trivandrum-airport

തിരുവനന്തപുരം:തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള നടപടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാവും വരെ കേന്ദ്രസർക്കാർ മരവിപ്പിച്ചേക്കും. തിരുവനന്തപുരത്തിനു പുറമെ, മംഗളുരു, ലക്‌നൗ, അഹമ്മദാബാദ്, ജയ്‌പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളാണ് സ്വകാര്യവത്കരിക്കുന്നത്. ആറിടത്തും കരാർ നേടിയത് ഗൗതം അദാനിയുടെ അദാനി എന്റർപ്രൈസസാണ്. ഫെബ്രുവരി 28ന് അദാനിയുമായി കരാറൊപ്പിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഗുവാഹത്തി വിമാനത്താവളം സ്വകാര്യവത്കരണം കേസായതിനാൽ നീണ്ടുപോവുകയായിരുന്നു. അദാനിയുമായി കരാറൊപ്പിടാൻ കേന്ദ്രമന്ത്രിസഭയുടെ അനുമതി വേണം. പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ നയപരമായ തീരുമാനം എടുക്കാനാവില്ലെന്നതും കരാറൊപ്പിടൽ വൈകിപ്പിച്ചു. ജൂലായ് വരെ ടെൻഡറിന് കാലാവധിയുണ്ട്.

അൻപത് വർഷത്തേക്ക് വിമാനത്താവളത്തിന്റെ പ്രവർത്തനം, വികസനം, നടത്തിപ്പ് എന്നിവ പാട്ടത്തിന് അദാനിക്ക് കൈമാറും. നഗരമദ്ധ്യത്തിലെ 628.70ഏക്കർ ഭൂമി അദാനിക്ക് കൈമാറുന്നതിനെ എതിർക്കുന്ന എൽ.ഡി. എഫ് സ്വകാര്യവത്കരണം പ്രചാരണ വിഷയമാക്കും.