകത്തിൽ. ബി.ജെ.പി.യെ അധികാരത്തിൽ നിന്ന് മാറ്റിനിറുത്താൻ കർണാടകത്തിൽ കോൺഗ്രസ് എല്ലാ നഷ്ടവും സഹിക്കുകയാണ്. അഞ്ച് വർഷം ഭരിച്ചെങ്കിലും കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർ ഭരണത്തിന് മതിയായ സീറ്റ് കിട്ടിയില്ല. ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയായി. അവരെ മാറ്റിനിറുത്താൻ 224 അംഗ സഭയിൽ വെറും 37 സീറ്റുള്ള ജനതാദളിന് മുഖ്യമന്ത്രി സ്ഥാനവും കൂടുതൽ മന്ത്രിപദവികളും നൽകി. കോൺഗ്രസിന് 78 സീറ്റുകൾ കിട്ടിയിരുന്നു. എന്നിട്ടും മനസറിഞ്ഞ് ഭരിക്കാനോ,നല്ല വകുപ്പുകളെടുക്കാനോ കഴിഞ്ഞില്ല. സംസ്ഥാനം മുഴുവൻ കോൺഗ്രസ് അമർഷമടക്കി നിൽക്കുകയാണ്. ഇതിനിടയിലാണ് ലോക്സഭാ തിരഞ്ഞെടുപ്പ്. ഏപ്രിൽ 18,23 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് ഏറ്റവും വേരോട്ടമുള്ള സംസ്ഥാനമാണ് കർണാടകം. 1999 മുതൽ അവർ പകുതിയിലേറെ സീറ്റുകളിലും ജയിച്ചുവരികയാണ്. കോൺഗ്രസും ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന തെക്കൻ സംസ്ഥാനവും കർണാടകമാണ്. എന്ത് വിലകൊടുത്തും ബി.ജെ.പിയെ പ്രതിരോധിക്കുകയാണ് കോൺഗ്രസ് തന്ത്രം. ഇതിന് കോൺഗ്രസും പ്രവർത്തകരും ചില്ലറ ത്യാഗമൊന്നുമല്ല ചെയ്യുന്നത്. സ്ഥാനങ്ങളും ഭരണവും എല്ലാം വേണ്ടെന്ന് വയ്ക്കേണ്ടിവന്നു. ആകെക്കിട്ടുന്ന നേട്ടം, വലിയ പാർട്ടിയായിട്ടും ബി.ജെ.പി യെ ഭരിക്കാൻ അനുവദിച്ചില്ല എന്നത് മാത്രമാണ്. നിലവിൽ 28 ലോക്സഭാ മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് 17, കോൺഗ്രസ് ഒൻപത്, ജനതാദൾ രണ്ട് എന്നതാണ് നില.
കർണാടകത്തിന്റെ തെക്കൻ മേഖലകളിൽ മാത്രമാണ് ജനതാദളിന്റെ ശക്തി. രണ്ടാമത്തെ പ്രബല സമുദായമായ വൊക്കലിംഗർ അവർക്കൊപ്പമാണ്. പഴയ മൈസൂർ രാജ്യത്തിലുൾപ്പെട്ട ഹാസൻ, മൈസൂർ, കുടക്, മണ്ഡ്യ, രാംനഗര തുടങ്ങിയ ജില്ലകളിൽ ശക്തിയായും മംഗലാപുരം, ഉഡുപ്പി, ഷിമോഗ, തുംകൂർ ജില്ലകളിൽ ചെറിയതോതിലും വൊക്കലിംഗരുണ്ട്. ഇൗ മണ്ഡലങ്ങളിൽ മാത്രമാണ് ജനതാദളിന് സാന്നിധ്യമുള്ളത്. വൊക്കലിംഗർക്ക് ഭൂരിപക്ഷമുള്ള ജില്ലകളിൽ ബി.ജെ.പി ദുർബലമാണ്. കാരണം ബി.ജെ.പി യുടെ ശക്തി മറ്റൊരു പ്രബല സമുദായമായ ലിംഗായത്താണ്. രണ്ട് സമുദായത്തിലും കാര്യമായ പിന്തുണ നേടാൻ കഴിയാതെ പോയതാണ് കോൺഗ്രസിനെ ക്ഷീണിപ്പിച്ചത്. മതന്യൂനപക്ഷങ്ങളും ദളിത് സമുദായങ്ങളും ചെറിയ തോതിൽ വൊക്കലിംഗരുമാണ് കോൺഗ്രസിന്റെ ശക്തിയെന്ന് പറയാം. ജനതാദൾ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസും ദളുമായി നേരിട്ട് മത്സരമായിരുന്നു നടന്നിരുന്നത്. ഇൗ രണ്ടുപാർട്ടികളും ഒരിക്കലും യോജിച്ചിട്ടുമില്ല. 2004 ൽ ധരംസിംഗ് മുഖ്യമന്ത്രിയായിരുന്നപ്പോൾ മാത്രമാണ് ദൾ കോൺഗ്രസുമായി കൈകോർത്തത്. അത് ഒന്നരവർഷം പോലും തികച്ചില്ല. ദളും കോൺഗ്രസുമായി ചേർന്ന് ഇതുവരെ തിരഞ്ഞെടുപ്പിനെ നേരിട്ട ചരിത്രവുമില്ല. കർണാടകത്തിൽ ഇതാദ്യമായാണ് ബി.ജെ.പി ക്കെതിരെ കോൺഗ്രസ് - ജനതാദൾ മുന്നണി മത്സരിക്കാനൊരുങ്ങുന്നത്. മുന്നണിയുടെ സീറ്റ് വിഭജനം ബുധനാഴ്ച പൂർത്തിയായി. 28 ൽ എട്ട് സീറ്റുകളാണ് ജനതാദളിന് കോൺഗ്രസ് വിട്ടുകൊടുത്തത്. ജനതാദൾ കഴിഞ്ഞ തവണ ജയിച്ച സീറ്റുകൾക്ക് പുറമെ കോൺഗ്രസിന്റെ ഒരു സിറ്റിംഗ് സീറ്റും ദളിന് വിട്ടുകൊടുത്തു. എങ്കിൽപ്പോലും ജനതാദൾ നേതാവ് എച്ച്.ഡി. ദേവഗൗഡ അസംതൃപ്തി പ്രകടിപ്പിച്ചു. ശക്തികേന്ദ്രമായ മൈസൂർ കോൺഗ്രസ് പിടിച്ചുവച്ചതാണ് അദ്ദേഹത്തിന് അതൃപ്തിയുണ്ടാക്കിയത്.
