വിതുര: തലസ്ഥാന നഗരവാസികൾക്ക് ദാഹം മാറ്റാനും വൈദ്യുതി ഉത്പാദിപ്പിക്കാനും കുടിയൊഴിപ്പിക്കപ്പെട്ട പേപ്പാറയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസികൾ ഇപ്പോൾ തൊണ്ടനനയ്ക്കാൻ പോലും ഒരു തുള്ളിവെള്ളമില്ലാതെ നട്ടംതിരിയുകയാണ്. വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിൽ പൊടിയക്കാലയിൽ അദിവസിക്കുന്ന അറുപതോളം കുടുംബങ്ങളാണ് കുടിനീരിനായി നെട്ടോട്ടമോടുന്നത്. പൊടിയക്കാലമേഖലയിലെ കിണറുകളും മറ്റ് ജലസ്ത്രാതസുകളും വറ്റിവരണ്ടിട്ട് ആഴ്ചകളേറയായി. ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അധികാരികൾക്ക് നിവേദനം നൽകിയെങ്കിലും ചെവിക്കാണ്ടില്ലെന്ന് ആദിവാസികൾ പറയുന്നു. പേപ്പാറയിൽ അല്ലലില്ലാതെ അദിവസിച്ചിരുന്ന ഇവരെ ഡാം നിർമ്മാണത്തിനായി മോഹന വാഗ്ദാനങ്ങൾ നൽകി പൊടിയക്കാലയിലേക്ക് മാറ്റിയിട്ട് 35 വർഷത്തോളമായി. എന്നാൽ വാഗ്ദാനങ്ങൾ നിറവേറ്റാതെ ആദിവാസികളുടെ ജീവിതം ദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു. വേനൽ മൂർച്ഛിച്ചതോടെ വനം മുഴുവൻ ഉണങ്ങികിടക്കുകയാണ്. വനവിഭങ്ങൾ മുഴുവൻ ഉണങ്ങിയതും, കൃഷികൾ ചൂടേറ്റ് നശിച്ചതും ആദിവാസികൾക്ക് തിരിച്ചടിയായി മാറി. പൊടിയക്കാലയിൽനിന്നും രണ്ട് കിലോമീറ്റർ ദൂരെയാണ് പേപ്പാറഡാം സ്ഥിതി ചെയ്യുന്നത്. ഡാമിലെ ജലം പൊടിയക്കാലയിൽ കൂടി എത്തിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികൾ നിവേദനം നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ഡാമിലെ ജലം തലസ്ഥാന നിവാസികൾ കുടിക്കുമ്പോൾ ഡാമിനായി കുടിയിറക്കപ്പെട്ടവരുടെ തൊണ്ട വരളുകയാണ്.
കുടിയൊഴിപ്പിച്ചിട്ട് 35 വർഷം
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്
വേനൽ മൂർച്ഛിച്ചതോടെ പൊടിയക്കാല മേഖലയിൽ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമായി. വനാന്തരങ്ങൾ മുഴുവൻ ഉണങ്ങിയതോടെ ഭക്ഷണവും വെള്ളവും കിട്ടാതെ കാട്ടാനയും, കാട്ടുപന്നിയും, കാട്ടുപോത്തും മറ്റ് മൃഗങ്ങളും കൂട്ടത്തോടെ ആദിവാസി മേഖലയിൽ ഇറങ്ങി നാശവും ഭീതിയും വിതക്കുകയാണ്. വർഷങ്ങളായി പകൽ സമയത്തുപോലും വന്യ മൃഗങ്ങളേ പേടിച്ചാണ് ഇവിടുത്തെ ആദിവാസികൾ കഴിയുന്നത്.
വാഗ്ദാനങ്ങൾ ജലരേഖയായി
അഞ്ചേക്കർ ഭൂമി, വാസയോഗ്യമായ വീട്, റോഡ്, ശുദ്ധജലം, ജോലി തുടങ്ങിയ ഒട്ടേറ വാഗ്ദാനങ്ങൾ നൽകിയാണ് പേപ്പാറയിൽ നിന്നും പൊടിയക്കാലയിലേക്ക് കുടിയിറക്കിയത്. ഇതിൽ ഭൂരിഭാഗവും കടലാസിലാണ്. ഒടുവിൽ വെള്ളം പോലും കിട്ടാത്ത സ്ഥിതിയായി. കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് അനവധി തവണ മന്ത്രിക്ക് പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ വർഷവും ഇൗ സമയം പൊടിയക്കാല മേഖലയിൽ കടുത്ത ജലക്ഷാമം അനുഭവപ്പെട്ടിരുന്നു.
ഭൂമി, വീട്, റോഡ്, ജലം, ജോലി തുടങ്ങി അദിവാസികൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ നിലവിലെ സ്ഥിതി
1. കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി കുടുംബങ്ങളിൽ വിരലിൽ എണ്ണാവുന്നവർക്കു മാത്രം വീട് കിട്ടി
2. അഞ്ചേക്കർ ഭൂമി എന്നത് ആർക്കും പൂർണമായി കിട്ടിയിട്ടില്ല.
3. ആകെയുള്ള ഒരു ബസ് മാത്രം പോകാനുള്ള റോഡ് നിർമ്മിച്ചെങ്കിലും ഇതുവരെ ടാർ ചെയ്തിട്ടില്ല.
4. ജോലി എന്ന വാഗ്ദാനം നടപ്പായിട്ടുപോലുമില്ല.
ആനക്കാട്ടിൽ ജീവൻ നഷ്ടപ്പെട്ടവർ അനവധി
പൊടിയക്കാല മേഖലയിൽ കാട്ടാനശല്യം രൂക്ഷമാണ്. ആനകളുടെ താണ്ഡവം മൂലം കൃഷി അന്യമായി കഴിഞ്ഞു. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ആനകൾ വിതച്ചത്. പഞ്ചായത്തിൽ ആനശല്യം രൂക്ഷമായി മേഖലകളിൽ ഒന്നാണ് പൊടിയക്കാല. കാൽ നൂറ്റാണ്ടിനിടയിൽ പേപ്പാറ പൊടിയക്കാല മേഖലയിൽ പത്തോളം പേർ ആനകളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. പൊടിയക്കാലയിൽ നിന്നും സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെയും കാട്ടാനകൾ ആക്രമിച്ചിട്ടുണ്ട്.
പേപ്പാറഡാമും വരളുന്നു
കടുത്ത വേനലിനെ തുടർന്ന് പേപ്പാറ ഡാമിലെ ജലനിരപ്പും കുറഞ്ഞുവരികയാണ്. ഡാമിലേക്ക് ഒഴുകിയെത്തിയിരുന്ന ചെറുനദികൾ ഇതിനകം വറ്റി. ഇൗ സ്ഥിതിവിശേഷം ഒരു മാസംകൂടി തുടർന്നാൽ തലസ്ഥാനത്തേക്കുള്ള കുടിവെള്ളവിതരണവും, വൈദ്യുതിഉത്പാദനവും നിലയ്ക്കുവാൻ സാദ്ധ്യതയുണ്ട്. എന്നാൽ പ്രതിസന്ധിയില്ലെന്നാണ് വാട്ടർ അതോറിട്ടി വ്യക്തമാക്കുന്നത്.