തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഗോദയിലേക്ക് സോളാർ കേസ് വീണ്ടുമെത്തുന്നു. 2017 ഒക്ടോബർ 11ന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉമ്മൻചാണ്ടിയടക്കമുള്ളവർക്കെതിരേ അന്വേഷണം പ്രഖ്യാപിച്ചത്. സോളാർ നായികയെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴിയെടുത്ത്, ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനുമെതിരേ രണ്ട് എഫ്.ഐ.ആറുകൾ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത ശേഷം ഇപ്പോഴാണ് അടുത്ത നീക്കം.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ തങ്ങൾക്കെതിരായ കേസുകളുടെ വിവരങ്ങൾ മൂന്ന് തവണ വീതം പത്രങ്ങളിലും ചാനലുകളിലും സ്വന്തം ചെലവിൽ പരസ്യം നൽകണമെന്ന വ്യവസ്ഥ തിരഞ്ഞെടുപ്പ് കമ്മിഷൻ ഏർപ്പെടുത്തിയതാണ് മൂന്ന് എം.എൽ.എമാർക്കെതിരായ കേസിന്റെ ഇപ്പോഴത്തെ സാംഗത്യം. ഇവരിൽ രണ്ടുപേർ സ്ഥാനാർത്ഥികളാവുമെന്നുറപ്പായിരുന്നു. പീഡനക്കേസിൽ പ്രതികളാണെന്ന് സ്ഥാനാർത്ഥികൾ പരസ്യം ചെയ്യുന്നത് കേരളത്തിൽ അസാധാരണമായ തിരഞ്ഞെടുപ്പ് വിഷയമായി മാറിയേക്കാമെന്ന് മുൻകൂട്ടി കണ്ടാണ് ഇപ്പോഴത്തെ നീക്കങ്ങൾ.
ജോസ് കെ. മാണിക്കും അബ്ദുള്ളക്കുട്ടിക്കുമെതിരേ നേരത്തേ സോളാർ നായിക ഉന്നയിച്ച ലൈംഗിക ആരോപണങ്ങൾ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയിക്കാനായിരുന്നില്ല. നിർഭയ സംഭവത്തിനുശേഷം 2013 ഏപ്രിൽ 2നുണ്ടായ ക്രിമിനൽ നിയമ ഭേദഗതിയാണ് സർക്കാരിന്റെ തുറുപ്പുചീട്ട്. സ്ത്രീകൾക്ക് നേരെയുള്ള പുരുഷന്റെ നോട്ടം, വാക്ക്, ചേഷ്ട എന്നിവയെല്ലാം ലൈംഗികക്കുറ്റത്തിന്റെ പരിധിയിലാക്കി ശിക്ഷാർഹമാക്കി. നാല്പതോളം ലൈംഗിക ചേഷ്ടകൾ ബലാത്സംഗത്തിന്റെ പരിധിയിലാക്കി. ആനുകൂല്യം നൽകാമെന്ന് വാഗ്ദാനംചെയ്തടക്കം 14 ഉന്നത അധികാരസ്ഥാനങ്ങളിലുള്ളവർ നടത്തിയ പീഡനം ബലാത്സംഗമാക്കി. ഇരയുടെ മൊഴി സാഹചര്യ തെളിവുകളുടെ പിൻബലത്തോടെ, പ്രധാന തെളിവായി അംഗീകരിക്കപ്പെട്ടതോടെ വൈദ്യപരിശോധനാ റിപ്പോർട്ട് ബലാത്സംഗക്കേസുകളിൽ അനിവാര്യമല്ലാതായി മാറി. കുറ്റം തെളിയിക്കാനുള്ള ബാദ്ധ്യത വാദിക്കില്ല. ലൈംഗികാരോപണങ്ങളിൽ പ്രതിയാക്കപ്പെടുന്നവർ സ്വന്തംനിലയിൽ താൻ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട സ്ഥിതിയായി.
നേരത്തേ, സോളാർ പീഡനക്കേസ് അന്വേഷണത്തിൽ നിന്ന് അഡി. ഡി.ജി.പി അനിൽകാന്ത്, ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, ഐ.ജി ദിനേന്ദ്രകശ്യപ് എന്നിവർ പിന്മാറിയിരുന്നു. സോളാർ നായികയുടെ പരാതി വിശ്വാസയോഗ്യമല്ലെന്നായിരുന്നു ദിവാന്റെ നിലപാട്. സോളാർ നായികയുടെ കത്തിന്റെ അടിസ്ഥാനത്തിൽ കേസ് പറ്റില്ലെന്ന് നിയമോപദേശം ലഭിച്ചതിനെത്തുടർന്ന് അവരുടെ പരാതി എഴുതിവാങ്ങി ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരേ കേസെടുക്കുകയായിരുന്നു. അതേസമയം, കേസിനാസ്പദമായ ആരോപണങ്ങൾ 2013ന് മുൻപുള്ളതായതിനാൽ അക്കാലത്തെ നിയമമാണ് ബാധകമെന്നും മൊഴിയെടുത്തുമാത്രം എഫ്.ഐ.ആർ പറ്റില്ലെന്നുമാണ് നിയമവിദഗ്ദ്ധർ പറയുന്നത്. അതായത്, പുനരന്വേഷണത്തിൽ ശക്തമായ സാഹചര്യ, ശാസ്ത്രീയ തെളിവുകൾ കണ്ടെത്തിയാലേ കേസും അറസ്റ്റും സാദ്ധ്യമാവൂ.