സിറ്റിംഗ് സീറ്റായ ദേവഗൗഡയുടെ ഹാസൻ, മണ്ഡ്യ,എന്നിവയ്ക്ക് പുറമെ കോൺഗ്രസിന്റെ തുംകൂരും ദളിന് വിട്ടുകൊടുത്തു. ബാംഗ്ളൂർ നോർത്ത്, ഷിമോഗ, ഉഡുപ്പി, വിജയപുര,ഉത്തര കന്നഡ മണ്ഡലങ്ങളാണ് ദളിന് നൽകിയത്. ദളിനോട് അമിതമായി വിട്ടുവീഴ്ച ചെയ്യുന്നകോൺഗ്രസ് നിലപാടിൽ സംസ്ഥാനത്ത് കടുത്ത അതൃപ്തിയാണ്. പല നേതാക്കളും ബി.ജെ.പിയിലേക്ക് പോകുന്നതിന് ഇത് കാരണമായി പറഞ്ഞു കഴിഞ്ഞു. കോൺഗ്രസിൽ നിന്ന് ഇതിനകം രണ്ട് എം. എൽ.എമാർ ബി.ജെ.പിയിലെത്തി. കൂടുതൽ പേർ പോകുമെന്ന് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ദളുമായുള്ള സീറ്റ് വിഭജനത്തിൽ കോൺഗ്രസിലെ നല്ലൊരുവിഭാഗം സംസ്ഥാന നേതാക്കളും അതൃപ്തരാണ്. സഖ്യത്തിലൂടെ കോൺഗ്രസിന് ആനുപാതിക നേട്ടമൊന്നുമില്ലെന്നും ജനതാദൾ കൂടുതൽ സീറ്റുകൾ ജയിക്കാൻ സാധ്യതയുണ്ടായെന്നുമാണ് അവരുടെ പരാതി. എന്നാൽ കൂടുതൽ തർക്കമുണ്ടായ മൈസൂർ, തുംകൂർ സീറ്റുകളിൽ കോൺഗ്രസിന് നഷ്ടമില്ലെന്നാണ് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറയുന്നത്. മൈസൂരിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജയിച്ചത് ബി.ജെ.പിയാണ്. ഇവിടെ എട്ട് നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ വർഷം തിരഞ്ഞെടുപ്പ് നടന്നപ്പോൾ നാലിടത്ത് ബി.ജെ.പിയും ഒരിടത്ത് കോൺഗ്രസും മൂന്നിടത്ത് ദളും ജയിച്ചു. ഇവിടെ ദളിന്റെ പിന്തുണയുണ്ടെങ്കിൽ കോൺഗ്രസിന് ജയിക്കാം. എന്നാൽ കോൺഗ്രസിന്റെ സിറ്റിംഗ് മണ്ഡലമായ തുംകൂരിൽ എട്ടിൽ നാല് നിയമസഭാ മണ്ഡലങ്ങളിലും ബി.ജെ.പി. ജയിച്ചു. മൂന്നിടത്ത് ദളും ഒരിടത്ത് കോൺഗ്രസും ജയിച്ചു. ഇവിടെ കോൺഗ്രസ് പിന്തുണച്ചാലും ദൾ ജയിക്കാൻ പ്രയാസമാണ്. കാരണം മണ്ഡലത്തിലെ ഭൂരിപക്ഷം വോട്ടർമാരും ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ളതാണ്. കഴിഞ്ഞ തവണ ചെറിയ ഭൂരിപക്ഷത്തിനാണിവിടെ ബി.ജെ.പി തോറ്റത്. മൈസൂർ ദളിന് വിട്ടുകൊടുക്കാതിരുന്നതിലൂടെ ദൾ അദ്ധ്യക്ഷൻ ദേവഗൗഡയ്ക്ക് മത്സരിക്കാൻ സുരക്ഷിത മണ്ഡലമില്ലാത്ത സ്ഥിതിയായെന്നും കോൺഗ്രസ് ആശ്വസിക്കുന്നു.ദേവഗൗഡ മൈസൂരിന് പകരം തുംകൂരിലോ, ബാംഗ്ളൂർ നോർത്തിലോ മത്സരിക്കട്ടെയെന്നാണ് കോൺഗ്രസ് നിലപാട്. ബാംഗ്ളൂർ നോർത്തിൽ കേന്ദ്രമന്ത്രി ഡി.വി. സദാനന്ദഗൗഡയാണ് സിറ്റിംഗ് എം.പി. അതേ സമയം ദളിലെ പ്രവർത്തകരിൽ കടുത്ത അമർഷമുണ്ട്. അത് കോൺഗ്രസിനെതിരല്ല, മറിച്ച് ദേവഗൗഡയ്ക്കും മുഖ്യമന്ത്രി എച്ച്. ഡി. കുമാരസ്വാമിക്കും എതിരെയാണ്. അതുകൊണ്ട് തന്നെ സഖ്യമുണ്ടായാലും അത് എത്രമാത്രം ഫലമുണ്ടാക്കുമെന്ന് കോൺഗ്രസിന് ആശങ്കയുണ്ട്.
ദളിലെ കുടുംബാധിപത്യമാണ് പ്രവർത്തകരെ അലോസരപ്പെടുത്തുന്നത്. ദേവഗൗഡ പാർട്ടി ദേശീയ അദ്ധ്യക്ഷൻ , അദ്ദേഹം ഹാസനിൽ നിന്നുള്ള എം.പി. ഹാസൻ സീറ്റ് ഇത്തവണ മൂത്തമകനും മന്ത്രിയുമായ എച്ച്. ഡി. രേവണ്ണയുടെ മകൻ പ്രജ്വലിനെ മത്സരിപ്പിക്കാനാണ് നീക്കം. ദേവഗൗഡ തുംകൂരിൽ മത്സരിക്കും. ദേവഗൗഡയുടെ രണ്ടാമത്തെ മകൻ എച്ച്. ഡി. കുമാരസ്വാമി സംസ്ഥാന മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ മകൻ നിഖിൽ കുമാരസ്വാമിയെ മണ്ഡ്യയിൽ നിന്ന് ലോക് സഭയിലേക്ക് മത്സരിപ്പിക്കും. കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമി എം. എൽ.എയാണ്. രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണ ഹാസൻ ജില്ലാപഞ്ചായത്ത് പ്രസിഡന്റാണ്. മക്കളും മരുമക്കളും പേരക്കിടാങ്ങളും മാത്രം മത്സരിച്ചാൽ മതിയെന്ന ദേവഗൗഡ കുടുംബത്തിന്റെ നിലപാടാണ് ദൾ പ്രവർത്തകരെ വിഷമിപ്പിക്കുന്നത്.
കുമാരസ്വാമിയുടെ മകനും ദേവഗൗഡയുടെ പേരക്കുട്ടിയുമായ നിഖിൽ മത്സരിക്കാനിരിക്കുന്ന മണ്ഡ്യയിൽ മുൻ കോൺഗ്രസ് നേതാവും കേന്ദ്രമന്ത്രിയും നടനുമായിരുന്ന , അന്തരിച്ച അംബരീഷിന്റെ പത്നിയും നടിയുമായ സുമലത മത്സരിക്കാൻ മുന്നോട്ട് വന്നത് കോൺഗ്രസിലും ദളിലും ഉള്ള അതൃപ്തരായ പ്രവർത്തകർക്ക് ആശ്വാസമായിട്ടുണ്ട്. കോൺഗ്രസ് - ദൾ സഖ്യധാരണയനുസരിച്ച് മണ്ഡ്യ ദളിന് വിട്ടുകൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സുമലത സ്വതന്ത്രയായി മത്സരിച്ചാൽ കോൺഗ്രസിന് പരസ്യപിന്തുണ നൽകാനാവില്ല. എന്നാൽ അവസരം മുതലമാക്കി ബി.ജെ.പി. സുമലതയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഫലത്തിൽ ദൾ - കോൺഗ്രസ് ബന്ധത്തിന് തിരിച്ചടിയാകും.
നിലവിലെ കക്ഷിനില
നിയമസഭയിൽ
ആകെ സീറ്റ് 224
ബി.ജെ.പി. 104
ജനതാദൾ 37
കോൺഗ്രസ് 78
സ്വതന്ത്രർ 5
ലോക്സഭയിൽ
ആകെ 28
ബി.ജെ.പി. 17
കോൺഗ്രസ് 9
ജനതാദൾ 2
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ്
ഏപ്രിൽ 18 ന് 14 മണ്ഡലങ്ങൾ
ഏപ്രിൽ 23 ന് 14 മണ്ഡലങ്ങൾ